26 June Tuesday

അഭിഭാഷകന്റെ മരണം: ജേക്കബ് വടക്കഞ്ചേരിയും സ്ഥാപനവും നാലുലക്ഷം നഷ്‌ടപരിഹാരം നല്‍കാന്‍ വിധി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018

കോഴിക്കോട് > ചികിത്സക്കിടെ അഭിഭാഷകന്‍ മരിച്ച സംഭവത്തില്‍  നേച്ചര്‍ ലൈഫ് ഹോസ്പിറ്റലും ജേക്കബ് വടക്കഞ്ചേരിയും നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം വിധി. കോഴിക്കോട്ടെ അഭിഭാഷകനായിരുന്ന സി വിനയാനന്ദന്‍ എറണാകുളം ചമ്പക്കര നേച്ചര്‍ ലൈഫ് ഹോസ്പിറ്റലില്‍ 12 വര്‍ഷം മുമ്പ് മരിച്ച കേസിലാണ് വിധി. വിനയാനന്ദന്റെ കുടുംബാംഗങ്ങളാണ് ഫോറത്തെ സമീപിച്ചത്.
 
ഹൃദയസംബന്ധമായ അസുഖങ്ങള്‍ നേരിട്ട വിനയാനന്ദനെ ആശുപത്രിയുടെ താഴെ നിലയില്‍നിന്ന് സ്റ്റെപ്പുകള്‍ കയറി മുകളിലത്തെ നിലയിലേക്ക് യോഗാസനത്തിന് കൊണ്ടുപോയതും യോഗ ചെയ്യിച്ചതും രോഗിയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കുന്നതിലുള്ള കഴിവില്ലായ്മയാണെന്ന് ഫോറം വിലയിരുത്തി. ഹൃദ്രോഗത്തിനുള്ള പ്രഥമ ശുശ്രൂഷ പോലും നല്‍കിയില്ല എന്ന ഹര്‍ജിക്കാരുടെ വാദവും ഇത്തരം രോഗികള്‍ക്ക് സമ്പൂര്‍ണ വിശ്രമമാണ് വേണ്ടതെന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോ. വി കെ ഗിരീശന്റെ മൊഴിയും സ്വീകരിച്ചാണ് ഫോറം വിധി.
 
കേസ് ചെലവിലേക്ക് എതിര്‍കക്ഷികള്‍ 15,000 രൂപ നല്‍കണമെന്നും പ്രസിഡന്റ് റോസ് ജോസ്, അംഗങ്ങളായ ബീന ജോസഫ്, ജോസഫ് മാത്യു എന്നിവരടങ്ങിയ ഫോറം ഉത്തരവിട്ടു. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വക്കറ്റുമാരായ കെ പി ഗംഗാധരന്‍, ശ്രീകാന്ത് എസ് നായര്‍, രജീഷ് എന്നിവര്‍ ഹാജരായി.
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top