16 November Friday

ബിന്ദുവിന്റെ തിരോധാനം: മുഖ്യപ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018


ആലപ്പുഴ
ചേർത്തലയിലെ ബിന്ദു പത്മനാഭന്റെ തിരോധാനവും വ്യാജപ്രമാണമുണ്ടാക്കി ഭൂമിതട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി പള്ളിപ്പുറം കെ ആർ പുരം ചെന്നത്തറയിൽ സെബാസ‌്റ്റ്യൻ മാത്യു (57) പിടിയിൽ. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന‌് ഇയാൾ കോടതിയിൽ കീഴടങ്ങുമെന്ന‌് പൊലീസിന‌് വിവരം ലഭിച്ചിരുന്നു. ശനിയാഴ‌്ച പകൽ 11.30ഓടെ എറണാകുളം ബോട്ടുജെട്ടിക്ക് സമീപത്തെ ബ‌സ‌്സ‌്റോപ്പിൽ വന്നിറങ്ങിയ ഇയാളെ ഷാഡോ പൊലീസാണ‌് പിടികൂടിയത‌്. ആലപ്പുഴ ക്രൈംബ്രാഞ്ച‌് ഓഫീസിൽ എത്തിച്ച ഇയാളെ ജില്ലാ പൊലീസ‌് മേധാവി എസ‌് സുരേന്ദ്രന്റെ നേതൃത്വത്തിൽ രാത്രി വൈകിയും ചോദ്യം ചെയ്യുകയാണ‌്. ബിന്ദുവിന്റെ തിരോധാനവും പലസ്ഥലങ്ങളിലായി നടന്ന കോടികളുടെ ഭൂമിയിടപാടിന്റെ രഹസ്യങ്ങളും ചോദ്യംചെയ്യലിലൂടെ പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ‌് അന്വേഷകസംഘം. കേസിൽ ആദ്യം പിടിയിലായ മിനിയെ സേലത്ത‌് തെളിവെടുപ്പിനു കൊണ്ടുപോയിരിക്കുകയാണ‌്.

ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ പത്മാനിവാസിൽ ബിന്ദു പത്മനാഭനെ  അഞ്ചുവർഷം മുമ്പാണ‌് കാണാതാകുന്നത‌്. ബംഗളൂരുവിൽ പഠിക്കാനെന്നുപറഞ്ഞ‌് പോയ ബിന്ദു വീടുമായി അത്ര അടുപ്പമുണ്ടായിരുന്നില്ല. അച്ഛനും അമ്മയും നേരത്തേ മരിച്ച ഇവർക്ക‌് സഹോദരൻ പ്രവീൺ മാത്രമാണ‌് ഉണ്ടായിരുന്ന‌ത‌്. ഇദ്ദേഹം ജോലിക്കായി വിദേശത്തേക്ക‌് പോയതോടെ കോടികളുടെ സ്വത്തുള്ള ബിന്ദുവിനെ ചതിയിൽപ്പെടുത്തി വ്യാജപ്രമാണങ്ങൾ ഉപയോഗിച്ച‌് സ്വത്തുക്കൾ തട്ടിയെടുത്തുവെന്നാണ‌് പരാതി. വസ‌്തുക്കൾ ഈടായിനൽകി പണം സമ്പാദിച്ചെന്നും പരാതിയുണ്ട‌്. പട്ടണക്കാട‌്, ചേർത്തല, അമ്പലപ്പുഴ, ഇടപ്പള്ളി സബ‌് രജിസ‌്ട്രാർ ഓഫീസുകളിൽ രജിസ‌്റ്റർ ചെയ‌്ത കോടികളുടെ സ്വത്തുക്കൾ പലർക്കായി വിറ്റതായും പൊലീസ‌് കണ്ടെത്തിയിരുന്നു.   

2017 സെപ‌്തംബർ 16നാണ‌് സഹോദരിയെ കാണാനില്ലെന്ന‌് പറഞ്ഞ‌് പ്രവീൺ, പട്ടണക്കാട‌് പൊലീസിൽ പരാതി നൽകിയത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top