17 August Friday

പാർടിയുണ്ട്‌ കൂടെ... എസ്‌ഡിപിഐ വധഭീഷണിയുള്ള മിശ്രവിവാഹിത ദമ്പതികൾക്ക്‌ സിപിഐ എം സംരക്ഷണം നൽകും

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

ഹാരിസണും ഷഹാനയും സിപിഐ എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നിൽ പ്രവർത്തകരോടൊപ്പം

ആറ്റിങ്ങൽ > മിശ്രവിവാഹിതരായതിന്‌ എസ്‌ഡിപിഐ വധഭീഷണിമുഴക്കിയ നവദമ്പതികൾ ഷഹാനക്കും ഹാരിസണും സിപിഐ എം സംരക്ഷണം നൽകും. ഹാരിസണിന്റെ കൊട്ടിയോടുള്ള വീട്ടിലെത്തി സിപിഐ എം നേതാക്കൾ സംരക്ഷണം ഉറപ്പു നൽകുകയായിരുന്നു.

തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശികളായ ഹാരിസണും ഷഹാനയും കഴിഞ്ഞ ദിവസം വിവാഹിതരായിരുന്നു. ഇതേ തുടർന്ന്‌ എസ്‌ഡിപിഐയിൽ നിന്നും ഷഹാനയുടെ വീട്ടുകാരിൽ നിന്നും വധഭീഷണിയുണ്ടായിരുന്നു. ഹാരിസണിനേയും ഷഹാനയേയും, ഹാരിസണിന്റെ വീട്ടുകാരേയും കൊല്ലുമെന്ന്‌ ഭീഷണിയുള്ളതായി  ഹാരിസൺ ബുധനാഴ്‌ച വൈകുന്നേരം പോസ്റ്റ്‌ ചെയ്‌ത ഫേസ്‌ബുക്ക്‌ ലൈവ്‌ വീഡിയോയിൽ ഇവർ പറയുന്നു. ആറ്റിങ്ങലില്‍ എസ്‌ഡിപിഐക്കാര്‍ തങ്ങളെ കൊല്ലാന്‍ ക്വൊട്ടേഷന്‍ നല്‍കി എന്ന ഗുരുതര ആരോപണവും വീഡിയോയില്‍ ഷഹാന ഉന്നയിക്കുന്നുണ്ട്.



തുടർന്നാണ്‌ മിശ്ര വിവാഹിതരായ ദമ്പതികൾക്ക്‌ പിന്തുണയുമായി സിപിഐ എം രംഗത്തെത്തിയത്‌. ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം ആർ രാമു, ഏരിയ കമ്മിറ്റി അംഗം രാജു, ഡിവൈഎഫ്‌ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ സെക്രട്ടറി അനൂപ്‌ എന്നിവർ വിഷയമറിഞ്ഞ്‌ ഹാരിസണിന്റെ വീട്ടിൽ നേരിട്ടെത്തുകയായിരുന്നു. എന്നാൽ വധഭീഷണി മൂലം ദമ്പതികൾ ഒളിവിലായിരുന്നു. സിപിഐ എം നേതാക്കൾ നൽകിയ പിന്തുണയെ തുടർന്നാണ്‌ ഇവർ വീട്ടിലെത്തിയത്‌. ഈ വിഷയത്തിൽ പരിപൂർണ പിന്തുണ സിപിഐ എം നേതാക്കൾ വാഗ്ദാനം ചെയ്‌തതോടെ ഇവർ പൊലീസ്‌ സ്റ്റേഷനിൽ ഹാജരാകാൻ തയ്യാറായി.

സിപിഐ എമ്മിന്റെ പിന്തുണയ്‌ക്ക്‌ നന്ദി പറഞ്ഞ ഹാരിസണിന്റെ പിതാവ്‌ പാർടിയിൽ പൂർണവിശ്വാസമുള്ളതിനാലാണ്‌ ഇവരെ ഒളിവിൽ നിന്നും പുറത്തെത്തിച്ചതെന്നും കൂട്ടിച്ചേർത്തു.

തങ്ങള്‍ വിവാഹം കഴിച്ചത് ജാതിയും മതവും നോക്കിയല്ലെന്നും, പരസ്പരം മതം മാറാന്‍ ആവശ്യപ്പെടില്ലെന്നുമാണ്‌ ഹാരിസണിന്റെയും ഷഹാനയുടെയും നിലപാട്‌.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top