21 November Wednesday

വികസനപദ്ധതികള്‍ മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കരുത‌്: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Nov 11, 2018


കൊച്ചി
വികസനപദ്ധതികൾ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നില്ലെന്ന് സർക്കാരുകൾ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിഎംഎഫ്ആർഐയിൽ നടന്ന ദക്ഷിണേന്ത്യൻ ഫിഷറീസ് മന്ത്രിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും അവരുടെ ശേഷി വികസനം ഉറപ്പാക്കുകയും ചെയ്യണം. ഇത് ലക്ഷ്യമിട്ട്  സംസ്ഥാന സർക്കാർ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. തനത് ആഴക്കടൽ മത്സ്യബന്ധനയാനങ്ങളുടെ ആധുനികവൽക്കരണം മുതൽ വിദേശവിപണിയുമായുള്ള ബന്ധിപ്പിക്കൽ വരെ ഇതിലുൾപ്പെടും. ഇത്തരം പദ്ധതികളുടെ വിജയത്തിന് കേന്ദ്ര സർക്കാരിന്റെ കൂടുതൽ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം ഉറപ്പാക്കണം. കാലാവസ്ഥ പ്രവചനത്തിനും മത്സ്യലഭ്യതയെക്കുറിച്ചറിയാനും വിവരസാങ്കേതികതയുടെ സാധ്യതകൾ വിപുലമായി പ്രയോജനപ്പെടുത്താം. മത്സ്യമേഖലയുടെ സംരക്ഷണത്തിന‌് നിരവധിപദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കുന്നുണ്ട്. ഈ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിച്ചാണ് ഇവ നടപ്പാക്കുന്നത്. അനിയന്ത്രിതമായ മത്സ്യബന്ധനം മത്സ്യമേഖലയെ തകർച്ചയിലേക്കെത്തിക്കുമെന്ന തിരിച്ചറിവുണ്ടാകണം. കേരള മറൈൻ ഫിഷിങ് റെഗുലേഷൻ ആക്ട് ഭേദഗതി മത്സ്യമേഖലയുടെ സംരക്ഷണവും പുരോഗതിയും ലക്ഷ്യമിട്ടാണ് നടപ്പാക്കിയത്. പങ്കാളിത്ത മത്സ്യപരിപാലന പദ്ധതികളാണ് സംസ്ഥാനസർക്കാർ വിഭാവനം ചെയ്യുന്നത്. ഇവയിൽ മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്തും. ഇതേ ലക്ഷ്യത്തോടെയാണ് ഗ്രാമതലം മുതൽ സംസ്ഥാനതലം വരെയുള്ള ഫിഷറീസ് മാനേജ്‌മെന്റ് കൗൺസിലുകളുടെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യമേഖല യിലെ സാധ്യതകൾ പൂർണമായും വിനിയോഗിക്കാൻ സാധിച്ചിട്ടില്ല. ചൂര, കൂന്തൽ മുതലായ മത്സ്യങ്ങൾക്ക് വിപണിയിലുള്ള മൂല്യം വളരെ വലുതാണെന്ന് തിരിച്ചറിയണം. ആഗോളനിലവാരത്തിലുള്ള സുസ്ഥിര മത്സ്യബന്ധനരീതികൾ പിന്തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനൊപ്പം പരമ്പരാഗതമായ അറിവുകളും ശാസ്ത്രീയ സംവിധാനങ്ങളും പ്രയോജപ്പെടുത്തണം. സമുദ്രമേഖലയുടെ സംരക്ഷണത്തിനും സുസ്ഥിരമായ മത്സ്യബന്ധന രീതികൾ നടപ്പാക്കുന്നതിനും സംസ്ഥാനങ്ങളുടെ കൂട്ടായ്മ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വികസനത്തിൽ സമുദ്ര മത്സ്യമേഖലയ‌്ക്ക‌് പ്രധാന പങ്കുവഹിക്കാനാകും. പരമ്പരാഗത ഉപജീവനമാർഗം എന്നതിൽനിന്ന് വ്യവസായമായി മത്സ്യബന്ധനം മാറിക്കഴിഞ്ഞു. ഇന്ത്യയിൽ 40 ലക്ഷം മത്സ്യത്തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇതിൽ 9.9 ശതമാനം സ്ഥിരമത്സ്യത്തൊഴിലാളികളാണ്. രാജ്യത്തെ മത്സ്യഉല്‍പ്പാദനത്തിന്റെ 75 ശതമാനവും യന്ത്രവൽക്കൃത മേഖലയിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top