23 September Sunday

പരമാവധി ജലം സംഭരിക്കും; മഴ തുടർന്നാൽ ഷട്ടർ തുറക്കുന്നത് പരിഗണിക്കും‐മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018


ചെറുതോണി
ഇടുക്കി അണക്കെട്ടിൽ പരമാവധി ജലം സംഭരിച്ച് ഉൽപാദനം വർധിപ്പിച്ച് ജലനിരപ്പ് നിയന്ത്രിക്കാനാണ് വൈദ്യുതി വകുപ്പിന്റെ ശ്രമമെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. ചെറുതോണി അണക്കെട്ട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാവിലെ 9.40 നാണ് മന്ത്രി ചെറുതോണി അണക്കെട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്. നിലവിലുള്ള സാഹചര്യത്തിൽ അണക്കെട്ടിന്റെ ഷട്ടർ തുറക്കാൻ തീരുമാനിച്ചിട്ടില്ല. എന്നാൽ, മഴ തുടർന്നാൽ ഏഴ‌് ദിവസംകൊണ്ട് അണക്കെട്ട് നിറഞ്ഞേക്കും. മഴയുടെ അളവ് കുറഞ്ഞുവരുന്നുണ്ട്. ഉൽപാദനം പൂർണ നിലയിലേക്ക് ഉയർത്തിയിട്ടുണ്ട‌്. ജലനിരപ്പ് ഉയർന്നാൽ അടുത്ത മന്ത്രിസഭായോഗം വിഷയം പരിഗണിക്കും. ആവശ്യമായ തയ്യാറെടുപ്പുകളും മുൻകരുതലുകളും സ്വീകരിക്കും. തുടർനടപടികളും ഉണ്ടാവും.

വൈദ്യുതി ബോർഡ് ഓരോ മിനിറ്റിലും സ്ഥിതിഗതികൾ സൂക്ഷ‌്മമായി നിരീക്ഷിച്ചുവരികയാണ്. അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ പെരിയാർ തീരവാസികൾ ജാഗ്രത പുലർത്തണമെന്നും എം എം മണി പറഞ്ഞു. ചെറുതോണി മുതൽ ആലുവ, കാലടി, അങ്കമാലി ഉൾപ്പെടെ നെടുമ്പാശേരി വിമാനത്താവളത്തിൽ വരെ സുരക്ഷാ പ്രവർത്തനങ്ങൾ ഏർപ്പെടുത്തേണ്ടി വരും. ജനങ്ങൾക്ക് ഒരാശങ്കയും വേണ്ടെന്നും എന്നാൽ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ആർഡിഒ, വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ, പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top