26 September Wednesday

സമരക്കാരുമായി കേന്ദ്രചർച്ച ഫെഡറൽ തത്വങ്ങളുടെ ലംഘനം: കോടിയേരി

സ്വന്തം ലേഖകൻUpdated: Saturday Aug 4, 2018


ന്യൂഡൽഹി > ദേശീയപാത വികസന വിഷയത്തിൽ സംസ്ഥാന സർക്കാരിനെയോ ജനപ്രതിനിധികളെയോ അറിയിക്കാതെ സമരക്കാരുമായി കേന്ദ്രസർക്കാർ ചർച്ച നടത്തിയത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേന്ദ്ര‐ സംസ്ഥാന ബന്ധത്തെ തകർക്കുന്ന കേന്ദ്രനിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ മാറ്റിനിർത്തിയുള്ള ഇത്തരം ചർച്ചകൾ ഭാവിയിൽ ഗുരുതരപ്രശ്നങ്ങൾക്ക് വഴിയൊരുക്കും. ദേശീയപാത എങ്ങനെ പോകണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രത്തിന് കീഴിലുള്ള ദേശീയപാത വികസന അതോറിറ്റിയാണ്. ഭൂമി ഏറ്റെടുത്ത് നൽകുകയെന്നതാണ് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം. അതിൽ എന്തെങ്കിലും തർക്കങ്ങളോ പ്രശ്നങ്ങളോ വന്നാൽ സംസ്ഥാനവുമായാണ് ചർച്ചചെയ്യേണ്ടത്. അതിനുപകരമായി വികസനത്തിനെതിരായ സമരങ്ങളെ പ്രോൽസാഹിപ്പിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്.

ദേശീയപാത വികസനത്തിെന്റ കാര്യത്തിൽ കേരളത്തിലെ വടക്കൻമേഖല പിന്നോക്കമാണ്. പ്രത്യേകിച്ച് കണ്ണൂർ, കാസർകോഡ് ജില്ലകൾ. കേന്ദ്രവുമായി ചേർന്ന് ഈ സ്ഥിതിക്ക് മാറ്റംവരുത്താനുള്ള ശ്രമങ്ങളാണ് നടന്നുവന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി വിജ്ഞാപനം പുറപ്പെടുവിച്ചതും അലൈൻമെന്റ് തീരുമാനിച്ചതുമെല്ലാം എൻഎച്ച്എഐയാണ്. ആ ഘട്ടങ്ങളിലെല്ലാം സംസ്ഥാന സർക്കാരുമായാണ് ചർച്ചകൾ നടന്നിട്ടുള്ളത്. സംസ്ഥാനത്തെ അറിയിക്കാതെ ചർച്ചനടത്തിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ‌്.

തെരഞ്ഞെടുപ്പ് നേട്ടത്തിനായി രണ്ട് കിളികളെ പിടിക്കുന്നതിനുള്ള  രാഷ്ട്രീയകളിയാണിത്. മന്ത്രിയെയും കേന്ദ്രത്തെയുമെല്ലാം ഉപയോഗിച്ച് കിളികളെ പിടിക്കാനാണ് ബിജെപി ശ്രമം‐ കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top