22 September Saturday

ഹോമിയോ ഡിസ്‌പെന്‍സറികളില്‍ 10 പുതിയ തസ്‌തികള്‍; വിവിധ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടത്താനും മന്ത്രിസഭാ തീരുമാനം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018

തിരുവനന്തപുരം > പുതുതായി അനുവദിച്ച ഹോമിയോ ഡിസ്‌പെന്‍സറികളില്‍ പത്ത് മെഡിക്കല്‍ ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. പെരിങ്ങളം, വളപട്ടണം, കാറളം, താന്ന്യം, ചൊവ്വന്നൂര്‍, പറപ്പൂക്കര, ഒഴുവൂര്‍, മുണ്ടൂര്‍, നെല്ലിയാമ്പതി, തേങ്കുറിശ്ശി എന്നീ ഡിസ്‌പെന്‍സറികളിലാണ് ഓരോ തസ്തിക വീതം അനുവദിക്കുന്നത്.

മലബാര്‍ കാന്‍സര്‍ സെന്ററിലെ അക്കാദമിക് ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം അനുവദിക്കാന്‍ തീരുമാനിച്ചു. മലബാര്‍ കാന്‍സര്‍ സെന്ററിലെ നോണ്‍ അക്കാദമിക് വിഭാഗത്തിലെ 27 തസ്തികകള്‍ക്ക് ആര്‍.സി.സി.യിലെ ശമ്പളത്തിനും ആനുകൂല്യത്തിനും തുല്യമായ ശമ്പള പരിഷ്‌കരണം അനുവദിക്കും. ആറുമാസത്തിനകം സ്‌പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കണമെന്ന ഉപാധിയോടെയാണ് ഈ തീരുമാനം. ഇതിനു പുറമെ 23 തസ്തികകള്‍ക്ക് ആര്‍.സി.സി.യിലെ ആനുകൂല്യങ്ങള്‍ക്ക് തുല്യമായ ശമ്പളപരിഷ്‌കരണം നടപ്പാക്കും.

തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്ററിലെ നഴ്‌സിംഗ് അസിസ്റ്റന്റ് (87), ക്ലീനര്‍ (53) തസ്തികകളില്‍ ശമ്പളപരിഷ്‌കരണം അനുവദിക്കാന്‍ തീരുമാനിച്ചു.

ആര്‍.സി.സി.യില്‍ ഗൈനക്കോളജിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റിന്റെ താല്‍ക്കാലിക തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയിലെ സ്ഥിരം തസ്തികകളില്‍ ശമ്പള പരിഷ്‌ക്കരണം അനുവദിക്കാന്‍ തീരുമാനിച്ചു.

തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിഭാഗം ആരംഭിക്കുന്നതിന് ഒരു അസോസിയേറ്റ് പ്രൊഫസറുടേയും രണ്ടു വീതം അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റസിഡന്റ് എന്നിവരുടെയും തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ആഭ്യന്തര (എച്ച്) വകുപ്പില്‍ ഒരു സെക്ഷന്‍ ഓഫീസറും അഞ്ച് അസിസ്റ്റന്റ്മാരും അടങ്ങിയ പുതിയ സെക്ഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.

2018ലെ കേരള സ്‌പോര്‍ട്‌സ് ഭേദഗതി ബില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

മറ്റ് പ്രധാന മന്ത്രിസഭാ തീരുമാനങ്ങള്‍

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. ജെ. മേഴ്‌സിക്കുട്ടി അമ്മ (കൊല്ലം), മാത്യൂ ടി. തോമസ് (പത്തനംതിട്ട), ജി. സുധാകരന്‍ (ആലപ്പുഴ), കെ. രാജു (കോട്ടയം), എം.എം. മണി (ഇടുക്കി), വി.എസ്. സുനില്‍കുമാര്‍ (എറണാകുളം), എ.സി. മൊയ്തീന്‍ (തൃശൂര്‍), എ.കെ. ബാലന്‍ (പാലക്കാട്), കെ.ടി. ജലീല്‍ (മലപ്പുറം), ടി.പി. രാമകൃഷ്ണന്‍ (കോഴിക്കോട്), രാമചന്ദ്രന്‍ കടന്നപ്പള്ളി (വയനാട്), കെ.കെ. ശൈലജ ടീച്ചര്‍ (കണ്ണൂര്‍), ഇ. ചന്ദ്രശേഖരന്‍ (കാസര്‍ഗോഡ്) എന്നിവര്‍ മറ്റു ജില്ലകളില്‍ അഭിവാദ്യം സ്വീകരിക്കും.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top