20 November Tuesday

ഒരാഴ്‌ചക്കിടെ മുഖ്യമന്ത്രി തീർപ്പ് കൽപ്പിച്ചത്‌ 316 ഫയലുകളിൽ; ഭരണസ്തംഭനമെന്ന ആരോപണം രാഷ്ട്രീയ മുതലെടുപ്പിന‌്

സ്വന്തം ലേഖകൻUpdated: Tuesday Sep 11, 2018

തിരുവനന്തപുരം > മുഖ്യമന്ത്രി ചികിത്സയ്ക്കുപോയതിനാൽ കേരളത്തിൽ ഭരണം സ്തംഭിച്ചെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന‌് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താകുറിപ്പിൽ അറിയിച്ചു. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ രാഷ്ട്രീയമുതലെടുപ്പ് നടത്താനുള്ള ശ്രമമായേ ഇതിനെ കാണാനാകൂ. 
പ്രളയദുരിതാശ്വാസം, പുനരധിവാസം എന്നീ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ പ്രവർത്തനം നല്ല നിലയിൽ തുടരുന്നു. കഴിഞ്ഞ ആഴ്ച ചേർന്ന ഉപസമിതി യോഗത്തിന്റെ തുടർച്ചയായി ബുധനാഴ‌്ചയും യോഗം ചേരും.  ദുരിതാശ്വാസ‐പുനരധിവാസ പ്രവർത്തനങ്ങൾ ഈ കമ്മിറ്റി അവലോകനം ചെയ്യുകയും ഏകോപിപ്പിക്കുയും ചെയ്യുന്നുണ്ട്.

10,000 രൂപ ധനസഹായത്തിന് അർഹരായ 6,05,555 പേരിൽ 4,95,000 പേർക്ക് ചൊവ്വാഴ‌്ച ഉച്ചയോടെ തുക ലഭ്യമാക്കി. ബാക്കിയുള്ളവർക്ക് ബുധനാഴ്ച ലഭിക്കും. കിറ്റ് വിതരണം പൂർത്തിയായി. 7,18,674 കുടുംബങ്ങൾക്കാണ‌് കിറ്റ് നൽകിയത‌്. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും ലഭിച്ച സാധനങ്ങൾ അർഹരായവർക്ക് വിതരണംചെയ്യുന്നതിന് മാർഗരേഖ ഉണ്ടാക്കി. മന്ത്രിസഭാ ഉപസമിതി അംഗീകരിച്ച മാർഗരേഖ പ്രകാരം നിശ്ചയിച്ച വസ്തുക്കൾ വിതരണംചെയ്യുകയാണ്.

പ്രളയക്കെടുതിക്ക് ഇരയായവരുടെ പുനരധിവാസം, തകർന്ന കേരളത്തിന്റെ  പുനർനിർമാണം എന്നിവയാണ് സർക്കാരിന്റെ മുമ്പിലുള്ള പ്രധാന അജൻഡ. ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം രൂപംനൽകിയിരുന്നു. നടപടികൾ യുദ്ധകാലടിസ്ഥാനത്തിൽ തുടരുകയാണ്. സ്ഥലത്തില്ലെങ്കിലും അപ്പപ്പോൾ ഉയരുന്ന പ്രധാന കാര്യങ്ങളിൽ മുഖ്യമന്ത്രിതന്നെ തീരുമാനം എടുക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. മന്ത്രിമാരുമായും പ്രധാന ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട‌്.

വിദേശത്തുപോയ സെപ്തംബർ മൂന്നുമുതൽ ഒമ്പതുവരെ 316 ഫയലുകളിൽ മുഖ്യമന്ത്രി തീർപ്പ് കൽപ്പിച്ചു. ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചാണ‌് ഫയൽ കൈകാര്യം ചെയ്യുന്നത‌്. പ്രളയക്കെടുതിയിൽ തകർന്ന പമ്പയുടെ പുനർനിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചു. പ്രളയത്തിൽ നഷ്ടപ്പെട്ട രേഖകൾ അദാലത്ത‌് നടത്തി നൽകുന്നുണ്ട‌്. വീട്ടുസാധനങ്ങൾ നശിച്ച കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം പലിശരഹിതവായ്പ ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചു.

മുഖ്യമന്ത്രി സ്ഥലത്തില്ലെങ്കിലും മന്ത്രിമാർ കൂട്ടായി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നു. വിവിധ ജില്ലകളിൽ വിഭവസമാഹരണത്തിന്റെ ചുമതലയിലാണ് ഇപ്പോൾ മന്ത്രിമാർ. മന്ത്രിസഭാ ഉപസമിതി അംഗങ്ങളല്ലാത്തവർ നാളെയും വിവിധ ജില്ലകളിൽ ഈ ചുമതലകൾ നിർവഹിക്കും. കേരളത്തെ പുനർനിർമിക്കുന്നതിനുള്ള സഹായപദ്ധതികളുമായും സ്പോൺസർഷിപ്പുമായും വിവിധ സ്ഥാപനങ്ങളും ഏജൻസികളും സർക്കാരിനെ സമീപിക്കുന്നുണ്ട്. അതെല്ലാം ശരിയായ വിധത്തിൽ  ക്രമീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നടക്കം ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന സംഭാവനകൾ സ്വീകരിക്കാനുള്ള ക്രമീകരണവും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഏർപ്പെടുത്തി.

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ലോകബാങ്ക്, എഡിബി, ഇന്റർനാഷണൽ  ഫിനാൻസ് കോർപറേഷൻ എന്നീ ഏജൻസികളുടെ പ്രതിനിധികൾ ആഗസ്റ്റ് 29ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന‌് ലോകബാങ്ക്‐എഡിബി സംഘം കേരളത്തിൽവന്ന് നാശനഷ്ടം വിലയിരുത്തുകയാണ്. രണ്ടുമൂന്ന് ദിവസത്തിനകം ഇത‌് പൂർത്തിയാകും. അതിനുശേഷമായിരിക്കും സംസ്ഥാനത്തിനുള്ള സഹായം സംബന്ധിച്ച് തീരുമാനം എടുക്കുക.  20നകം ലോകബാങ്ക്‐എഡിബി സംഘം അവരുടെ വിലയിരുത്തൽ സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുപോലുള്ള എല്ലാ കാര്യങ്ങളും ഒരു തടസ്സവുമില്ലാതെ സർക്കാർ നിർവഹിക്കുന്നുണ്ടെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ‌് അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top