17 August Friday
ഓക്സിജൻ, അസറ്റലൈൻ വാതകങ്ങൾ ചോർന്നു

"കൊച്ചിൻ ഷിപ്പ്‍യാർഡിലെ സ്‌ഫോടനം വാതക ചോർച്ച മൂലം; മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം"

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

കൊച്ചി > അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ഒഎൻജിസി കപ്പലിലെ സ്‌ഫോടനത്തിനു കാരണം വാതക ചോർച്ചയെന്ന് കൊച്ചിൻ ഷിപ്പ്‍യാർഡ് ചെ‍യർമാൻ മധു എസ് നാ‍യർ.  മരിച്ചവരുടെ കുടുംബങ്ങൾക്ക് അടി‍യന്തിര സഹായമായി പത്തു ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അറ്റകുറ്റപ്പണിക്കാ‍യി കൊച്ചിൻ കപ്പൽശാല‍യിലെത്തിയ ഒഎൻജിസി‌യുടെ എണ്ണക്കപ്പലാ‌യ സാഗർഭൂഷനിലെ വെള്ളടാങ്ക് രാവിലെ പത്തരയോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

അറ്റകുറ്റപ്പണിക്കായി ഉപയോഗിച്ച അസറ്റലൈൻ, ഓക്സിജൻ വാതകങ്ങൾ ചോർന്നതാണ് അപകടത്തിനി‍ടയാക്കിയത്. വാട്ടർ ടാങ്കിനുള്ളിലെ സ്റ്റീൽ പ്ലേറ്റുകൾ മാറ്റി സ്ഥാപിക്കാനാണ് കപ്പൽ എത്തി‍യത്. ഈ ജോലി ഇന്നലെ പൂർത്തി‍യാക്കിയിരുന്നു. ഇതിനാവശ്യമായ ലോഹ ഭാഗങ്ങൾ മുറിക്കുന്നതിനുപയോഗിച്ച ഓക്സിജൻ, അസറ്റലൈ‍ൻ വാതകങ്ങളാണ് അപകട കാരണമാ‍യത്.

ഈ വാതകങ്ങൾ വലി‍യ അപകടം സൃഷ്ടിച്ചേക്കാമെന്നതിനാൽ രാവിലെ‍യും ടാങ്കിനുള്ളിൽ വാതകമില്ലെന്ന് ഉറപ്പുവരുത്തി‍യിരുന്നു.  എന്നാൽ സ്ഫോടനത്തിനു മുൻപാ‍യി വാതകം ചോരുന്ന ഗന്ധമുണ്ടായിരുന്നു. അപകടത്തെക്കുറിച്ച് കൊച്ചിൻ ഷിപ്പ‍യാർഡ് ഓപ്പറേഷൻസ് ഡ‍യറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തും ‐ ഷിപ്പ്‍ യാർഡ് ചെ‍യർമാൻ പറഞ്ഞു. വാതകച്ചോർച്ച മനസ്സിലാക്കി‍യ ജയനും ഉണ്ണിക്കൃഷ്ണനും അപകടമൊഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാകാം അപകടത്തിൽപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

തൃപ്പൂണിത്തുറ എരൂർ ചെമ്പനേഴത്ത് വീട്ടിൽ  സി എസ്  ഉണ്ണികൃഷ്ണൻ , പത്തനംതിട്ട അടൂർ ചാരുവിള വടക്കേതിൽ ഗവീൻ റെജി, തൃപ്പൂണിത്തുറ എരൂർ മഠത്തിപ്പറമ്പിൽ വീട്ടിൽ കണ്ണൻ, വൈപ്പിൻ മാലിപ്പുറം പള്ളിപറമ്പിൽ  വീട്ടിൽ റംഷാദ്, തുറവൂർ കുറുപ്പശ്ശേരി പുത്തൻവീട്ടിൽ ജ‌യൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. 11  പേർക്ക് പരിക്കേറ്റു.കോട്ടപ്പടി സ്വദേശിയായ ശ്രീരൂപിന് ഗുരുതരമാ‌യി പൊള്ളലേറ്റു.മൂന്നുപേരുടെ നില ഗുരുതരമാണ്.പൊളളലേറ്റും പുകശ്വസിച്ചുമാണ് മരണമേറേ‌യും സംഭവിച്ചത്.

പ്രധാന വാർത്തകൾ
Top