16 November Friday

‘‘ഇത്തരമൊരു സർക്കാർ മഹാരാഷ്ട്ര‌യിലും ഉണ്ടായിരുന്നെങ്കിൽ...’’

ഡി ദിലീപ‌്Updated: Thursday Jun 28, 2018

മഹാരാഷ്ട്രയിൽ നിന്നുവന്ന തൊഴിലാളികളെ സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രൻപിള്ളയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

കൊച്ചി> ‘മഹാരാഷ്ട്രയിൽ പിണറായി വിജയനെ പോലൊരു മുഖ്യമന്ത്രിയില്ലായിരുന്നു. രസായിനിയിലെ എച്ച് ഒസിയിൽ സിഐടിയു സംഘടനയും. ഉണ്ടായിരുന്നെങ്കിൽ രസായിനി എച്ച്ഒസി പൂട്ടില്ലായിരുന്നു. ഉറ്റവരെയും പിറന്ന നാടിനെയും ഉപേക്ഷിച്ച് ഇവിടെ വരേണ്ടി വരില്ലായിരുന്നു'’.  മഹാരാഷ്ട്ര രസായിനി എച്ച്ഒസി പൂട്ടിയതിനെത്തുടർന്ന് കൊച്ചി എച്ച‌്ഒസിയിലേക്ക് മാറ്റിയ അനിൽ മഹീന്ദ്ര കാംഡെയും സഞ്ജയ് ഗായ്കറും ഒരേ സ്വരത്തിൽ പറഞ്ഞു. ഇവർ മാത്രമല്ല എച്ച്ഒസി സ്വകാര്യവൽക്കരണത്തെ എതിർത്ത, മാനേജ്മെന്റ് വച്ചുനീട്ടിയ വിആർഎസിന‌് വഴങ്ങാത്ത 27 ജീവനക്കാരാണ് കൊച്ചി എച്ച്ഒസിയിലെത്തിയത്.

അനുഭവം പകർന്നുനൽകിയ തിരിച്ചറിവിന്റെ വെളിച്ചത്തിൽ 27 പേരും കഴിഞ്ഞദിവസം എച്ച്ഒസി വർക്കേഴ്സ് യൂണിയനിൽ (സിഐടിയു) അംഗങ്ങളായി. ശിവസേനയുടെ തൊഴിലാളി സംഘടനയായ മഹാരാഷ്ട്ര ശ്രമിക് സേനയുടെ ട്രഷററായിരുന്ന സഞ‌്ജയ‌് ഗായ‌്കറടക്കമാണ‌് സിഐടിയുവിൽ ചേർന്നത‌്. 
2017 ജൂലൈയിൽ രസായനിയോടൊപ്പം കൊച്ചി യൂണിറ്റും അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായിരുന്നു. മുഖ്യമന്ത്രിയും കേരളത്തിലെ ട്രേഡ് യൂണിയൻ നേതാക്കളും സജീവമായി ഇടപെട്ടതിനെത്തുടർന്നാണ് കൊച്ചി യൂണിറ്റ് പൂട്ടാനുള്ള തീരുമാനത്തിൽനിന്ന്  കേന്ദ്രം പിന്മാറിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ‌്ചയിൽത്തന്നെ എച്ച‌്ഒസിയുടെ പ്രശ‌്നം ശ്രദ്ധയിൽപ്പെടുത്തി. പലതവണ കേന്ദ്രത്തിന‌് കത്തെഴുതി. എച്ച‌്ഒസിക്ക‌് അസംസ‌്കൃത വസ‌്തുക്കൾ ലഭിക്കാൻ പെട്രോളിയം മന്ത്രാലയവുമായി ചർച്ചചെയ‌്ത‌് തീരുമാനവുമെടുത്തു. പൊതുമേഖലയോടും ജീവനക്കാരോടും എൽഡിഎഫ‌് സർക്കാർ പുലർത്തുന്ന ഈ അനുകൂല നിലപാടാണ‌് സിഐടിയുവിൽ ചേരാൻ പ്രേരിപ്പിച്ചതെന്ന‌് തൊഴിലാളികൾ പറഞ്ഞു. പാലക്കാട‌് ഇൻസ‌്ട്രുമെന്റേഷൻ കമ്പനി സംസ്ഥാന സർക്കാർ ഏറ്റെടുത്തതും എച്ച‌്എൻഎൽ സംബന്ധിച്ച സർക്കാർ നിലപാടും ഇതുതന്നെയാണ‌് അടിവരയിടുന്നത‌്. ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന തൊഴിലാളികളെ അതിഥികളായി കണ്ട‌് ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന കേരളത്തിലെ എൽഡിഎഫ‌് സർക്കാരിനെപ്പോലൊന്ന‌് ഇന്ത്യയിൽ
മറ്റൊരിടത്തും കാണാൻ കഴിയില്ല. ഇതാണ‌് തങ്ങളെ സിഐടിയുവിൽ എത്തിച്ചതെന്നും സഞ‌്ജയ‌് ഗായ‌്കർ പറഞ്ഞു.

തുറന്നുപ്രവർത്തിക്കുമെന്ന‌് ആരും കരുതാതിരുന്ന കൊച്ചി എച്ച‌്ഒസി എൽഡിഎഫ‌് സർക്കാരിന്റെ നിശ‌്ചയദാർഢ്യത്തിൽ ഇന്ന‌് പ്രവർത്തനലാഭത്തിലാണ‌്. തൊഴിലാളികൾക്ക് ബുധനാഴ‌്ച സിഐടിയു സ്വീകരണം നൽകി. സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രൻപിള്ള  ഉദ‌്ഘാടനംചെയ്തു. സിഐടിയു ജില്ലാ ജോയിന്റ‌് സെക്രട്ടറി എം  അനിൽകുമാർ അധ്യക്ഷനായി. എൻ കെ ജോർജ്, സി കെ ജോൺസ‌്, എം  വൈ കുര്യാച്ചൻ, കെ വി വിനോദ‌്കുമാർ, അങ്കുഷ‌് ചവാൻ എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top