18 December Tuesday

മുല്ലപ്പെരിയാർ ജലനിരപ്പ്‌ 139 അടിയാക്കുന്നത് പരിശോധിക്കണം:സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

ന്യൂഡല്‍ഹി > പെരുമഴ പെയ്യുമ്പോൾ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി എത്തിയാൽ മാത്രമേ നടപടി സ്വീകരിക്കുകയുള്ളൂവെന്ന തമിഴ്നാടിന്റെ വാദം ശരിയല്ലെന്ന് സുപ്രീംകോടതി. അടിയന്തര സാഹചര്യം അനുസരിച്ചു വേണം ഇത്തരം കാര്യങ്ങളിൽ സംസ്ഥാനങ്ങൾ തീരുമാനമെടുക്കേണ്ടത്. ജലനിരപ്പ് കുറയ്ക്കാനും ദുരന്തനിവാരണപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയമാണിതെന്നും ചീഫ്ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ച് ഓർമിപ്പിച്ചു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കാൻ കഴിയുമോയെന്ന കാര്യം പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ ദുരന്തനിവാരണ സബ്കമ്മിറ്റിയും ദേശീയ പ്രതിസന്ധി നിവാരണ കമ്മിറ്റിയും യോഗം ചേർന്ന് ഈ വിഷയത്തിൽ തീരുമാനം അറിയിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി വെള്ളിയാഴ്ച ഉച്ചയ‌്ക്കു മുമ്പ് കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കണം. കേരളവും തമിഴ്നാടും പ്രതിസന്ധി നിവാരണ സബ്കമ്മിറ്റിയുമായി സഹകരിക്കണം. ജനങ്ങൾ ബുദ്ധിമുട്ടിലാകുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച പകൽ രണ്ടിന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

കേരളം അസാധാരണമായ പ്രളയം നേരിടുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് സദാ നിരീക്ഷിക്കുന്നതിനും ദുരിതാശ്വാസപദ്ധതി തയ്യാറാക്കുന്നതിനും  ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി റസൽജോയിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി കടന്നാൽ മാത്രമേ നടപടി സ്വീകരിക്കാൻ സാധിക്കൂവെന്ന തമിഴ്നാടിന്റെ പിടിവാശി അണക്കെട്ടിനു താഴെ താമസിക്കുന്ന നിരവധിപേരുടെ ജീവൻ അപകടത്തിലാക്കിയെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു.

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനായി കേരളം കഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് തമിഴ്നാട് പ്രതികൂലമായി പെരുമാറുന്നതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു. ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനം നേരിടുന്നതെന്നും മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയായി നിലനിർത്തണമെന്നും കേരളം ആവശ്യപ്പെട്ടു.

എന്നാൽ, ജലനിരപ്പ് 142 അടിയാക്കാമെന്ന് സുപ്രീംകോടതി തന്നെ ഉത്തരവിട്ടിട്ടുള്ളതാണെന്നും ഇപ്പോൾ വിഷയത്തിൽ ഇടപെടുന്നത് കോടതിയലക്ഷ്യമാകുമെന്നും തമിഴ്നാട് വാദിച്ചു. എന്നാൽ, ഈ സമയത്ത് പഴയ കാര്യങ്ങൾ വലിച്ചിഴയ‌്ക്കരുതെന്നും അടിയന്തരസാഹചര്യങ്ങൾ പരിഗണിച്ചു വേണം പുതിയ തീരുമാനങ്ങളെടുക്കാനെന്ന് കോടതി പ്രതികരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top