19 November Monday

യൂണിയന്‍ ഫണ്ട് ആവശ്യപ്പെട്ട വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല; പ്രതികാര നടപടിയുമായി മാനേജ്‌മെന്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

കൊണ്ടോട്ടി > യൂണിയന്‍ ഫണ്ട് ചോദിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥികളെ കൂട്ടത്തോടെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ ലീഗ് നേതൃത്വത്തിലുള്ള കോളേജ് മാനേജ്‌മെന്റും പ്രിന്‍സിപ്പലും. കൊണ്ടോട്ടി വലിയപറമ്പ് ബ്ലോസം ആര്‍‌‌‌‌ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകരോടാണ് പ്രതികാര നടപടി. ഇതോടെ അമ്പതോളം വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലായി.

1,20,000 രൂപയാണ് കോളേജിലേക്കുള്ള യൂണിയന്‍ ഫണ്ട്. കോളേജ് മാഗസിന്‍ ഇറക്കാന്‍ 5500 രൂപയും നല്‍കണം. എസ്എഫ്ഐ യൂണിയന്റെ ഭരണം ഏറ്റെടുത്തതോടെ തുക യഥാസമയം നല്‍കാതെയായി. എംഎസ്എഫിന്റെ കുത്തകയായിരുന്ന കോളേജ് യൂണിയന്‍ തിരിച്ചുപിടിച്ചതാണ്  വിദ്യാര്‍ഥികള്‍ക്കെതിരെ ക്രൂരനടപടിയെടുക്കാന്‍  പ്രിന്‍സിപ്പല്‍ ടി പി അഹമ്മദിനെ പ്രേരിപ്പിച്ച ഘടകം. ഇദ്ദേഹം മുസ്ലിംലീഗ് നേതാവും കലിക്കറ്റ് സര്‍വകലാശാലാ മുന്‍ സിന്‍ഡിക്കറ്റ് അംഗവുമാണ്.

യൂണിയന്‍ ഫണ്ട് ചോദിച്ചതിന്റെ പേരില്‍ അമ്പതോളം വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. ഇതിനെതിരെ സമരംചെയ്തവരുടെ ഹാജറും വെട്ടിക്കുറച്ചു. സര്‍വകലാശാലയില്‍ പരാതി നല്‍കിയതോടെ പതിനെട്ടോളം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ ചെന്നെങ്കിലും അവരെയും അപമാനിച്ചു. കൃത്യസമയത്ത് പരീക്ഷാ ഹാളില്‍ കയറ്റിയില്ല. രജിസ്റ്റര്‍ നമ്പര്‍ തിരുത്തിച്ചും പകരം പേരെഴുതിച്ചും മൂല്യനിര്‍ണയത്തിന് പരിഗണിക്കാതിരിക്കാന്‍ നടപടിയെടുത്തു. ലീഗ് മാനേജ്മെ‌‌‌‌‌‌ന്റിന് കീഴിലുള്ള ഇഎംഇഎ കോളേജ് പ്രിന്‍സിപ്പലായിരുന്ന കാലയളവിലും പ്രിന്‍സിപ്പല്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ പ്രതികാര നടപടികളെടുത്തിരുന്നു.

സമരംചെയ്‌ത വിദ്യാര്‍ഥികള്‍ക്കുണ്ടായിരുന്ന 84 ശതമാനം അറ്റന്‍ഡന്‍സ് 52 ശതമാനമാക്കിയാണ് തിരുത്തിയത്. കായികമേളയില്‍ പങ്കെടുക്കാന്‍ പോയവര്‍ക്കും  യഥാസമയം അറ്റന്‍ഡന്‍സ് നല്‍കിയില്ല. പ്രിന്‍സിപ്പലിനെതിരെ നടപടിവേണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top