19 September Wednesday

കണ്ണുള്ളവർ കാണൂ; കാവേരിയുടെ കണ്ണീർ

എം വി പ്രദീപ‌്Updated: Monday Jul 30, 2018

അഛനും അമ്മയോടുമൊപ്പം കാവേരി


തിരുവനന്തപുരം
കണ്ണ‌് വല്ലാതെ വേദനിക്കുന്നമ്മാ. നമുക്ക‌് ആശുപത്രിയിൽ പോകാം.  കേൾവി ശേഷി ഏതാണ്ട‌് പൂർണമായും ഇല്ലാതായ കാവേരിയുടെ കണ്ണിനെയും രോഗത്തിന്റെ കാഠിന്യം ബാധിച്ചുതുടങ്ങിയിട്ട‌് ദിവസങ്ങളായി. കിടപ്പാടം പണയപ്പെടുത്തി ചികിത്സയ‌്ക്കായി വാങ്ങിയ തുക തിരിച്ചടയ‌്ക്കാത്തതിനാൽ കഴിഞ്ഞ ദിവസം ലഭിച്ച ജപ‌്തി നോട്ടീസല്ലാതെ മറ്റൊന്നും ഇൗ കുടുംബത്തിന്റെ കൈവശമില്ല.

ആത്മഹത്യയുടെ വക്കിലാണ‌് ചെറുവയ‌്ക്കൽ ചെറുവട്ടിക്കോണത്തെ  ശ്രീകുമാരിയുടെ കുടുംബം. രണ്ടു മക്കളിൽ മൂത്തമകൾ പ്ലസ‌്ടു വിദ്യാർഥിനി എസ‌്  കാവേരി (17) ക്രോണിക‌് ഐടിപി എന്ന രോഗത്തിന‌് വർഷങ്ങളായി ചികിത്സയിലാണ‌്. രക്തത്തിലെ പ്ലേറ്റ‌്‌ലെറ്റിനെ നശിപ്പിക്കുന്ന  രോഗത്തിൽ വലഞ്ഞ മകളുടെ ചികിത്സ ഇതുവരെ തുടർന്നത‌്  നാലര സെന്റ‌് കിടപ്പാടം പണയപ്പെടുത്തിയും പഠിക്കുന്ന സ‌്കൂളിലെ അധ്യാപകരും വിദ്യാർഥികളും നൽകുന്ന സഹായവും കൊണ്ടാണ‌്.  തലച്ചോറിലും ആന്തരാവയങ്ങളിലും രക്തസ്രാവം ഉണ്ടാകുന്ന അസുഖത്തിന‌് നിരന്തരം മരുന്നും തുടർ ചികിത്സയും അത്യാവശ്യമാണ‌്. ആകെയുള്ള നാലര സെന്റ‌് സ്ഥലം അനന്തപുരം സഹകരണ ബാങ്കിന്റെ ശാഖയിൽ പണയപ്പെടുത്തി 2013 ൽ  മൂന്ന‌് ലക്ഷം രൂപ വായ‌്പയെടുത്താണ‌് ചികിത്സ തുടർന്നത‌്. തിരിച്ചടവ‌് മുടങ്ങിയതോടെ മുതലും പലിശയുമടക്കം 4.5 ലക്ഷം രൂപ ഇടാക്കാൻ ജപ‌്തി നോട്ടീസ‌് അയച്ചിരിക്കുകയാണ‌് ബാങ്ക‌്. കുടുംബത്തിന്റെ ദൈന്യത അറിഞ്ഞ‌് ആറു മാസത്തെ സാവകാശം ബാങ്ക‌് നൽകിയിട്ടുണ്ടെങ്കിലും മകളുടെ ചികിത്സപോലും മുടങ്ങിയ കുടുംബത്തിന‌് ഒരു രൂപപോലും തിരിച്ചടയ‌്ക്കാൻ മാർഗമില്ല.

കാവേരിക്ക‌് രോഗം മൂർച്ഛിക്കാതിരിക്കാനുള്ള കുത്തിവയ‌്പ‌് ഒന്നിന‌് 10000 രൂപ വേണം. ആരുടെയെല്ലാമോ കാരുണ്യത്തിൽ 40000 രൂപ മുടക്കി നാല‌് കുത്തിവയ‌്പ‌് എടുത്തു. അടുത്ത കുത്തിവയ‌്പിന‌് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കുള്ള വണ്ടിക്കൂലിക്കുപോലും പണമില്ല. ചികിത്സ മുടങ്ങിയതോടെയാണ‌് കണ്ണിന‌് വേദന വന്നത‌്.

ചെറുപ്പത്തിലെ രോഗം വന്നെങ്കിലും പഠിക്കാൻ മിടുക്കിയായ കാവേരി എല്ലാ ക്ലാസുകളിലും നല്ലമാർക്കോടെ വിജയിച്ചു. ഈ വർഷം സ‌്കൂൾ തുറന്ന ഒരുദിവസം മാത്രമാണ‌് സ‌്കൂളിൽ പോയത‌്. മറ്റുകുട്ടികൾ എഴുതുന്ന പാഠഭാഗങ്ങളുടെ ഫോട്ടോ കോപ്പി അധ്യാപകർ എടുത്തു വീട്ടിലെത്തിച്ചുനൽകിയാണ‌് പഠിക്കുന്നത‌്.  കാവേരിയുടെ അച്ഛൻ  മധുവും രോഗിയാണ‌്.  അമ്മ ശ്രീകല ഒരു വീട്ടിൽ  കുട്ടിയെ നോക്കാൻ പോയികിട്ടുന്ന തുച്ഛവരുമാനംകൊണ്ടാണ‌് ഇപ്പോൾ കാവേരിയുടെ അനുജത്തിയുടെ പഠനവും മറ്റും മുന്നോട്ടുകൊണ്ടുപോകുന്നത‌്.  കാവേരിയുടെ ഫോൺ: 8921047941

പ്രധാന വാർത്തകൾ
Top