22 November Thursday

ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും റീത്തും ശവപ്പെട്ടിയും; കോണ്‍ഗ്രസില്‍ പ്രതിഷേധം കത്തുന്നു

സ്വന്തം ലേഖകർUpdated: Sunday Jun 10, 2018

കൊച്ചി 

മാണിക്ക‌് രാജ്യസഭാ സീറ്റ‌് നൽകിയതിനെതിരെ സംസ്ഥാന വ്യാപകമായി കോൺഗ്രസ‌് പ്രവർത്തകരുടെ അണപൊട്ടിയ രോഷം മൂന്നാം ദിനവും തുടർന്നു. എറണാകുളം ഡിസിസി ഓഫീസിനു മുന്നിൽ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ‌്ക്കും ശവപ്പെട്ടിയും റീത്തും വച്ച‌് നടത്തിയ പ്രതിഷേധം നേതൃത്വത്തിന‌് വലിയ ഞെട്ടലുണ്ടാക്കി. മാധ്യമങ്ങളിലൂടെയും  സാമൂഹ്യമാധ്യമങ്ങളിലൂടെയും നേതാക്കളുടെ പോർവിളിയും തുടരുകയാണ‌്. അതിനിടെ, പി കെ കുഞ്ഞാലിക്കുട്ടിയും കെ എം മണിയും കോൺഗ്രസ‌് പ്രവർത്തകരുടെ പ്രതിഷേധത്തെ പുച്ഛിച്ചു തള്ളി.

ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും ചിത്രങ്ങൾ പതിച്ച ശവപ്പെട്ടിയും ഇവർക്ക‌് ആദരാഞ‌്ജലിയർപ്പിച്ച‌് റീത്തുമാണ‌് പ്രതിഷേധക്കാർ എറണാകുളത്ത‌് സ്ഥാപിച്ചത‌്. ഈ നേതാക്കൾ പാർടിയെ ഒറ്റുകൊടുത്ത യൂദാസുമാരാണെന്നും പ്രവർത്തകരുടെ മനസ്സിൽ നിങ്ങൾ മരിച്ചുകഴിഞ്ഞെന്നുമുള്ള പോസ്റ്ററുകളും  പതിച്ചു.

കൊടിമരത്തിൽ കരിങ്കൊടിയും കെട്ടി. ഓഫീസിന്റെ ചില്ലു വാതിലിലാണ‌് പോസ‌്റ്ററുകൾ പതിച്ചത‌്. കോൺഗ്രസ‌് പാർടിയുടെ അഭിമാനത്തെക്കാൾ നിങ്ങൾ വില നൽകിയത‌് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ, പ്രവർത്തകർ രക്തസാക്ഷികൾ ‌എന്നീ പോസ‌്റ്ററും പതിച്ചിരുന്നു. കോൺഗ്രസ‌്  ജില്ലാകമ്മറ്റി എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകി.

രാജ്യസഭാ സീറ്റ‌് കോൺഗ്രസിന‌് ലഭിക്കാതിരിക്കാൻ പാർടിക്കകത്ത‌് ഗൂഡനീക്കം നടന്നുവെന്ന‌് വി എം സുധീരൻ വീണ്ടും ആവർത്തിച്ചു.കേരള കോൺഗ്രസിന‌് സീറ്റ‌് നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന‌് ഉച്ചവരെ പറഞ്ഞ കോൺഗ്രസ‌് നേതാക്കൾ, ഉച്ചയ‌്ക്കുശേഷം ഡൽഹിയിൽ എന്ത‌് അട്ടിമറിയാണ‌് നടന്നതെന്ന‌് വ്യക്തമാക്കണം. ഇക്കാര്യത്തിൽ ദുരൂഹതയുണ്ട‌്.  കേരള കോൺഗ്രസിനെ മുന്നണിയിലേക്ക‌് തിരികെ പ്രവേശിപ്പിക്കാൻ നടത്തിയ ആദ്യനടപടിതന്നെ ദേശീയതലത്തിൽ കോൺഗ്രസിന‌് ക്ഷതമേൽപ്പിക്കുന്നതാണ‌്. കേരള കോൺഗ്രസിന്റെ സ്ഥാനാർഥിനിർണയം ലോക‌്സഭയിൽ യുപിഎയുടെ അംഗബലത്തിൽ കുറവുണ്ടാക്കി.

സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിന‌് പിന്നിൽ ഉമ്മന്‍ചാണ്ടിയുടെ സ്വകാര്യ അജണ്ടയുണ്ടെന്ന‌് പി ജെ കുര്യൻ തിരുവല്ലയിൽ പറഞ്ഞു. ഉമ്മന്‍ചാണ്ടി തന്നെ ദ്രോഹിക്കുന്നതിന് കാരണം എന്താണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം. ഇത്തവണ തനിക്ക‌് സീറ്റ‌് നൽകാനായിരുന്നു ഹൈക്കമാന്റിന്റെ താൽപര്യം. എന്നാൽ ഉമ്മൻചാണ്ടി ഹൈക്കമാന്റിനെ തെറ്റിദ്ധരിപ്പിച്ച‌് സീറ്റ‌് നഷ്ടപ്പെടുത്തുകയായിരുന്നുവെന്നും കുര്യൻ പറഞ്ഞു.

കോൺഗ്രസിലെ കാര്യങ്ങൾ തീരുമാനിക്കുന്നത‌് താനും ഉമ്മൻചാണ്ടിയും രമേശ‌് ചെന്നിത്തലയും ചേർന്നാണെന്ന‌് കെപിസിസി പ്രസിഡന്റ‌് എം എം ഹസ്സൻ തലസ്ഥാനത്ത‌് പറഞ്ഞു. എല്ലാവരോടും ആലോചിച്ച‌് തീരുമാനമെടുക്കുന്ന പതിവ‌് കോൺഗ്രസിനില്ല. ഇനിയും ഇതു തുടരും. ചർച്ചകൾക്കായി കുഞ്ഞാലിക്കുട്ടിയെ നിയോഗിച്ചത‌് തങ്ങളാണെന്നും പാർടിയിൽ നിന്ന‌് ആരുരാജിവച്ചാലും അത‌് സ്വീകരിക്കുമെന്നും ഹസ്സൻ പറഞ്ഞു.കോൺഗ്രസിലെ  പ്രതിഷേധം ചായക്കോപ്പയിലെ കൊടുങ്കാറ്റാകുമെന്നാണ‌് പി കെ കുഞ്ഞാലിക്കുട്ടി വിശേഷിപ്പിച്ചത‌്. മുമ്പ‌് കോൺഗ്രസിനെതിരെ പറഞ്ഞകാര്യങ്ങളിൽ ഖേദം പ്രകടിപ്പിക്കേണ്ട സാഹചര്യമില്ലെന്നും അത്തരം തെറ്റൊന്നും തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന‌് കെ എം  മാണി പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top