16 November Friday

'പുനരധിവാസം ഉറപ്പാക്കും'; ക്യാമ്പുകളില്‍ ആശ്വാസമായി മുഖ്യമന്ത്രി എത്തി

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018

കൊച്ചി > പ്രളയക്കെടുതിയില്‍ ദുരിതബാധിതര്‍ക്ക് ആശ്വാസമായി മുഖ്യമന്ത്രി പിണറായി വിജയനെത്തി. നാല് ജില്ലകളിലെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.  ചെങ്ങന്നൂര്‍, ആലപ്പുഴ, കോഴഞ്ചേരി, പറവൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്.

പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവരുടെയടക്കം പുനരധിവാസത്തിന് ആവശ്യമായവ സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും  സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും ഒരേ മനസോടെ എല്ലാത്തിനേയും അതിജീവിക്കണമെന്നും മുഖ്യമന്ത്രി ദുരിതബാധിതരോട് പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നു മടങ്ങുന്നവര്‍ക്കു ഭക്ഷ്യസാധനങ്ങളുടെ കിറ്റ് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

8.45ഓടെ ചെങ്ങന്നൂരിലെത്തിയ മുഖ്യമന്ത്രി ക്രിസ്ത്യന്‍ കോളെജിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് അവിടെ കഴിയുന്നവരുമായി സംസാരിച്ചു. പിന്നീട് കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. പിന്നീട് ആലപ്പുഴ പരേഡ് ഗ്രൗണ്ടില്‍ ഇറങ്ങിയ മുഖ്യമന്ത്രി ലിയോ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. 11.15 ഓടെ വടക്കന്‍ പറവൂര്‍ ഗ്രിഗോറിയസ് സ്‌കൂളിലെയും അവസാനം ചാലക്കുടിയിലെയും പനമ്പള്ളി സ്മാരക ഗവണ്‍മെന്റ് കോളേജിലെയും ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.

വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കും. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ , ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top