10 December Monday

ചേന്ദമംഗലം കൈത്തറി പുനരുദ്ധാരണം: പ്രതീക്ഷിക്കുന്നത് 5.13 കോടി ചെലവ് ‐ ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 19, 2018

തിരുവനന്തപുരം > ചേന്ദമംഗലം കൈത്തറി പുനരുദ്ധാരണത്തിന് 5.13 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. പ്രളയം ബാധിച്ച എറണാകുളം ചേന്ദമംഗലം കൈത്തറി മേഖലയുടെ പുനർനവീകരണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
   
53 തറികൾ പൂർണമായി തകർന്നിട്ടുണ്ട്. ഒരു തറിക്ക് 50,000 രൂപ ചെലവ് വരുമെന്ന് കരുതുന്നു. ഭാഗികമായി നശിച്ച 202 തറികൾ നന്നാക്കുന്നതിന് ഒരു തറിക്ക് 10,000 രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. 255 തറികളുടെ ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇത് നന്നാക്കുന്നതിന് 25.5 ലക്ഷം രൂപ ചെലവ് വരും. പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറായി കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. എംഎൽഎമാരായ എസ് ശർമ്മ, വി ഡി സതീശൻ, ഹാന്റക്‌സ് ചെയർമാൻ, എം ഡി, യൂണിയൻ പ്രതിനിധികൾ, കൊച്ചിൻ ഷിപ്പ് യാർഡ്, പെട്രോനെറ്റ് എൽഎൻജി, കാഡ്‌കോ എന്നിവരുടെ പ്രതിനിധികളുണ്ടാവും.
   
കൊച്ചിൻ ഷിപ്പ് യാർഡ്, എൽഎൻജി, ഹാന്റക്‌സ് എന്നിവർ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവും. അടുത്ത ആറു മാസത്തേക്ക് ആവശ്യമായ ഉത്പാദന സാമഗ്രികൾ ഹാന്റക്‌സ് നെയ്ത്തുകാർക്ക് നൽകും. ഇവരുടെ ഉത്പന്നങ്ങൾ വാങ്ങുകയും ചെയ്യും.
   
ബാങ്കുകളിൽ നിന്ന് വായ്പ എടുത്തിട്ടുള്ളവർക്ക് തിരിച്ചടവിന് സാവകാശം നൽകാൻ സർക്കാർ ഇടപെടണമെന്ന നിർദ്ദേശം യോഗത്തിലുണ്ടായി. ഡൈഹൗസ്, വർക്ക്‌ഷെഡ്, സേവന കേന്ദ്രം, കെട്ടിടങ്ങൾ എന്നിവയുടെ നാശവും തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇവ നന്നാക്കുന്നതിനും നടപടിയുണ്ടാവും.
   
എംഎൽഎമാരായ എസ് ശർമ്മ, വി ഡി സതീശൻ, കൊച്ചിൻ ഷിപ്പ്‌യാർഡ് ചീഫ് ജനറൽ മാനേജർ എം ഡി വർഗീസ്, പെട്രോനെറ്റ് എൽഎൻജി സീനിയർ വൈസ് പ്രസിഡന്റ് ടി എൻ നീലകണ്ഠൻ, ഹാന്റക്‌സ് മുൻ ചെയർമാൻ കെ പി സദാനന്ദൻ, കാഡ്‌കോ എം ഡി വിനോദ്‌കുമാർ, ഹാന്റക്‌സ് എംഡി അനിൽകുമാർ കെ എസ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top