20 September Thursday

അഭിമന്യുവിന്റെ രക്തസാക്ഷിത്വം ഇന്ത്യക്കുവേണ്ടി: ചുള്ളിക്കാട‌്

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018



അഭിമന്യുവിന്റെ രക്തസാക്ഷിത്വം ഇന്ത്യക്കുവേണ്ടിയാണെന്ന‌് കവി ബാലചന്ദ്രൻ ചുള്ളിക്കാട‌് പറഞ്ഞു. സിഐടിയു ജില്ലാകമ്മിറ്റി എറണാകുളം മഹാരാജാസ‌് കോളേജിനുമുന്നിൽ സംഘടിപ്പിച്ച അഭിമന്യു സ‌്മൃതിസദസ്സ‌് ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയെ രക്ഷിക്കണമെങ്കിൽ വർഗീയതയെ തകർത്തേ പറ്റൂ.  വർഗീയത വിജയിച്ചാൽ രാജ്യം ആഭ്യന്തരകലാപത്തിലേക്ക‌് നീങ്ങും.  ‘വർഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യം ഇന്ത്യയുടെ നിലനിൽപ്പ‌് ആഗ്രഹിക്കുന്ന ഓരോരുത്തരുടെയും ആത്മമന്ത്രമായി മാറണം. 

ഇടപെടുന്ന എല്ലാ മേഖലകളിലും ആ മുദ്രാവാക്യത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട‌് പ്രവർത്തിക്കുമ്പോൾ മാത്രമേ അഭിമന്യു ഉയർത്തിപ്പിച്ച ആദർശങ്ങളോട‌് നീതിപുലർത്താൻ നമുക്കാവൂ. അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന‌് അന്താരാഷ‌്ട്ര മൂല്യമുണ്ട‌്. വിദ്യാർഥി രാഷ‌്ട്രീയത്തിന്റെ ഇരയല്ല അഭിമന്യു. മത രാഷ‌്ട്രവാദികൾ ലോകമെങ്ങും ജനങ്ങളെ ഭിന്നിപ്പിക്കാൻ നടത്തുന്ന വർഗീയ അജൻഡ തിരിച്ചറിഞ്ഞ‌്  എതിർത്തതിനാണ‌് അഭിമന്യു കൊല്ലപ്പെട്ടത‌്. ആ തിരിച്ചറിവുള്ളതുകൊണ്ടാണ‌് ‘വർഗീയത തുലയട്ടെ’ എന്നവൻ ചുവരിലെഴുതിയത‌്. അത‌് ഇന്ത്യൻ മനഃസാക്ഷിയുടെ മുദ്രാവാക്യമായി മാറണം. വർഗീയത വിജയിക്കുമ്പോൾ ഇന്ത്യ തകരും. സ്വാതന്ത്ര്യസമരത്തെ ചോരയിൽമുക്കിക്കൊണ്ടാണ‌് വർഗീയമായി തിരിഞ്ഞ‌് ഇന്ത്യയും പാകിസ്ഥാനും പിറന്നത‌്.  ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കാൻ കൂട്ടുനിൽക്കുന്നവരുടെ ലക്ഷ്യം സാമ്പത്തിക താൽപ്പര്യങ്ങളാണ‌്. നമ്മുടെ മാനവശേഷിയും വിഭവശേഷിയും ചൂഷണം ചെയ്യുകയാണ‌് കോർപറേറ്റ‌് ശക്തികളുടെ ലക്ഷ്യം.

അത‌് തിരിച്ചറിഞ്ഞ‌് സംഘടിക്കുന്നവരെ തകർക്കാൻ അവർ ശ്രമിക്കും. ഈ അപകടം തിരിച്ചറിയുന്നതും അതിനെതിരെ പ്രവർത്തിക്കുന്നതും കമ്യൂണിസ്‌റ്റുകാരാണ‌്. അതുകൊണ്ട‌് അവർ കമ്യൂണിസ‌്റ്റുകാരെ കൊന്നൊടുക്കുന്നു. ചൂഷണത്തിനും അടിമത്തത്തിനും അനീതികൾക്കും എതിരായി തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ഐക്യവും യോജിച്ച സമരവുമല്ലാതെ മറ്റ‌് പോംവഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top