17 August Friday

വീട്ടമ്മ ബൈക്കിടിച്ചുമരിച്ച സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിക്കും പിതാവിനുമെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018

ചക്കരക്കല്‍ >ചക്കരക്കലില്‍ പ്ലസ്ടു വിദ്യാര്‍ഥി ഓടിച്ച ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തില്‍ വിദ്യാര്‍ഥിക്കും പിതാവിനുമെതിരെ കേസ്. ചക്കരക്കല്‍ പള്ളിപൊയില്‍ സ്വദേശി പരേതനായ കെകെ കുമാരന്റെ ഭാര്യ പി സാവിത്രി (64) മരിച്ച സംഭവത്തിലാണ് ചക്കരക്കല്‍ മൗവ്വഞ്ചേരി മാച്ചേരിയിലെ പി സാരംഗ് (17) ഇയാളുടെ പിതാവ് പി ചന്ദ്രന്‍ എന്നിവര്‍ക്ക് എതിരെ ചക്കരക്കല്‍ എസ്‌ഐ പി ബിജു കേസെടുത്തത്. 

 ശനിയാഴ്ച രാവിലെ 8.45 ഓടെ ആയിരുന്നു സംഭവം. അസുഖ ബാധിതയായ അമ്മയെ കാണാന്‍ മുഴപ്പിലങ്ങാട്ടേക്ക് പോകാന്‍ പള്ളിപൊയില്‍ മഹാത്മ മന്ദിരത്തിനു സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ സാരംഗ് ഓടിച്ച ബൈക്ക് സാവിത്രിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാവിത്രിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരിക്കേറ്റ സാരംഗ് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്. മുഴപ്പിലങ്ങാട്ടെ പരേതനായ കുഞ്ഞിരാമന്റെയും ദേവകിയുടെയും മകളാണ് സാവിത്രി. മക്കള്‍: വി ഷിതി , വി ഷിബി .സഹോദരങ്ങള്‍ മോഹന്‍ദാസ്,സതി, സരോജിനി, ലക്ഷമി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് പയ്യാമ്പലത്ത്.

ഏകദേശം രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്കാണ് സാരംഗ് ഓടിച്ചിരുന്നത്‌. പ്രായപൂര്‍ത്തിയാകാത്ത ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കൊടുത്താല്‍ രക്ഷിതാക്കള്‍ക്കെതിരെയാണ് കേസെടുക്കുക. ലൈസന്‍സില്ലാതെ വാഹനം ഉപയോഗിച്ച് അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കില്ലെന്നു മാത്രമല്ല കോടതി വിധിക്കുന്ന നഷ്ടപരിഹാര തുക രക്ഷിതാക്കളില്‍ നിന്ന് ഈടാക്കും.

സമാനമായ സംഭവത്തില്‍ ലൈസന്‍സില്ലാതെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ചബൈക്ക് അപകടത്തില്‍പ്പെട്ട് ഓടിച്ചയാളും അപകടത്തില്‍പ്പെട്ടയാളും മരിച്ച സംഭവത്തില്‍ മുപ്പത് ലക്ഷത്തിലധികം രൂപ കോടതി നഷ്ടപരിഹാരം വിധിച്ചിരുന്നു. ഈ തുക ബൈക്ക് ഓടിച്ചയാളുടെ രക്ഷിതാക്കളുടെ സ്വത്ത് വിറ്റ് ഈടാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

അതു കൊണ്ട് തന്നെ പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ വാശിക്ക് വിലകൂടിയ ബൈക്കുകളും കാറുകളും വാങ്ങി നല്‍കുന്നതിന് മുമ്പ് രക്ഷിതാക്കള്‍ സ്വയം ചിന്തിക്കണമെന്ന് പോലിസ് അറിയിച്ചു.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top