13 December Thursday
പ്രകൃതിവാതകം പൊതുഗതാഗത സംവിധാനങ്ങളില്‍ പ്രയോജനപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ആദ്യ സിഎന്‍ജി പമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Mar 22, 2018

കൊച്ചി > നാട്ടില്‍ ഒരുകാരണവശാലും മാറ്റങ്ങളൊന്നും സംഭവിക്കരുതെന്ന് ചിന്തിക്കുന്നവരുണ്ടെന്നും അതു വികസനവിരോധികളുടെ നിലപാടായി കാണേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ആദ്യ സിഎന്‍ജി (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) പമ്പിന്റെ ഉദ്ഘാടനം ആലുവ മുട്ടത്തെ ഐഒസി പമ്പില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഒരു വികസനവും ഒരു രംഗത്തും വരരുതെന്ന് ആഗ്രഹിക്കുന്നവര്‍ സിഎന്‍ജി പദ്ധതിക്കെതിരെയും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. നാടിന്റെ വികസനം ഉറപ്പുവരുത്തേണ്ടതുണ്ട്. നമ്മുടെ ജീവിതത്തോടെ അവസാനിക്കേണ്ടതല്ല ഈ നാട്. ഇത് കൂടുതല്‍ ഐശ്വര്യത്തോടെ ഭാവിതലമുറയെ ഏല്‍പ്പിക്കേണ്ടതുണ്ട്. പ്രകൃതിവാതകം പൊതുഗതാഗത സംവിധാനങ്ങളില്‍ പ്രയോജനപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗാര്‍ഹിക, വാണിജ്യ, ഗതാഗത മേഖലയില്‍ സിഎന്‍ജി ഉപയോഗിച്ചാല്‍ വായുമലിനീകരണം വലിയതോതില്‍ കുറയ്ക്കാനാകും. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായാണ് സിഎന്‍ജിയും വിതരണംചെയ്യുന്നത്. സംസ്ഥാനത്ത് 1000 ഗാര്‍ഹിക യൂണിറ്റുകളിലും അഞ്ചു വാണിജ്യ യൂണിറ്റുകളിലും പ്രകൃതിവാതകം എത്തിച്ചു. ഇതു കൂടുതല്‍ വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കളമശേരി കണ്ടെയ്‌നര്‍ റോഡ്, ആലുവ പുളിഞ്ചുവട്, മരട്  എന്നീ സിഎന്‍ജി പമ്പുകളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ്‌വഴി മുഖ്യമന്ത്രി നിര്‍വഹിച്ചു. ഐഒസി നടപ്പാക്കുന്ന വിപിനം വൃക്ഷവല്‍ക്കരണപദ്ധതി കളമശേരി എസ്‌സിഎംഎസ് കോളേജ് ക്യാമ്പസില്‍ വൃക്ഷത്തൈകള്‍ക്ക് വെള്ളമൊഴിച്ച് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു. മുട്ടത്തെ പമ്പില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെയും വൃക്ഷ നേഴ്‌സറിയുടെയും ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കെഎസ്ആര്‍ടിസി വാങ്ങുന്ന 900 ബസുകളില്‍ ഒരുഭാഗം സിഎന്‍ജി ബസുകളായിരിക്കുമെന്നും ഇന്ധനം നിറയ്ക്കാന്‍ ആവശ്യമായ ഔട്ട്‌ലെറ്റുകള്‍  തുടങ്ങാന്‍ നടപടിയെടുക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

ഐഒസി ചീഫ് ജനറല്‍ മാനേജര്‍ പി എസ് മണി സ്വാഗതം പറഞ്ഞു. കെ വി തോമസ് എംപി, ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്റ് എ പി ഉദയകുമാര്‍, ഐഒസി അദാനി ഗ്യാസ് ചെയര്‍മാന്‍ എസ് കെ ശര്‍മ എന്നിവര്‍ സംസാരിച്ചു. 201819 സാമ്പത്തികവര്‍ഷം പത്ത് സിഎന്‍ജി ഇന്ധനസ്‌റ്റേഷനുകള്‍കൂടി ഐഒസി തുറക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ 50 സിഎന്‍ജി പമ്പുകളും ആരംഭിക്കും. സിഎന്‍ജി നിറച്ച ആദ്യ കെഎസ്ആര്‍ടിസി ബസ്‌സര്‍വീസിന്റെ ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top