22 June Friday

കെഎസ്ആർടിസി ബസിനടിയിൽ ബൈക്ക്‌ പെട്ട്‌ വിദ്യാർഥി മരിച്ചു; അപകടം ചങ്ങനാശേരിക്കടുത്ത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

ചങ്ങനാശേരി > കെഎസ്ആർടിസി ബസിനടിയിൽപെട്ട് ബൈക്കിൽ യാത്രചെയ്‌തിരുന്ന വിദ്യാർഥി മരിച്ചു. ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി പടിഞ്ഞാറേ പഴയ മഠത്തിൽ പ്രദീപിന്റെ മകൻ അഖിൽ പ്രദീപ് (24) ആണ് മരിച്ചത്. പകൽ മൂന്ന്‌ മണിയോടെ ആലപ്പുഴ‐ചങ്ങനാശേരി റോഡിൽ പൂവ്വംകടത്തിന് സമീപമായിരുന്നു അപകടം. ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിയിലേയ്ക്ക് വന്ന കെഎസ്ആർടിസി ബസ് മുന്നിൽ പോയ കാറിനെ മറികടക്കാൻ ശ്രമിക്കവേയാണ്‌ അപകടം ഉണ്ടായതെന്ന് സമീപവാസികൾ പറഞ്ഞു. 

ചങ്ങനാശ്ശേരി പെരുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പിഎസ്‌സി കോച്ചിങ് കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു അഖിൽ. ആലപ്പുഴ ഭാഗത്തു നിന്നും വന്ന ബസ്‌ മുന്നിലായി സഞ്ചരിച്ചിരുന്ന കാർ വേഗത കുറച്ചതോടെ കാറിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ്‌ എതിരെ ബൈക്കിൽ പോവുകയായിരുന്ന അഖിൽ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ടത്‌. ബസിന്റെ മുൻവശത്തെ ടയർ അഖിലിന്റെ ദേഹത്തുകൂടി കയറി ഇറങ്ങി.

അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ അതു വഴിയെത്തിയ ഒരു വാഹനത്തിൽ ഉടൻ തന്നെ അഖിലിനെ ചങ്ങനാശ്ശേരി താലൂക്ക് ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അഖിലിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടത്തിനു ശേഷം വ്യാഴാഴ്‌ച പകൽ മൂന്നിന്‌ പുളിങ്കുന്നിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.
മാതാവ്: സുജ. സഹോദരൻ: അഭിജിത്ത്

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top