16 August Thursday

അണക്കെട്ട്‌ സുരക്ഷാ ബില്ലിന് അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018


ന്യൂഡൽഹി
രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള അണക്കെട്ട്‌ സുരക്ഷാ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ജൂലൈയിൽ ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. അണക്കെട്ടുകളുടെ സുരക്ഷിതപ്രവർത്തനം ഉറപ്പാക്കുന്നതിന് ശരിയായ നിരീക്ഷണം, പരിശോധന, നടത്തിപ്പ്, അറ്റകുറ്റപ്പണികൾ തുടങ്ങിയ കാര്യങ്ങൾ ബിൽ വ്യവസ്ഥ ചെയ്യുന്നു.

രാജ്യത്ത് അണക്കെട്ട് സുരക്ഷയുമായി ബന്ധപ്പെട്ട് നയങ്ങളും മാർഗനിർദേശങ്ങളും നിലവാര മാനദണ്ഡങ്ങളും നിർദേശിക്കുന്നതിനും നടപ്പാക്കുന്നതിനുമായി ദേശീയ അതോറിറ്റിക്ക് ബിൽ നിർദേശിക്കുന്നു. ഒരു സംസ്ഥാനത്തിന്റെ അണക്കെട്ട് മറ്റൊരു സംസ്ഥാനത്തിന്റെ ഭൂപരിധിയിലാണെങ്കിൽ തർക്കങ്ങൾ ഒഴിവാക്കാൻ ദേശീയ അതോറിറ്റിയാകും അണക്കെട്ടിന്റെ സുരക്ഷാസംഘടനയായി പ്രവർത്തിക്കുക. അതിനാൽ ബിൽ നിയമമായാൽ മുല്ലപ്പെരിയാർ അണക്കെട്ട് ദേശീയ അതോറിറ്റിക്ക് കീഴിലാകും.

അണക്കെട്ട് സുരക്ഷാനയങ്ങൾക്ക് രൂപംനൽകാൻ ദേശീയതലത്തിൽ അണക്കെട്ട്‌ സുരക്ഷാ സമിതിക്ക് രൂപംനൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ദേശീയ അണക്കെട്ട്‌ സുരക്ഷാ അതോറിറ്റിക്ക് സമാനമായി സംസ്ഥാനതലത്തിലും അണക്കെട്ട്‌ സുരക്ഷാ സമിതിയുണ്ടാകും. സംസ്ഥാനതലത്തിൽ 'അണക്കെട്ട് സുരക്ഷാ സംഘടനയ്ക്കും' രൂപംനൽകണം.

സംസ്ഥാനതലത്തിലെ അണക്കെട്ട് സുരക്ഷാ സംഘടനകളുമായും ഉടമകളുമായും ചേർന്ന‌് അണക്കെട്ട്‌ സുരക്ഷാഅതോറിറ്റി പ്രവർത്തിക്കണമെന്ന് ബിൽ നിഷ്കർഷിക്കുന്നു. സംസ്ഥാനങ്ങൾക്കും അണക്കെട്ട് സുരക്ഷാ സംഘടനകൾക്കും സാങ്കേതികവും മേൽനോട്ടപരവുമായ പിന്തുണ നൽകുക, എല്ലാ അണക്കെട്ടുകളുടെയും വിവരം ശേഖരിച്ച് ദേശീയതലത്തിൽ ക്രോഡീകരിച്ച് സൂക്ഷിക്കുക, അണക്കെട്ടുകൾക്ക് സംഭവിച്ചിട്ടുള്ള പ്രധാന പാളിച്ചകൾ രേഖപ്പെടുത്തി സൂക്ഷിക്കുക, ഏതെങ്കിലും അണക്കെട്ടിന് വലിയ പാളിച്ച സംഭവിച്ചാൽ പരിശോധിക്കുക തുടങ്ങിയവയാണ്‌ ദേശീയ അതോറിറ്റിയുടെ മറ്റ് ഉത്തരവാദിത്തങ്ങൾ .

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top