22 April Sunday

കോഴിക്കോട്, കോട്ടയം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018


കൊയിലാണ്ടി/കോട്ടയം > വിപ്ളവ ബഹുജന പ്രസ്ഥാനത്തിന്റെ തുടര്‍മുന്നേറ്റത്തിന് പുതിയ ദിശാബോധവും കരുത്തും പകര്‍ന്ന് സിപിഐ എം കോഴിക്കോട്, കോട്ടയം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഉജ്ജ്വലതുടക്കം. കോഴിക്കോട്ട് പി ടി രാജന്‍ നഗറില്‍ (ഇ എം എസ് സ്മാരക ടൌണ്‍ഹാള്‍, കൊയിലാണ്ടി) പ്രതിനിധി സമ്മേളനം പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. കോട്ടയത്ത് വി വി ദക്ഷിണാമൂര്‍ത്തി നഗറില്‍ (മാമന്‍ മാപ്പിള ഹാള്‍, കോട്ടയം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതിനിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. മൂന്നുനാള്‍ ചേരുന്ന സമ്മേളനം വ്യാഴാഴ്ച ചുവപ്പുസേനാ മാര്‍ച്ചും ബഹുജനറാലിയോടും കൂടി സമാപിക്കും. പുതിയ ജില്ലാകമ്മിറ്റിയേയും സെക്രട്ടറിയേയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുക്കും.

മുതിര്‍ന്ന നേതാവ് ടി പി ബാലകൃഷ്ണന്‍ നായര്‍ പതാക ഉയര്‍ത്തിയതോടെയാണ് കോഴിക്കോട് സമ്മേളനത്തിന് തുടക്കമായത്. സി ഭാസ്കരന്‍ താല്‍ക്കാലിക അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ കെ ദാസന്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി പി മോഹനന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി ഭാസ്കരന്‍, കെ കുഞ്ഞമ്മദ്, ഇ രമേശ്ബാബു, പി കെ സജിത എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്‍, എ വിജയരാഘവന്‍, എ കെ ബാലന്‍, എളമരം കരീം, കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ടി പി രാമകൃഷ്ണന്‍, എം വി ഗോവിന്ദന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എന്‍ കെ രാധ, പി സതീദേവി, എ പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുക്കുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, ജില്ലയിലെ മുതിര്‍ന്ന നേതാവ് എം കേളപ്പന്‍ എന്നിവര്‍ സംബന്ധിച്ചു. പ്രതിനിധികളും ജില്ലാ കമ്മിറ്റിയംഗങ്ങളും ഉപരികമ്മിറ്റി അംഗങ്ങളുമായി 403 പേര്‍ സമ്മേളനത്തിലുണ്ട്. ഉച്ചകഴിഞ്ഞ് ആരംഭിച്ച പൊതുചര്‍ച്ച ബുധനാഴ്ചയും തുടരും. ചര്‍ച്ചകള്‍ക്ക് വ്യാഴാഴ്ച മറുപടി പറയും.  

കോട്ടയം ജില്ലാസമ്മേളന നഗറില്‍ മുതിര്‍ന്ന അംഗം പി എന്‍ പ്രഭാകരന്‍ പതാക ഉയര്‍ത്തി. അഡ്വ. പി കെ ഹരികുമാറിന്റെ താല്‍ക്കാലിക അധ്യക്ഷതയില്‍ സമ്മേളനം ആരംഭിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ കെ സുരേഷ്കുറുപ്പ് സ്വാഗതം പറഞ്ഞു. പി കെ ഹരികുമാര്‍, പി ഷാനവാസ്, തങ്കമ്മ ജോര്‍ജ്കുട്ടി, ജെയ്ക് സി തോമസ്, കെ സി ജോസഫ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് പ്രതിനിധികളുടെ ചര്‍ച്ച ആരംഭിച്ചു. സമ്മേളനത്തില്‍ 257 പ്രതിനിധികളും 33 ജില്ലാ കമ്മിറ്റിയംഗങ്ങളുമടക്കം 290 പേര്‍ പങ്കെടുക്കുന്നു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി കെ ഗുരുദാസന്‍, വൈക്കം വിശ്വന്‍, ഡോ. ടി എം തോമസ് ഐസക്, പി കെ ശ്രീമതി, എം സി ജോസഫൈന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ആനത്തലവട്ടം ആനന്ദന്‍, ബേബി ജോണ്‍, കെ ജെ തോമസ്, എം എം മണി എന്നിവര്‍ സമ്മേളനത്തിലുണ്ട്. പൊതുചര്‍ച്ച ബുധനാഴ്ചയും തുടരും. വ്യാഴാഴ്ച മറുപടി പറയും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top