22 November Thursday

വർഗീയ നീക്കങ്ങളിൽ പ്രതിഷേധം : ആർഎസ‌്എസ‌്– ബിജെപി പ്രവർത്തകർ സിപിഐ എമ്മിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday Oct 18, 2018

കോഴിക്കോട‌് > ആർഎസ‌്എസ‌്– ബിജെപി നേതൃത്വത്തിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച‌് നിരവധി പ്രവർത്തകർ രാജിവച്ച‌് സിപിഐ എമ്മിലേക്ക‌്. കോഴിക്കോട‌് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ  സിപിഐ എം സംഘടിപ്പിച്ച പൊതുയോഗങ്ങളിൽ ഇവർക്ക‌് സ്വീകരണം നൽകി.

വിശ്വാസത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കുന്ന സംഘപരിവാർ നയങ്ങൾക്കെതിരെ വൻ പ്രതിഷേധമാണ‌് ഉയരുന്നത‌്. ക്ഷേത്ര ദർശനത്തിൽ തുല്യത വേണമെന്ന സുപ്രീംകോടതി വിധിയിൽ ഇരട്ടത്താപ്പാണ‌് ആർഎസ‌്എസ‌്– ബിജെപി നേതൃത്വം സ്വീകരിച്ചത‌്. വിധി വന്നയുടൻ സ്വാഗതം ചെയ‌്ത നേതൃത്വം കേരളത്തിൽ തരംതാണ വർഗീയ രാഷ്ട്രീയം കളിക്കുകയാണ‌്. 10നും 50നും ഇടയിൽ പ്രായമുള്ള സ‌്ത്രീകൾക്ക‌് ശബരിമലയിൽ പ്രവേശനം വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത‌് സംഘപരിവാർ പ്രവർത്തകരാണ‌്. 12 വർഷത്തെ നിയമ പോരാട്ടത്തിനുശേഷം പരമോന്നത കോടതിയുടെ വിധി വന്നപ്പോൾ കുറ്റം ഇടതുപക്ഷത്തിനുമേൽ ചാരാനാണ‌് ഇവരുടെ ശ്രമം. ഇതിലും നേതൃത്വത്തിന്റെ വർഗീയത വളർത്തുന്ന സമീപനത്തിലും പ്രതിഷേധിച്ചാണ‌് പ്രവർത്തകർ രാജിവയ‌്ക്കുന്നത‌്.

  വർഷങ്ങളായി ആർഎസ‌്എസ‌് പ്രവർത്തനം നടത്തുന്ന കുടുംബങ്ങളാണ‌് രാജിവച്ചത‌്. ആർഎസ‌്എസ‌് കാര്യവാഹകായി പ്രവർത്തിച്ചവരടക്കം രാജിവച്ചവരിൽ പെടുന്നു.   കുന്നുമ്മൽ ഏരിയയിൽ ആർഎസ‌്എസ‌്– ബിജെപി പ്രവർത്തകർ കൂട്ടത്തോടെയാണ‌് സിപിഐ എമ്മിലേക്ക‌് വന്നത‌്. കുന്നുമ്മൽ പഞ്ചായത്തിലെ പാതിരിപ്പറ്റയിൽ 60 ഓളം പേർ രാജിവച്ച‌് സിപിഐ എമ്മുമായി ബന്ധപ്പെട്ട‌് പ്രവർത്തിക്കുന്നു. ഇവിടെയുള്ള ഏതാണ്ട‌് മുഴുവൻ പ്രവർത്തകരും സംഘപരിവാറിനോട‌് വിട പറഞ്ഞു. കാവിലുംപാറയിൽ 10ഓളം പേരും കായക്കൊടിയിലും വേളത്തും മൂന്നുവീതം കുടുംബങ്ങളും ആർഎസ‌്എസ‌്–ബിജെപി വിട്ടിട്ടുണ്ട‌്.

കഴിഞ്ഞദിവസം പയ്യോളിയിലും തുറയൂരിലും നിരവധി ബിജെപി പ്രവർത്തകർ സിപിഐ എമ്മിന്റെ കൊടിക്കീഴിൽ അണിനിരന്നു. പയ്യോളിയിലും തുറയൂരിലും അമ്മദ‌് മാസ‌്റ്റർ– ഉണ്ണര രക്തസാക്ഷി അനുസ‌്മരണ സമ്മേളനത്തിൽ രാജിവച്ചുവന്നവർക്ക‌് സ്വീകരണം നൽകി. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനനാണ‌് ഹാരമണിയിച്ച‌് ഇവരെ സ്വീകരിച്ചത‌്.

ഫറോക്ക‌് ഏരിയയിലും ഒട്ടേറെ സജീവ ആർഎസ‌്എസ‌്– ബിജെപി പ്രവർത്തകർ രാജിവച്ചിട്ടുണ്ട‌്. കഴിഞ്ഞ ഒരുവർഷത്തിനകം ഫറോക്ക‌്, മണ്ണൂർ, ബേപ്പൂർ, രാമനാട്ടുകര, ചെറുവണ്ണൂർ എന്നിവിടങ്ങളിലെ പ്രമുഖ പ്രവർത്തകരാണ‌് സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കുന്നത‌്. രാമനാട്ടുകരയിൽ മൂന്നുകുടുംബങ്ങളാണ‌് ആർഎസ‌്എസ‌് വിട്ടത‌്.

  ബാലുശേരി കുറുമ്പൊയിലിൽ 9 കുടുംബങ്ങൾ രാജിവച്ചുകഴിഞ്ഞു. കുറെക്കാലമായി  ആർഎസ‌്എസുമായി സജീവമായി ബന്ധപ്പെട്ടുവന്ന കുടുംബങ്ങളാണിത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top