16 November Friday

പ്രളയബാധിതര്‍ക്കായി കൂട്ടിവച്ച നാണയത്തുട്ടുകള്‍ നല്‍കി; ഇരട്ടകളുടെ മനുഷ്യസ്‌നേഹത്തിന് ലഭിച്ചത് പുത്തന്‍ സൈക്കിള്‍

സ്വന്തം ലേഖകന്‍Updated: Sunday Sep 2, 2018

ടാസ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ വാങ്ങി നല്‍കിയ സൈക്കിള്‍ ബി സത്യന്‍ എം എല്‍ എ കുട്ടികള്‍ക്ക് കൈമാറുന്നു

കിളിമാനൂര്‍ > സൈക്കിളിനായി നാണയ തുട്ടുകള്‍ കുടുക്കയില്‍ ശേഖരിച്ചത് നിറഞ്ഞ മനസോടെ സി പി ഐ എം ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയ ഇരട്ടകള്‍ക്ക് തങ്ങളുടെ സ്വപ്നമായിരുന്ന പുത്തന്‍ സൈക്കിള്‍ ലഭിച്ചു. ഇവരുടെ സഹായ വിവരം ദേശാഭിമാനി നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു.  വാര്‍ത്ത അറിഞ്ഞ് കരവാരം പഞ്ചായത്തിലെ ടാസ് ഫൗണ്ടേഷനാണ് ഇരുവര്‍ക്കും സൈക്കിള്‍ വാങ്ങി നല്‍കിയത്.

തോട്ടയ്ക്കാട് മാങ്കോട് വീട്ടില്‍ പ്രശാന്തന്‍ ,ശാലിനി ദമ്പതിമാരുടെ ഇരട്ടക്കുട്ടികളായ പ്രണവ് , പ്രജിന്‍ എന്നിവരാണ് സൈക്കിളിനായി സ്വരൂപിച്ച 1012 രൂപ സി പി ഐ എം ഹുണ്ടിക കളക്ഷനിലേക്ക് നല്‍കിയത്. ഇവരില്‍ ഒരാള്‍ക്ക് മാതാപിതാക്കള്‍ ഇക്കഴിഞ്ഞ മധ്യവേനലവധിക്ക് സൈക്കിള്‍ വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ മറ്റേയാള്‍ക്ക് കൂടി സൈക്കിള്‍ വാങ്ങി നല്‍കാന്‍ ഇവരുടെ മാതാപിതാക്കള്‍ക്ക് സാമ്പദ്യം അനുവദിക്കാത്തതിനെ തുടര്‍ന്നായിരുന്നു കുടുക്കയില്‍ ഇരട്ടകള്‍ നാണയങ്ങള്‍ സ്വരൂപിക്കാന്‍ തുടങ്ങിയത്. 

ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറാന്‍ തയാറായ കുട്ടികളുടെ വലിയ മനസ് മറ്റുള്ളവര്‍ പകര്‍ത്തേണ്ട മാതൃകയാണെന്നും , അതിനാല്‍ ഇവരെ അഭിനന്ദിച്ചാണ് സൈക്കിള്‍ വാങ്ങി നല്‍കിയതെന്നും ടാസ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പുതിയ സൈക്കിള്‍ ടാസ് പ്രവര്‍ത്തകര്‍, സി പി ഐ എം പ്രവര്‍ത്തകര്‍ എന്നിവരുടെ സാമീപ്യത്തില്‍ ബി സത്യന്‍ എം എല്‍ എ കുട്ടികള്‍ക്ക് കൈമാറി.

 


പ്രധാന വാർത്തകൾ
Top