21 November Wednesday

അകക്കണ്ണില്‍ കണ്ട ദുരിതജീവിതങ്ങള്‍ക്ക് അധ്യാപകന്റെ ആദ്യശമ്പളം

സ്വന്തം ലേഖികUpdated: Monday Aug 6, 2018

ഫോട്ടോ: ജഗത് ലാല്‍

 

കോഴിക്കോട് > ലോകത്തിന്റെ വര്‍ണക്കാഴ്ചകള്‍ ഒന്നും ഈ അധ്യാപകന് കാണാന്‍ കഴിയില്ല. പക്ഷേ, അകക്കണ്ണുകൊണ്ട് നിറം വാര്‍ന്ന ജീവിതം കാണാം. അതുകൊണ്ടു തന്നെ  ആദ്യമായി കിട്ടിയ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്   ഈ അധ്യാപകന്‍ കൈമാറിയത്. അവിടനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംഗീത അധ്യാപകനായ ടി യു ഷാംജുവാണ് തന്റെ ആദ്യ ശമ്പളം കുട്ടനാട്ടിലെ പെയ്തുതോരാത്ത ദുരിത ജീവിതങ്ങള്‍ക്ക്  ആശ്വാസമേകാനായി നീക്കിവച്ചത്.
 
കാഴ്ചയുടെ ലോകം അന്യമായ തനിക്ക് സമൂഹത്തില്‍നിന്ന് ലഭിച്ച സഹായവും സഹകരണവും തിരികെ നല്‍കാനുള്ള ശ്രമത്തിന്റെ തുടക്കമാണിതെന്നാണ് ഷാംജുവിന്റെ പക്ഷം. ഒരു  സാധാരണകുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ഷാംജു പാലക്കാട് ചിറ്റൂര്‍ ഗവ. കോളേജില്‍ നിന്നാണ് സംഗീതത്തില്‍ ബിരുദം നേടിയത്. ജന്മനാ കാഴ്ചയില്ലെങ്കിലും പഠനത്തില്‍ എന്നും മുന്നിലായിരുന്നു. അച്ഛന്‍ ടി യു ബാലന്റെ കച്ചവടത്തില്‍നിന്നുള്ള തുച്ഛവരുമാനംകൊണ്ട്  സഹോദരനും അമ്മ വനജയും അടങ്ങുന്ന കുടുംബം ജീവിച്ചു.

 പഠനകാലയളവിലും മറ്റും പല സഹായങ്ങളും ലഭിച്ചുവെന്ന് ഷാംജു പറയുന്നു. ഇതിനെ തുടര്‍ന്നാണ് ജീവിതത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി തന്റെ പങ്കും നീക്കിവയ്ക്കാനുള്ള തീരുമാനം. കഴിഞ്ഞ വര്‍ഷം എസ്എസ്എയുടെ കീഴില്‍ താല്‍ക്കാലിക സംഗീതാധ്യാപകനായിരുന്നു. ഇതിനിടെ സംഗീതാധ്യാപകനാകാനുള്ള പിഎസ്‌സി പരീക്ഷ എഴുതി. ഒന്നാം റാങ്കോടെയാണ് ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ്  റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.

ജൂണില്‍തന്നെ നിയമനം നേടാനായി. നിയമനം ദ്രുതഗതിയിലാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനുള്ള നന്ദിയും ഷാംജു അറിയിച്ചു. കെഎസ്ടിഎ പ്രവര്‍ത്തകനാണ്.  സഹോദരന്‍ ഷാംലു നടക്കാവ് എസ്ബിഐയില്‍ ജോലിചെയ്യുന്നു. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ യു വി ജോസ് സംഭാവന ഏറ്റുവാങ്ങി. അവിടനല്ലൂര്‍ ഗവ. എച്ച്എസ്എസ് അധ്യാപകരായ എ സി മൊയ്തി, വി രാജന്‍, ഡോ. എം എം സുബീഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top