17 August Friday

5 ഷട്ടറുകളും തുറന്നു; സജ്ജമായി സേനകൾ, പുറത്തുവിടുന്നതിലും അധികം ഒഴുകിയെത്തുന്നു

കെ ടി രാജീവ‌്Updated: Saturday Aug 11, 2018



സംഭരണിയിൽ ക്രമാതീതമായി ജലനിരപ്പ‌് ഉയർന്നതിനെ തുടർന്ന‌് ഇടുക്കി ചെറുതോണിയിലെ അഞ്ച‌് ഷട്ടറുകളും തുറന്നു. തീരത്തുള്ളവരെയെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക‌് മാറ്റി. അഞ്ച‌് ഷട്ടറുകളിലൂടെ  സെക്കൻഡിൽ ഏഴുലക്ഷം ലിറ്റർ(700 ഘനയടി) വെള്ളമാണ‌് പുറത്തേക്ക‌് ഒഴുകുന്നത‌്.  50,000 ലിറ്റർ ജലം തുറന്നുവിട്ട‌്  പരീക്ഷണാടിസ്ഥാനത്തിലാണ് ഒരു ഷട്ടർ തുറന്നത്. എന്നാൽ, നീരൊഴുക്ക് ശക്തമായതിനെത്തുടർന്ന് ഷട്ടർ തുറന്നുതന്നെ വച്ചു. വെള്ളിയാഴ്ച രാവിലെ ഏഴിന് രണ്ടുഷട്ടറുകൾ കൂടിതുറന്നു. സംഭരണിയിലെ ജലനിരപ്പ‌് 2401 പിന്നിട്ടപ്പോളാണ‌് സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം തുറന്നുവിട്ടത‌്. പിന്നീട‌് 2401.50 അടി പിന്നിട്ടപ്പോൾ ഒരു മണിക്കും ഒന്നേമുക്കാലിനും രണ്ട‌ുഷട്ടർ കൂടി തുറന്നു. ഇതോടെ  ചെറുതോണി പാലം മുങ്ങി.

മരങ്ങളും കടപുഴകി. കനത്ത മഴയെതുടർന്ന‌് ഒരു സെക്കൻഡിൽ 950 ഘനയടിയാണ‌് ഇടുക്കി സംഭരണിയിലേക്ക‌്  എത്തുന്നത‌്.
വൈദ്യുതി ഉൽപാദനത്തിലൂടെ പുറത്തുവിടുന്ന വെള്ളവും കഴിഞ്ഞാൽ  150 ഘനയടി ഡാമിൽ നിൽക്കുന്നു. സംഭരണിയുടെ പരമാവധി ശേഷി 2403 അടിയാണ‌്. വെള്ളിയാഴ‌്ച വൈകിട്ടോടെ ജലനിരപ്പ‌് 2401.76 അടിയിലെത്തി. ഇതിനുശേഷം 0.06 അടിയുടെ കുറവുണ്ടായി.

കഴിഞ്ഞ ഒരു ദിവസം ഇടുക്കിയിൽ പെയ‌്തത‌് 129.8 മി. മീറ്റർ മഴ. 250 ചതുരശ്ര മൈലാണ‌് ഇടുക്കി പദ്ധതിപ്രദേശം. മുല്ലപ്പെരിയാർ അണക്കെട്ട‌് പിന്നിടുന്ന പെരിയാർ വഴികളിൽ മഴ ശക്തമാണ‌്. . ഇതിന‌് മുമ്പ‌് 1981 ലും 1992 ലും അഞ്ച‌് ഷട്ടറും തുറന്നിരുന്നു. 92 ൽ രാത്രിയിലാണ‌് എല്ലാ ഷട്ടറുകളും തുറന്നത‌്. മന്ത്രി എം എം മണിയും മുഖ്യമന്ത്രിയുടെ ഓഫീസും നേരിട്ട‌് അപ്പപ്പോൾ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട‌്. 

ചെറുതോണി ഡാമിൽ നിന്നുള്ള വെള്ളം പെരിയാറിലേക്ക് ഒഴുകുന്ന വഴികളെല്ലാം നിയന്ത്രണാധീനമാണെന്നും ജനങ്ങളുടെ രക്ഷയ്ക്കുള്ള എല്ലാ നടപടികളും സ്വീകരിച്ചുവെന്നും  കലക്ടർ  കെ ജീവൻബാബു പറഞ്ഞു. ഡാമിൽ നിന്നുള്ള വെള്ളം ഒഴുകുന്ന അഞ്ച് പഞ്ചായത്തിലെ പുഴയോരങ്ങളിൽ  താമസിക്കുന്നവരെയെല്ലാം മാറ്റിപാർപ്പിച്ചു.  ഇടുക്കി താലൂക്കിൽമാത്രം ഏഴ‌് ക്യാമ്പ‌്  തുറന്നു. അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top