25 June Monday

കരുണ എസ്റ്റേറ്റ് നികുതി : മുന്‍ സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2017


തിരുവനന്തപുരം > പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയില്‍ പോബ്സ് ഗ്രൂപ്പിന്റെ കൈവശമുള്ള 800 ഏക്കറോളം വരുന്ന കരുണ എസ്റ്റേറ്റ് ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കരുണ എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയില്‍ തര്‍ക്കം നിലനില്‍ക്കെയാണ് നികുതി സ്വീകരിക്കാന്‍ 2016 മാര്‍ച്ചില്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് 2016 ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 30 വരെയുള്ള വിവാദ മന്ത്രിസഭാതീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം തീര്‍പ്പാക്കാതെ നികുതി സ്വീകരിച്ചത് തെറ്റാണെന്ന് ഉപസമിതി കണ്ടെത്തി. തോട്ടം ഉടമകളെ സഹായിക്കാനാണ് ഉത്തരവ് ഇറക്കിയത്. ഉപസമിതിയുടെ ശുപാര്‍ശപ്രകാരമാണ് തീരുമാനം റദ്ദാക്കിയത്.

തിരുവനന്തപുരം ടെന്നീസ് ക്ളബ്ബിന്റെ കൈവശമുള്ള 4.27 ഏക്കര്‍ ഭൂമിയുടെ പാട്ടക്കുടിശ്ശിക പിരിച്ചെടുക്കുന്നതിന് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പാട്ടക്കുടിശ്ശിക തുകയുടെ 0.2 ശതമാനംമാത്രം ഈടാക്കി പാട്ടം പുതുക്കി നല്‍കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ശുപാര്‍ശ നല്‍കാന്‍ നിര്‍ദേശിച്ചത്.

ഭൂമാഫിയകളെയും അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയവരെയും സഹായിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് നിരവധി കടുംവെട്ട് തീരുമാനങ്ങളാണ് എടുത്തിരുന്നത്. ഈ തീരുമാനങ്ങളെല്ലാം പുനഃപരിശോധിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ എ കെ ബാലന്‍ കണ്‍വീനറായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചത്.

പ്രധാന വാർത്തകൾ
Top