23 September Sunday

സ്വപ‌്നങ്ങൾക്കുമേൽ പട്ടം പറത്തി സഹോദരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018

പുതുവൈപ്പ്‌ ബീച്ചിൽ പട്ടം വിൽക്കാനെത്തിയ ബെല്ലാർമിനും ബിവിനും

കൊച്ചി

അവധിക്കാലത്തും അവധിദിവസങ്ങളിലും ആകർഷകമായ വിവിധതരം പട്ടങ്ങളുമായ് ഇവർ പുതുവൈപ്പ് കടപ്പുറത്തുണ്ട്. തങ്ങൾ നിർമിച്ച പട്ടങ്ങൾക്ക് ഉയരങ്ങൾ താണ്ടാനുള്ള പ്രാപ്തിയുണ്ടെന്ന ആത്മവിശ്വാസത്തിലാണ് വിദ്യാർഥികളും സഹോദരങ്ങളുമായ ബെല്ലാർമിന്റെയും ബിവിന്റെയും പട്ടംവിൽപ്പന. നാലുവർഷംമുമ്പ് ഇരുവരുടെയും മൂത്ത സഹോദരൻ വിൻസെന്റാണ് പട്ടം നിർമിച്ച് വിൽപ്പന നടത്തിയാലോയെന്ന ആശയം മുന്നോട്ടുവച്ചത്. പിന്നീട് ഗിഫ്റ്റ്പേപ്പർ വാങ്ങി പട്ടം നിർമിച്ച് പറത്തിനോക്കി.

വിൽപ്പനയ്‌ക്കെത്തുന്ന മറ്റുപട്ടങ്ങളെപ്പോലെ തങ്ങളുടെ പട്ടങ്ങളും ഉയരുന്നുണ്ടെന്ന് കണ്ടതോടെ ധൈര്യപൂർവം വിൽപ്പനയാരംഭിച്ചു.വിൽപ്പന വിജയിച്ചതോടെ പുതുവൈപ്പിൽ ഈ സഹോദരങ്ങളുടെ പട്ടങ്ങൾ ഉയരാത്ത അവധിദിവസങ്ങൾ ഇല്ലാതെയായി. ഇടപ്പള്ളി നോർത്ത് ജിവിഎച്ച്എസ്എസിൽ പ്ലസ്ടു ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ് ബിവിൻ. കളമശേരിയിൽ ഐടിഐ വിദ്യാർഥിയാണ് ബെല്ലാർമിൻ. ഡിഗ്രി കഴിഞ്ഞതോടെ മൂത്തസഹോദരൻ വിൻസെന്റ് പുതുവൈപ്പിൽ പട്ടം വിൽക്കാനായി എത്തുന്നതു കുറഞ്ഞു.

വിദേശത്ത് ജോലിക്കായി ശ്രമിക്കുകയാണ് വിൻസെന്റ്.സീസണായാൽ ഒരു ദിവസം 2,000 രൂപവരെ സമ്പാദിക്കാനാകും. അല്ലാത്ത ദിവസങ്ങളിൽ 400500 രൂപകൊണ്ട് തൃപ്തിപ്പെടേണ്ടിവരും. പുതുവൈപ്പ് സ്വദേശികളായ റിയൽ എസ്റ്റേറ്റ് ബിസിനസ‌് നടത്തുന്ന റോയിയും വീട്ടമ്മയായ ലിസയുമാണ് മാതാപിതാക്കൾ.

പ്രധാന വാർത്തകൾ
Top