Top
25
Saturday, March 2017
About UsE-Paper

മണിപ്പുരിലും കുതിരക്കച്ചവടം : കോണ്‍. എംഎല്‍എ കൂറുമാറി മന്ത്രിയായി

Tuesday Mar 21, 2017
സാജന്‍ എവുജിന്‍

ന്യൂഡല്‍ഹി > ജനവിധി അട്ടിമറിച്ച് മണിപ്പുരിലും അധികാരംപിടിച്ചെടുത്ത ബിജെപി മുന്നണി സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി.  60 അംഗ നിയമസഭയില്‍ 21 എംഎല്‍എമാര്‍ മാത്രമുള്ള ബിജെപി കുതിരക്കച്ചവടംവഴിയാണ് അധികാരംപിടിച്ചത്. കോണ്‍ഗ്രസ് എംഎല്‍എയെ കൂറുമാറ്റി സ്വന്തം പാളയത്തിലെത്തിച്ചു. നാല് വീതം നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഗാ പീപ്പിള്‍സ് പാര്‍ടി എംഎല്‍എമാരുടെയും ഒരു ലോക് ജന്‍ശക്തി എംഎല്‍എയുടെയും പിന്തുണ ലഭിച്ചാലും ബിജെപി മുന്നണിക്ക് കേവലഭൂരിപക്ഷം തികയുമായിരുന്നില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ ടി ശ്യാംകുമാറിനെ കൂറുമാറ്റത്തിലൂടെ അടര്‍ത്തിയെടുത്തു. മന്ത്രിസ്ഥാനവും നല്‍കി. വിമാനത്താവളത്തില്‍നിന്ന്  റാഞ്ചിയ സ്വതന്ത്ര എംഎല്‍എ അസദുദ്ദീനെ ഇനിയും കണ്ടെത്തിയിട്ടില്ല.  രഹസ്യവോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷആവശ്യം ബിജെപി അംഗമായ സ്പീക്കര്‍ വൈ കേംചന്ദ് സിങ് തള്ളിയതോടെ ശബ്ദവോട്ടെടുപ്പാണ് സഭയില്‍ നടന്നത്. സര്‍ക്കാരിന് ഭൂരിപക്ഷം ഒപ്പിച്ചെടുക്കാന്‍ ബിജെപി ദേശീയനേതാക്കള്‍ ഇംഫാലില്‍ തമ്പടിച്ചു.  കോണ്‍ഗ്രസ് വിട്ടുവന്ന എന്‍ ബീരേന്‍സിങ്ങാണ് മണിപ്പുരിലെ പ്രഥമ ബിജെപി മന്ത്രിസഭയുടെ തലവന്‍.

ഇരുപത്തെട്ട് എംഎല്‍എമാരുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന്റെ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഗവര്‍ണര്‍ തള്ളി. നാല് എന്‍പിപി എംഎല്‍എമാരുടെ പിന്തുണയോടെ പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രിയായിരുന്ന ഒക്രം ഇബോബി സിങ് ഗവര്‍ണറെ കണ്ട് അറിയിച്ചു. എന്നാല്‍, എത്രയുംപെട്ടെന്ന് രാജിവച്ച് പുതിയ മന്ത്രിസഭയ്ക്ക് വഴിയൊരുക്കണമെന്നാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചത്.

ബിജെപിയാകട്ടെ പിന്തുണ ഉറപ്പിക്കാന്‍  എന്‍പിപിയുടെ(നാഷണല്‍ പീപ്പിള്‍സ് പാര്‍ടി) നാല് എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനം നല്‍കി. ഇവരില്‍ ഒരാളെ ഉപമുഖ്യമന്ത്രിയാക്കി. കോണ്‍ഗ്രസില്‍നിന്ന് കൂറുമാറി എത്തിയ ടി ശ്യാംകുമാറിനും മന്ത്രിസ്ഥാനം നല്‍കി. ലോക്ജന്‍ശക്തി പാര്‍ടിയുടെ ഏക അംഗത്തെയും മന്ത്രിയാക്കി. മുഖ്യമന്ത്രിക്ക് പുറമെ ബിജെപിയിലെ രണ്ടംഗങ്ങള്‍ക്ക് മാത്രമാണ് മന്ത്രിസ്ഥാനം നല്‍കിയത്.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി ഗോവയില്‍ ഭരണം പിടിച്ചതിനുപിന്നാലെയാണ് മണിപ്പുരിലും ബിജെപിയുടെ കുതിരക്കച്ചവടം. രണ്ടിടത്തും ഗവര്‍ണര്‍മാര്‍ ബിജെപിയുടെ ഇംഗിതത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന ജനാധിപത്യപരമായ അലിഖിതനിയമം 1989 മുതല്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരണത്തില്‍പോലും രാജ്യത്ത് പാലിക്കപ്പെട്ടുവന്നു. എന്നാല്‍, ഗോവ, മണിപ്പുര്‍ ഗവര്‍ണര്‍മാര്‍ ഇത് ലംഘിച്ചു. ഗോവയില്‍ 40 അംഗ സഭയില്‍ 13 സീറ്റ് മാത്രം ലഭിച്ച ബിജെപിയാണ് സര്‍ക്കാരുണ്ടാക്കിയത്. കോണ്‍ഗ്രസിന് ഇവിടെ 17 എംഎല്‍എമാരുണ്ടായിരുന്നു.