21 January Monday

ചെങ്ങന്നൂര്‍: രണ്ടാംഘട്ട പ്രവര്‍ത്തനം തുടരും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ സ്‌കൂളില്‍ പൊലീസ് ഉദ്യോഗസ്ഥനോട് സൗഹൃദം പങ്കുവെക്കുന്ന കുട്ടികള്‍, ഫോട്ടോ: ആര്‍ സഞ്ജീവ്‌

ചെങ്ങന്നൂര്‍ > പ്രളയക്കെടുതിയില്‍ മുങ്ങിയ ചെങ്ങന്നൂരില്‍ ഏഴു നാള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിജയമെന്ന് സജി ചെറിയാന്‍ എംഎല്‍എ. 85,000 ലേറെ ആളുകളെ മരണത്തില്‍ നിന്ന് കരകയറ്റിയ രക്ഷാപ്രവര്‍ത്തനം കേരളം കണ്ടതില്‍ ഏറ്റവും വലുതാണ്. സംസ്ഥാന ഗവണ്‍മെന്റിന്റ പൂര്‍ണ പിന്തുണ രക്ഷാപ്രവര്‍ത്തനത്തിനു സഹായകമായി. കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായവും ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മേല്‍നോട്ടത്തില്‍ മന്ത്രിമാരായ തോമസ് ഐസക്ക്, ജി സുധാകരന്‍, പി തിലോത്തമന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, കെ കെ ഷൈലജ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

രണ്ട് ലക്ഷം പേരെ ഇവിടെ മാത്രം പ്രളയം നേരിട്ട് ബാധിച്ചു. പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ബുധനൂര്‍ ' മാന്നാര്‍ പഞ്ചായത്തുകള്‍ പൂര്‍ണമായും നഗരസഭ, വെണ്‍മണി, ചെറിയനാട് പഞ്ചായത്തുകള്‍ ഭാഗികമായും മുങ്ങി. 500 കോടി രൂപയിലേറെ നഷ്ടമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച്ച രാവിലെ മുതല്‍ വെള്ളം കയറിയ ഭാഗങ്ങളിലെ അടഞ്ഞു കിടക്കുന്നവയും ഒറ്റപ്പെട്ടതുമായ വീടുകളുള്‍പ്പെടെ രക്ഷാപ്രവര്‍ത്തകര്‍ എത്തി പരിശോധിച്ചു. അപകടങ്ങളൊന്നും കണ്ടെത്തിയില്ല.

400 ബോട്ടുകളിലെത്തിയ 1200 മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ നല്‍കിയ സംഭാവന വിലപ്പെട്ടതാണ്‌. പമ്പ നദിയിലെ കനത്ത ഒഴുക്കു മറികടന്ന് 50000 ലേറെ പേരെ ഇവര്‍ രക്ഷപെടുത്തി ഇവരെ കൂടാതെ കര,നാവിക വ്യോമ സേനകളും, എന്‍ഡിആര്‍ഫ്, സിഐഎസ്എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ്, റവന്യം, വനം ഉദ്യോഗസ്ഥരാണ് അഞ്ച് നാള്‍ നീണ്ട വിശ്രമരഹിത ദൗത്യത്തില്‍ മുഴുകിയത്.

രക്ഷാപ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടം തുടരും. സര്‍ജിക്കല്‍ ഡ്രൈക്കുകളില്‍ പങ്കെടുത്തിടുള്ള സേനാംഗങ്ങളെ ഉള്‍പ്പെടെ ഇതിനായി നിയോഗിക്കും. ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളില്‍  ഭക്ഷണമെത്തിക്കുന്ന നടപടികള്‍ തുടരും. സര്‍വതും നഷ്‌ടപ്പെട്ട ഒരു ലക്ഷത്തിലേറെയാളുകള്‍ 132 ദുരിതാശ്വാസ കേന്ദ്രങ്ങളിലും കൂടാതെ വെള്ളം കയറാത്ത വീടുകളുടെ ടെറസുകളിലുള്‍പ്പെടെ ആയിരത്തിലേറെ ക്യാമ്പുകളിലായി ഒരു ലക്ഷത്തിലേറെ ആദ്യകള്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊരുക്കുകയാണ് അടുത്ത ഘട്ട പ്രവര്‍ത്തനം. ക്യാമ്പില്‍ വരാന്‍ സാധിക്കാതെ ദുരിതബാധിതരായി വീടുകളില്‍ കഴിയുന്നവര്‍ക്കു കൂടി ക്യാമ്പില്‍ ഭക്ഷണം നല്‍കും.

രക്ഷ നേടി എത്തുന്നവരെ അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ക്യാമ്പുകളില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്ക് സാരി, കൈലി ,പാത്രങ്ങള്‍ എന്നിവ നല്‍കും. ആവശ്യമുള്ള ക്യാമ്പുകളില്‍ ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. ക്യാമ്പുകളില്‍ കുളിക്കുന്നതിനും പാത്രങ്ങള്‍ കഴുകുന്നതിനുമുള്ള ജലം ക്ലോറിനേറ്റ് ചെയ്യും.

ഓരോ ക്യാമ്പിനും ശുചിത്യ ബ്രിഗേഡ് രൂപീകരിക്കും. മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനു വേണ്ടി ഇന്‍സിനേറ്റര്‍ സ്ഥാപിക്കും. ക്യാമ്പില്‍ പ്രവേശനം നിയന്ത്രിതമാക്കും. പുറത്തു നിന്നും പാകം ചെയ്‌ത ഭക്ഷണം ക്യാമ്പില്‍ വിതരണം ചെയ്യുന്നത് തടയും. ഓരോ ക്യാമ്പിലും മൈക്ക്, ജനറേറ്റര്‍ എന്നിവ ഒരുക്കും. ഓരോ ക്യാമ്പിലും ഫീഡിംഗ് റൂം സജ്ജമാക്കും. ക്യാമ്പുകളുടെ സുരക്ഷയ്ക്കായി വനിതകള്‍ ഉള്‍പ്പെടൈ മൂന്ന് പോലീസുകാരെ നിയമിക്കും.

വെള്ളപ്പൊക്കം മൂലം നാല്‍പ്പതിനായിരത്തിലേറെ വീടുകളില്‍ പൂര്‍ണ്ണമായി ചെളിയടിഞ്ഞ നിലയിലാണ്. ഇതു നീക്കം ചെയ്യുന്നതിന് യുവജന, സന്നദ്ധ സംഘടനകളുടെയടക്കം സഹായം തേടും. ആവശ്യമായ മുഴുവന്‍ സ്ഥലങ്ങളിലും കുടിവെള്ളം വിതരണം ചെയ്യും. ആരോഗ്യ പ്രവര്‍ത്തകരുടെ പ്രത്യേക ശ്രദ്ധ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ തുടരുന്നുണ്ട്. വീടും വസ്‌തുക്കളും നഷ്ടപ്പെട്ട് ക്വാമ്പില്‍ കഴിയുന്നവര്‍ക്കു വേണ്ടി എല്ലാ ക്യാമ്പിലും കൗണ്‍സിലിംഗ് സെന്ററുകള്‍ ആരംഭിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

എ എം ആരിഫ് എംഎല്‍എ, ജില്ല കളക്‌ടര്‍ എസ് സുകേശ്, പോലീസ് ചീഫ് എസ് സുരേന്ദ്രന്‍, സ്‌ക്വാഡ്രന്‍ ലീഡര്‍ അനീഷ വി തോമസ്  , മേജര്‍ ഹേമന്ദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top