11 December Tuesday

ശബരിമല: ബിജെപിയില്‍ ചേരിതിരിഞ്ഞ് പരാതിപ്രവാഹം; തമ്മിലടിച്ച് ശ്രീധരന്‍പിള്ളയും മുരളീധരനും

കെ ശ്രീകണ്ഠന്‍Updated: Wednesday Nov 14, 2018

തിരുവനന്തപുരം  > ശബരിമല ഇടപെടലിനെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം മുറുകിയതിനിടെ കേന്ദ്ര നേതൃത്വത്തിന് മുമ്പില്‍ പരാതിപ്രവാഹം. സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ വി മുരളീധരന്‍പക്ഷവും തിരിച്ച് പിള്ളവിഭാഗവും തുരുതുരെ പരാതി അയക്കുകയാണ്.

ശബരിമലവിഷയം കത്തിക്കാനുള്ള അവസരം കോഴിക്കോട്ടെ വിവാദപ്രസംഗത്തിലൂടെ പിള്ള കളഞ്ഞുകുളിച്ചെന്നാണ് ഒരുവിഭാഗം പറയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പിള്ളയെ തള്ളാനും കൊള്ളാനും വയ്യെന്ന സ്ഥിതിയിലാണ് കേന്ദ്രനേതൃത്വം.

കഴിഞ്ഞദിവസം സമാപിച്ച ശബരിമല രഥയാത്ര കാര്യമായ ചലനം സൃഷ്ടിച്ചില്ലെന്നാണ് കേന്ദ്രത്തിന് കിട്ടിയ വിലയിരുത്തല്‍. തുഷാര്‍ വെള്ളാപ്പള്ളിയെ മുന്നില്‍നിര്‍ത്താന്‍ കഴിഞ്ഞതല്ലാതെ എസ്എന്‍ഡിപിയുടെ വേണ്ടത്ര പിന്തുണയുണ്ടായില്ല. അതേസമയം എന്‍ഡിഎയിലെ മറ്റു ഘടക കക്ഷികള്‍ക്ക് തികഞ്ഞ നിസ്സംഗതയായിരുന്നു. എല്ലാവരെയും കൂട്ടിയിണക്കി മുന്നോട്ടുപോകണമെന്ന കേന്ദ്രനിര്‍ദേശം പാലിക്കുന്നതില്‍ ശ്രീധരന്‍പിള്ള പരാജയപ്പെട്ടു. ഇതിനിടയില്‍ സി കെ ജാനു പരസ്യമായി തന്നെ ബിജെപിക്കെതിരെ നിലപാട് എടുക്കുകയും ചെയ്തു.

ശബരിമലയില്‍  തുലാമാസപൂജാസമയത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് കിട്ടിയ മാധ്യമശ്രദ്ധ ആര്‍എസ്എസ് നേതൃത്വത്തിന് കടുത്ത അസ്വസ്ഥതയുണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചിത്തിര ആട്ടവിശേഷ സമയത്ത്  വത്സന്‍ തില്ലങ്കേരിയെ ഇറക്കിയത്.  എന്നാല്‍ തില്ലങ്കേരിയും പ്രതീക്ഷിച്ച പോലെ ഉയര്‍ന്നില്ലെന്ന് നേതൃത്വം കുറ്റപ്പെടുത്തി. ഇരുമുടിയില്ലാതെ പടി ചവിട്ടി ആചാരലംഘനം നടത്തിയതോടെ തില്ലങ്കേരിയും അവസരം പാഴാക്കിയെന്നാണ് വിലയിരുത്തല്‍. ക്രമസമാധാനപ്രശ്‌നം സൃഷ്ടിച്ച്  സന്നിധാനത്ത് ഉള്‍പ്പെടെ ലാത്തിച്ചാര്‍ജിലോ വെടിവെയപ്പിലോ കാര്യങ്ങള്‍ എത്തിക്കാനായിരുന്നു നീക്കം. 'ഓപ്പറേഷന്‍' പാളിയത് തില്ലങ്കേരിയുടെ പിടിപ്പുകേടാണെന്നാണ് തീവ്രവിഭാഗം നിരീക്ഷിക്കുന്നത്.

ശ്രീധരന്‍പിള്ളയും മുരളീധരനും തമ്മില്‍ കടുത്ത പോരിലാണ്. യുവമോര്‍ച്ച യോഗത്തിലെ പ്രസംഗം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത് എതിര്‍ചേരിയാണെന്ന് പിള്ള കേന്ദ്ര നേതൃത്വത്തോട് പരാതിപ്പെട്ടു. പിള്ളയുടെ വിടുവായത്തമാണ് കാര്യങ്ങള്‍ വഷളാക്കിയതെന്ന മുരളീധരന്‍പക്ഷത്തിന്റെ പരാതിയെ തുടര്‍ന്ന് പിള്ളയോട് വിശദീകരണം ചോദിച്ചിരുന്നു. ഈ വിശദീകരണക്കുറിപ്പിലാണ് പിള്ള ആരോപണം ഉന്നയിച്ചത്.  തന്ത്രിയുടെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് ഓരോ സമയത്തും ഓരോന്നു പറയുന്ന പിള്ള പാര്‍ടിയുടെ വിശ്വാസം ഇടിച്ചെന്നാണ് എതിര്‍ ഗ്രൂപ്പി്‌ന്റെ ആരോപണം. ഇതെല്ലാം പ്രവര്‍ത്തകര്‍ക്കിടയില്‍ അവമതിപ്പ്  ഉളവാക്കിയെന്നാണ് മുരളി വിഭാഗത്തിന്റെ വിമര്‍ശനം.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top