26 September Wednesday

കൊച്ചിയില്‍ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മരണം; മരിച്ചത് കുളച്ചല്‍ സ്വദേശികള്‍; തിരച്ചിൽ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

കൊച്ചി > കൊച്ചി മുനമ്പത്തുനിന്നും നിന്നും മത്സ്യ ബന്ധനത്തിനു പോയ ബോട്ടിൽ ചേറ്റുവ പുറംകടലില്‍വെച്ച്‌ കപ്പലിടിച്ച് മൂന്ന് പേര്‍ മരിച്ചു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് മരണപ്പെട്ടത്. ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയി.

കുളച്ചല്‍ സ്വദേശികളായ യുഗനാഥൻ, യാക്കൂബ്‌, മനിക്കൊടി എന്നിവരാണ്‌ മരിച്ചത്‌.  മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചു. 14 പേരുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.  തൊഴിലാളികളിൽ പറവൂർ സ്വദേശി ഷൈജു ഒഴികെ  മറ്റുള്ളവരെല്ലാം ബംഗാൾ , തമിഴ്‌നാട്‌ സ്വദേശികളാണ്‌. രണ്ടുപേരെ രക്ഷിച്ച്‌ കരയിലെത്തിച്ചു. ബംഗാൾ സ്വദേശി നരൻ സർക്കാർ, തമിഴ്‌നാട്‌ രാമൻതുറെ സ്വദേശി എഡ്‌വിൻ എന്നിവരെയാണ്‌ രക്ഷിച്ചത്‌. ഇവരെ പറവുർ താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റുള്ളവർക്കായി തുരച്ചിൽ തുടരുകയാണ്‌. നേവിയും കോസ്‌റ്റുഗാർഡും തെരച്ചലിനുണ്ട്‌.രണ്ട്‌ ഹെലികോപ്‌റ്റും ഒരു കപ്പലും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്‌.

ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് ചേറ്റുവ പുറം കടലിലാണ് അപകടമുണ്ടായത്.മുനമ്പത്ത് നിന്നും 28 നോട്ടിക്കൽ മൈൽ അകലെ കപ്പൽച്ചാലിലായിരുന്നു അപകടം. മുനമ്പത്ത് നിന്നും പോയ ഓഷ്യാനിക്‌  എന്ന മത്സ്യബന്ധന ബോട്ടിലാണ് കപ്പലിടിച്ചത്. പോണത്ത്‌ സാമ്പന്റെ ബോട്ടാണ്‌ അപകടത്തിൽ പെട്ടത്‌.  കപ്പല്‍ ഏതാണെന്ന് ഇത് വരെ കണ്ടത്താനായിട്ടില്ല. 

അപകടമുണ്ടാക്കിയ കപ്പൽ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് റൂറൽ എസ്പി രാഹുൽ ആർ നായർ പറഞ്ഞു.  തകര്‍ന്ന ബോട്ടിന്റെ പലക കഷ്ണങ്ങള്‍ക്കിടയിൽ നിന്നാണ് മത്സ്യതൊഴിലാളികളെ കണ്ടെടുത്തത് എന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ബോട്ടിന്റെ ഉടമ പറഞ്ഞു.

സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളം കലക്‌ടറോട്‌ ആവശ്യപ്പെട്ടു. ബോട്ട് അപകടത്തിൽ ഉൾപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top