22 September Saturday

ചെറുതല്ല, ചെറുത്തുനിൽപ്പ്‌ ; ചെറുതോണിപ്പാലം വീണ്ടും സജീവം

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

പ്രളയത്തിൽ മുങ്ങിപ്പോയ ഇടുക്കിയിലെ ചെറുതോണി പാലം ചെറുവാഹനങ്ങൾക്കായ്‌ തുറന്നുകൊടുത്തപ്പോൾ


ചെറുതോണി
‘ഇടുക്കി അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാലേ ചെറുതോണിപ്പാലത്തിനും അപകടം സംഭവിക്കൂ.’ മൂന്നാഴ്ച മുമ്പ‌് ചെറുതോണിയിലെ പഴമക്കാർ പറഞ്ഞത് അക്ഷരാർഥത്തിൽ സത്യമായി. കനേഡിയൻ എൻജിനിയറിങ‌് വൈഭവത്തിൽ നിർമിച്ച ചെറുതോണി പാലം കരുത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പര്യായമായി.  1960 കളിൽ ഇടുക്കി ആർച്ച് ഡാമിന്റെ നിർമാണത്തിന് ആവശ്യമായ സാധനങ്ങൾ കൊണ്ടുപോകുന്നതിനായി നിർമിച്ച ഈ പാലത്തിലൂടെ സെക്കൻഡിൽ 16 ദശലക്ഷം ലിറ്റർ വെള്ളം ഒഴുകിപോയിട്ടും കാര്യമായ പരിക്കുകളേൽക്കാതെ അതിജീവിച്ചു. 300 വർഷം പഴക്കമുള്ള കൂറ്റൻ ഈട്ടിത്തടിയും തേക്കിൻതടിയും വന്നിടിച്ചിട്ടും പാലത്തിന് ക്ഷതമേറ്റില്ല. പാലത്തിന് തൊട്ടു മുകളിലായി ജില്ലാ പഞ്ചായത്ത് നിർമിച്ചിരുന്ന ചെക്ക് ഡാം വെള്ളപ്പാച്ചിലിൽ ഒരു ഭാഗം തകർന്ന‌് പാലത്തിന്റെ തൂണിൽ വന്നിടിച്ചിട്ടും കുലുക്കമുണ്ടായില്ല. ശക്തമായ വെള്ളമൊഴുക്കിൽ പാലത്തിനോട‌് ചേരുന്ന കരഭാഗത്തെ മണ്ണ‌് ഒലിച്ചുപോയതാണ‌് ഗതാഗതം തടസ്സപ്പെടാൻ കാരണമായത‌്. 

‘സബ്മേസിബിൾ ബ്രിഡ്ജ്’ എന്നാണ് ഇന്ത്യൻ എൻജിനിയർമാർ ഇതിനെ നാമകരണം ചെയ്യുന്നത്. കിണറുകളിൽ വെള്ളത്തിലിടുന്ന മോട്ടറുകൾക്ക് തുല്യം.

പാലത്തിനു മുകളിൽ ഒരുമീറ്റർ ഉയരത്തിൽ ജലം ഉയർന്നൊഴുകിയാലും ഒന്നും സംഭവിക്കില്ലെന്നാണ് നിഗമനം. അതേസമയം ചെറുതോണി പാലത്തിന് മൂന്നു മീറ്റർ ഉയരത്തിലും ജലം ഉയർന്നൊഴുകിയിട്ടും ഒന്നും സംഭവിച്ചില്ല. പാലം വെള്ളിയാഴ്ച വൈകിട്ട് നാലോടെ വീണ്ടും സഞ്ചാരത്തിനായി തുറന്നുകൊടുത്തു. ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാലാണ‌് ആദ്യവാഹനം ഓടിച്ച് യാത്രക്കാർക്കായി പാലം തുറന്നുനൽകിയത്.

കെഎസ്‌്ആർടിസി ഡയറക്ടർ സി വി വർഗീസും ചടങ്ങിൽ പങ്കെടുത്തു. ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ടാണ് ദേശീയപാത വിഭാഗം പാലത്തോടുചേർന്ന് പുതിയറോഡ് നിർമിച്ച് ചെറിയവാഹനങ്ങൾക്ക് പോകാൻ സാഹചര്യമൊരുക്കിയത്. കൂറ്റൻ പാറക്കഷണങ്ങൾ അടുക്കിയാണ് പാലത്തിനു സമീപം രൂപപ്പെട്ട വിടവ് നികത്തിയത്. വലിയ വാഹനങ്ങൾക്ക് പോകാൻകഴിയുമോയെന്ന കാര്യവും പരിശോധിച്ച് വരികയാണ്.


പ്രധാന വാർത്തകൾ
Top