13 November Tuesday

തർക്കം: ബിജെപി ഭാരവാഹിപ്പട്ടിക നീളും

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018


ബിജെപി സംസ്ഥാന ഭാരവാഹികളുടെ നിയമനം ഒരാഴ‌്ചകൂടി വൈകിയേക്കും. സംസ്ഥാന പ്രസിഡന്റ‌് അഡ്വ. പി എസ‌് ശ്രീധരൻപിള്ള അടുത്തയാഴ‌്ച ദേശീയ നേതൃത്വവുമായി കൂടിക്കാഴ‌്ച നടത്തിയ ശേഷമേ പ്രഖ്യാപനമുണ്ടാകൂ. ഞായറാഴ‌്ച തിരുവനന്തപുരത്തും കൊച്ചിയിലുമായി സംഘപരിവാരത്തിലെയും ബിജെപിയിലെയും വിവിധ വിഭാഗങ്ങളുമായി പിള്ള ആശയവിനിമയം നടത്തി. സമവായം  പുറത്തുപറയുന്നുണ്ടെങ്കിലും വി മുരളീധരൻ ഗ്രൂപ്പിന‌് പ്രാതിനിധ്യം  കുറയാനാണ‌് സാധ്യത.
പ്രസിഡന്റുപദ മോഹിയായിരുന്ന കെ  സുരേന്ദ്രനെ ഭാരവാഹിയാക്കുന്നതിലും ഭിന്നാഭിപ്രായം ശക്തമാണ‌്. ആർഎസ‌്എസ‌് നേതൃത്വത്തിന്റെ എതിർപ്പാണിതിൽ പ്രധാനം.  സുരേന്ദ്രൻ രണ്ടുതവണ ജനറൽ സെക്രട്ടറിയായിട്ടുണ്ട‌്. മൂന്നാമതും ഒരേ പദവി പാടില്ലെന്നതും ഒരുവിഭാഗം ഉയർത്തുന്ന തടസ്സത്തിന‌് ബലമേകുന്നു. വൈസ‌് പ്രസിഡന്റാക്കാമെന്നാണ‌് ഇവരുടെ വാദം.

പക്ഷെ, അത‌് തരംതാഴ‌്ത്തലായാണ‌് മുരളീധരവിഭാഗം കാണുന്നത‌്. എതിരാളിയായിട്ടും സുരേന്ദ്രനെ ജനറൽ സെക്രട്ടറിയായി നിലനിർത്തിയെന്ന പ്രതിച്ഛായ വളർത്താനാണ‌്  ശ്രീധരൻപിള്ള ലക്ഷ്യമിടുന്നത‌്. ഈ വിധം ഒത്തുതീർപ്പിനാണ‌് ഒടുവിൽ സാധ്യതയും.
എം ടി രമേശ‌്, എ എൻ രാധാകൃഷ‌്ണൻ, ശോഭാ സുരേന്ദ്രൻ എന്നിവരാണ‌്  നിലവിൽ ജനറൽ സെക്രട്ടറിമാർ. ഇതിൽ രാധാകൃഷ‌്ണനെ വൈസ‌് പ്രസിഡന്റാക്കിയേക്കും. വൈസ‌് പ്രസിഡന്റായ കെ പി ശ്രീശൻ, പിള്ളയുടെ അക്കൗണ്ടിൽ ജനറൽ സെക്രട്ടറി പദത്തിലെത്താനുള്ള നീക്കത്തിലാണ‌്. ശോഭാസുരേന്ദ്രന‌്  പകരം പ്രൊഫ. വി ടി രമയുടെ പേരും പരിഗണിക്കുന്നു. സി കൃഷ‌്ണകുമാർ, എ നാഗേഷ‌് എന്നിവരുടെ  പേരാണ‌്  മുരളീധരവിഭാഗം ഭാരവാഹി സ്ഥാനത്തേക്ക‌് നിർദേശിക്കുന്നത‌്. ഹിന്ദു ഐക്യവേദി നേതാവ‌് ഇ എസ‌് ബിജുവടക്കമുള്ളവരും ഭാരവാഹിയായി വന്നേക്കും. 

എട്ട‌്  വൈസ‌് പ്രസിഡന്റുമാർ, ഏഴ‌് സെക്രട്ടറിമാർ, അഞ്ച‌്  ജനറൽ സെക്രട്ടറിമാർ, ട്രഷറർ എന്നിങ്ങനെ പ്രസിഡന്റടക്കം 22 ഭാരവാഹികളാണുള്ളത‌്. ഇതിൽ ആർഎസ‌്എസ‌് നോമിനിയായ സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശൻ, ജോ. ജനറൽ സെക്രട്ടറി കെ സുഭാഷ‌് എന്നിവരും പെടുന്നു. ഇവരിരുവരും മാറണമെന്ന‌് ആർഎസ‌്എസ‌് നേതൃത്വത്തിൽ ചർച്ചയുണ്ട‌്. സുഭാഷിനെതിരെ നേരത്തെ വിമർശമുയർന്നതാണ‌്. യുവമോർച്ചയടക്കം പോഷകസംഘടനകളുടെ തലപ്പത്തും അഴിച്ചുപണിയുണ്ടാകും. തിരുവനന്തപുരമടക്കം ചില ജില്ലകളിൽ പ്രസിഡന്റുമാർ നിരവധി ആക്ഷേപങ്ങളിൽപ്പെട്ടിട്ടുണ്ട‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top