20 January Sunday

മഹാരാഷ്ട്രയില്‍ ദളിത് വേട്ട:പൊലീസ് അതിക്രമത്തില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

മഹാരാഷ്ട്രയിലെ ഔറംഗാബാദ് അംബേദ്കര്‍ കോളനിയില്‍നിന്നും ദളിത് പ്രവര്‍ത്തകനെ പൊലിസ് പിടിച്ചുകൊണ്ടുപോകുന്നു


മുംബൈ/ന്യൂഡല്‍ഹി > മഹാരാഷ്ട്രയില്‍ ദളിത് വേട്ടയില്‍ പ്രതിഷേധിച്ച് ദളിത്, ഇടതുപക്ഷ സംഘടനകള്‍ ആഹ്വാനംചെയ്ത ബന്ദിനെ നേരിടാന്‍ പൊലീസിന്റെ കിരാതവാഴ്ച. പ്രക്ഷോഭകര്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. പതിനാറുകാരനായ യോഗേഷ് പ്രഹ്ളാദ് ജാദവാണ് ലാത്തിച്ചാര്‍ജില്‍ ഗുരുതരപരിക്കേറ്റ് മരിച്ചത്. നന്ദേദ് ജില്ലയിലെ അഷ്ടി ഗ്രാമത്തില്‍ റോഡ് ഉപരോധിച്ച പ്രക്ഷോഭകര്‍ക്ക് നേരെയാണ് പൊലീസ് അതിക്രമമുണ്ടായത്. തലയ്ക്കടിയേറ്റ് വീണ യോഗേഷിനെ ഹഡ്ഗാവിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

ദളിത് വേട്ടക്കെതിരായ രോഷമുയര്‍ന്ന ബന്ദില്‍ മഹാരാഷ്ട്ര സ്തംഭിച്ചു. മുംബൈയിലും മറ്റ് നഗരങ്ങളിലും ട്രെയിന്‍-മെട്രോ-ബസ് ഗതാഗതം തടസ്സപ്പെട്ടു. മുംബൈയില്‍ ലോക്കല്‍ ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. സെന്‍ട്രല്‍ ഹാര്‍ബര്‍ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ആര്‍എസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന നാഗ്പുരിലും വന്‍ ദളിത് പ്രതിഷേധം ഉയര്‍ന്നു. സ്കൂളുകളും വ്യാപാരകേന്ദ്രങ്ങളും അടഞ്ഞുകിടന്നു. ഗതാഗതവും മുടങ്ങി. ഔറംഗാബാദിലും പൊലീസ് പ്രക്ഷോഭകരുമായി ഏറ്റുമുട്ടി. പ്രക്ഷോഭം പടരുന്നത് തടയാന്‍ ഇവിടെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. ബരാമതി, സാന്‍ഗ്ലി, മിറാജ് എന്നിവിടങ്ങളും പൂര്‍ണമായി സ്തംഭിച്ചു. താനെയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷം തുടരുകയാണ്. ബുധനാഴ്ച വൈകിട്ടോടെ ഭാരിപ ബഹുജന്‍ മഹാസംഘ് (ബിബിഎം) നേതാവ് പ്രകാശ് അംബേദ്കര്‍ ബന്ദ് പിന്‍വലിച്ചു.

അതിനിടെ, കഴിഞ്ഞദിവസം ദളിതര്‍ക്കുനേരെ നടന്ന അതിക്രമങ്ങളില്‍ രണ്ട് തീവ്രഹിന്ദുത്വ സംഘടനാ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു ഏക്താ അഖാഡി നേതാവ് മിലിന്ദ് എക്ബോത്തെ, ശിവ് പ്രതിഷ്ഠാന്‍ നേതാവ് സംഭാജി ഭീഡെ എന്നിവരാണ് അറസ്റ്റിലായത്.

ദളിതര്‍ക്കുനേരെ തീവ്രഹിന്ദുത്വ ശക്തികളുടെ പിന്തുണയോടെ നടന്ന കലാപത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് സ്തംഭിച്ചു. അടിയന്തരചര്‍ച്ച ആവശ്യപ്പെട്ട് സിപിഐ എമ്മും കോണ്‍ഗ്രസും മറ്റു ചില പ്രതിപക്ഷ പാര്‍ടികളും ലോക്സഭയില്‍ നോട്ടീസ് നല്‍കിയെങ്കിലും നിരാകരിച്ചു. ചോദ്യോത്തരവേള ആരംഭിച്ചയുടന്‍ പ്രതിപക്ഷം വിഷയം ഉന്നയിച്ചു. പ്രധാനമന്ത്രി സഭയിലെത്തി വിശദീകരണം നല്‍കണമെന്ന് സിപിഐഎം ലോക്സഭാ നേതാവ് പി കരുണാകരന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സഭാനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന ആവശ്യമുയര്‍ത്തി.

അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഒച്ചപ്പാടിനിടയിലും സ്പീക്കര്‍ സുമിത്ര മഹാജന്‍ ചോദ്യോത്തരവേളയുമായി മുന്നോട്ടുനീങ്ങി. ഇതില്‍ പ്രതിഷേധിച്ച് അംഗങ്ങള്‍ ഇറങ്ങിപ്പോയി. ശൂന്യവേളയിലും പ്രതിഷേധം തുടര്‍ന്നു. ഇതിനിടെ, ഒബിസി ഭേദഗതി ബില്ലില്‍ രാജ്യസഭ കൊണ്ടുവന്ന മാറ്റങ്ങള്‍ മറികടക്കാനുള്ള ബില്ലിന്മേല്‍ ചര്‍ച്ച ആരംഭിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മുന്നോട്ടുപോയില്ല. തുടര്‍ന്ന് വ്യാഴാഴ്ച ചേരാനായി സഭ പിരിഞ്ഞു.

രാജ്യസഭയില്‍ ശൂന്യവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം മഹാരാഷ്ട്ര വിഷയം ഉയര്‍ത്തി. പ്രതിരോധവുമായി ഭരണപക്ഷവും രംഗത്തുവന്നതോടെ അധ്യക്ഷന്‍ വെങ്കയ്യ നായിഡു 12 മണിവരെ സഭ നിര്‍ത്തി. ചോദ്യോത്തരവേളക്കായി ചേര്‍ന്നപ്പോഴും പ്രതിപക്ഷപ്രതിഷേധം തുടര്‍ന്നതോടെ രണ്ടു മണിവരെ നടപടികള്‍ നിര്‍ത്തി. പിന്നീട് മുത്തലാഖ് ബില്‍ പരിഗണനയ്ക്കെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും മഹാരാഷ്ട്ര വിഷയത്തിലുള്ള പ്രതിഷേധം തുടര്‍ന്നതിനാല്‍ സഭ നിര്‍ത്തി.

 

പ്രധാന വാർത്തകൾ
Top