22 September Saturday

ഉഡാന്‍ പദ്ധതി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ അഭ്യര്‍ത്ഥന അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗം പരിഗണിക്കും - മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018

തിരുവനന്തപുരം > 'ഉഡാന്‍' സ്‌കീമില്‍ ഉള്‍പ്പെടുത്തി വിമാന സര്‍വീസുകള്‍ നടത്തിയാല്‍ വലിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുകയില്ലെന്നും ആയതിനാല്‍ താരിഫ് നിര്‍ണയിക്കാനാവില്ലെന്നും അറിയിക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ 'ഉഡാന്‍' സ്‌കീമില്‍ നിന്നും പിന്മാറണമെന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ അഭ്യര്‍ത്ഥന അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗം പരിഗണിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ കെ സി ജോസഫിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്ര സര്‍ക്കാരിന്റെ റീജിയണല്‍ കണക്റ്റിവിറ്റി പദ്ധതിയായ 'ഉഡാന്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ചെന്നൈ, ബാംഗ്ലൂര്‍, ഹൂബ്ലി, ഹിന്‍ഡന്‍, മുംബൈ, കൊച്ചി, ഗോവ, തിരുവനന്തപുരം തുടങ്ങിയ റൂട്ടുകളില്‍ ഇരുപത്തിനാലോളം ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തുന്നതിന് സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികളെ അനുവദിക്കുന്നതിന് ഉത്തരവായിരുന്നു.

ഇതിനുപുറമെ ജെറ്റ് എയര്‍വേയ്സിനും ഗോ എയറിനും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും യഥാക്രമം ദമാമിലേയ്ക്കും അബുദാബിയിലേയ്ക്കും തിരിച്ചും സര്‍വീസ് നടത്തുന്നതിന് അന്താരാഷ്ട്ര വ്യോമഗതാഗത അനുമതി ലഭിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യാ എക്‌സ്പ്രസും ആറ് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് സര്‍വീസ് നടത്താന്‍ പദ്ധതിയിട്ടുണ്ട്. മറ്റ് പത്തോളം വിമാന കമ്പനികളും ഇവിടെ നിന്നും സര്‍വീസ് നടത്താനുള്ള അന്തിമ ചര്‍ച്ച നടന്നുവരുന്നു. എന്നാല്‍ താരിഫ് നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് എക്കണോമിക്ക് റഗുലേറ്ററി അതോറിറ്റി നടത്തിയ യോഗത്തില്‍ 'ഉഡാന്‍' സ്‌കീമില്‍ ഉള്‍പ്പെടുത്തി വിമാന സര്‍വീസുകള്‍ നടത്തിയാല്‍ വലിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുകയില്ലെന്നും ആയതിനാല്‍ താരിഫ് നിര്‍ണയിക്കാനാവില്ലെന്നും അറിയിക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ 'ഉഡാന്‍' സ്‌കീമില്‍ നിന്നും പിന്മാറണമെന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ അഭ്യര്‍ത്ഥന അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗം പരിഗണിക്കുന്നതാണ്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top