16 November Friday

ബിഇഎഫ്ഐ അഖിലേന്ത്യാ സമ്മേളനം ജനുവരിയിൽ തിരുവനന്തപുരത്ത് ; 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

തിരുവനന്തപുരം > ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പത്താം ദേശീയ സമ്മേളനം 2019 ജനുവരി 28 മുതൽ 31 വരെ തിരുവനന്തപുരം ടാഗോർ സെന്റിനറി ഹാളിൽ സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികൾ അറിയിച്ചു.

20 വർഷത്തിന് ശേഷമാണ്‌  കേരളത്തിൽ ബെഫി അഖിലേന്ത്യാ സമ്മേളനം നടക്കുന്നത്‌. സമ്മേളനത്തിനായുള്ള സ്വാഗതസംഘ രൂപീകരണയോഗം തിരുവനന്തപുരത്ത് വിജെടി ഹാളിൽ ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി അധ്യക്ഷനായി.  ബെഫി സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രൻ സ്വാഗതം പറഞ്ഞു. ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എസ് അനിൽ ദേശീയ സമ്മേളനത്തിന്റെ പ്രാധാന്യവും പ്രസക്തിയും വിശദീകരിച്ചു.

സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് ഇടപാടുകാരുടെ കൂട്ടായ്മ സംഘടിപ്പിക്കും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബാങ്കിംഗ് മേഖലയിൽ നടപ്പിലാക്കുന്ന ജന വിരുദ്ധ പരിഷ്കാരങ്ങൾക്കെതിരെ ജനസമ്പർക്ക പരിപാടികൾ നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

ദേശസാൽക്കരണത്തിൻെ50ാം വാർഷികം കണക്കിലെടുത്ത് എറണാകുളത്ത് 50 മണിക്കൂർ നീണ്ടു നില്ക്കുന്ന ജനകീയ കൂട്ടായ്മ സെപ്തംബർ 30 മുതൽ ഒക്ടോബർ 2 വരെ നടത്തും. കോഴിക്കോട് ഒക്ടോബർ 13 നും തിരുവനന്തപുരത്ത് ഡിസംബർ 30 നും ദേശീയ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.

2019 ജനുവരി 14 മുതൽ 19 വരെ കാസർഗോഡു നിന്നും തിരുവനന്തപുരം വരെ രണ്ട് വാഹന കലാജാഥയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സമ്മേളനത്തോടനുബന്ധിച്ച് അർഹതയുള്ള ഒരു നിർദ്ദന കുടുംബത്തിന് വീട് നിർമ്മിച്ച് കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. കോർപ്പറേറ്റ് കൊള്ള അവസാനിപ്പിക്കുക, ജനകീയ ബാങ്കിംഗ് സംരക്ഷിക്കുക (STOP CORPORATE LOOT, PROTECT MASS BANKING) എന്നതാണ് സമ്മേളനത്തിന്റെ കേന്ദ്ര മുദ്രാവാക്യം.

സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പുത്തൻകട വിജയൻ(സിപിഐഎം), കെഎസ്  സുനിൽകുമാർ (സിഐടിയു), ടി സി മാത്തുക്കുട്ടി(എൻ.ജി.ഓ യൂണിയൻ), കെ സി ഹരികൃഷ്ണൻ(കെഎസ് ടി എ), എം കൃഷ്ണൻ(കോൺഫെഡറേഷൻ), കൃഷ്ണകുമാർ.ആർ (കോൺഫെഡറേഷൻ), ഗണപതി കൃഷ്ണൻ(എൽഐസി എംപ്ലോയീസ് യൂണിയൻ), സന്തോഷ്‌കുമാർ(BSNLEU), ശ്രീവത്സൻ(FSETO) സി ജെ നന്ദകുമാർ(ബെഫി അഖിലേന്ത്യാ പ്രസിഡന്റ്) എൻ സുരേഷ് (ബെഫി അഖിലേന്ത്യാ ജോ.സെക്രട്ടറി) തുടങ്ങിയവർ സംസാരിച്ചു. ബെഫി ജില്ലാ സെക്രട്ടറി കെ പി ബാബുരാജ് നന്ദി പറഞ്ഞു.

സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം പി ചെയർമാനായും ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എസ് അനിൽ ജനറൽ കൺവീനറായും ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് ടി എബ്രഹാം കൺവീനറായും ബെഫി സംസ്ഥാന ജോ സെക്രട്ടറി എസ്  ശ്രീകുമാർ ട്രഷററായും ഉള്ള ആയിരത്തി ഒന്നംഗ സ്വാഗതസംഘം യോഗത്തിൽ രൂപീകരിച്ചു.

 

പ്രധാന വാർത്തകൾ
Top