19 September Wednesday

അട്ടപ്പാടിയില്‍ സമഗ്ര ആരോഗ്യപദ്ധതിയുമായി സഹകരണവകുപ്പ്; 12ഇന സേവനങ്ങള്‍ 30000ല്‍ അധികം ജനങ്ങള്‍ക്ക് സൗജന്യം

വെബ് ഡെസ്‌ക്‌Updated: Sunday Jun 24, 2018

തിരുവനന്തപുരം > അട്ടപ്പാടി ആദിവാസി മേഖലയില്‍ സമഗ്ര ആരോഗ്യ പദ്ധതിയുമായി സഹകരണ വകുപ്പ്. പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയുമായി ചേര്‍ന്നാണ്‌ പ‌ദ്ധതി. പദ്ധതിപ്രകാരം 12 ഇന സേവനങ്ങള്‍ അട്ടപ്പാടിയിലെ 30000ല്‍ അധികം വരുന്ന ആദിവാസി ജനവിഭാഗങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കും.

സമഗ്ര ആരോഗ്യപുനരധിവാസം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ലഭ്യമല്ലാത്ത ചികിത്സ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ നല്‍കും. ഭക്ഷണവും യാത്രാസൗകര്യത്തിനും സര്‍ക്കാര്‍ സഹായം അനുവദിക്കും.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മാര്‍ക്കും കുട്ടികള്‍ക്കും പോഷകാഹരങ്ങള്‍ വിതരണം ചെയ്യും. ആദിവാസി കോളനികളില്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ച് പോഷകാഹാരം ഉള്‍പ്പെടെയുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കും.

ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ജീവനക്കാരുടെയും സഹായത്തോടെ മൊബൈല്‍ ക്ലിനിക്കുകള്‍ നടത്തും. 24മണിക്കൂറും ആംബുലന്‍സ് സര്‍വീസുമുണ്ടാകും. മെഡിക്കല്‍ ക്യാമ്പുകള്‍, പ്രതിരോധകുത്തിവപ്പ് ക്യാമ്പ്, ലാബ് സൗകര്യം, സൂപ്പര്‍സ്‌പെഷ്യാലിറ്റി സേവനങ്ങളും നല്‍കും.

ആരോഗ്യപരിപാലനത്തെ കുറിച്ച്  ബോധവല്‍കരണ ക്ലാസുകള്‍ നടത്തും. ഗുണഭോക്താക്കള്‍ക്ക് ആശുപത്രി ആരോഗ്യ സ്മാര്‍ട് കാര്‍ഡ് നല്‍കും. അഞ്ച്ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കും.

12.50 കോടിയുടെതാണ് പദ്ധതി. ആദ്യവര്‍ഷത്തേക്ക് ഒന്നരക്കോടി രൂപ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചു . പദ്ധതി നടത്തിപ്പിന് വിദഗ്ധ സമിതിയുണ്ട്. പാലക്കാട് ജോയിന്റ് രാജിസ്ട്രാര്‍ കണ്‍വീനറായുള്ള സമിതിയില്‍ ഒറ്റപ്പാലം ആര്‍ഡിഒ ചെയര്‍മാനും പാലക്കാട് ഡിഎംഒ, ജില്ലാട്രൈബല്‍ ഓഫീസര്‍, ഐടിഡിപി ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിഗ്ധാംഗങ്ങളും ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഇഎംഎസ് ആശുപത്രി ചെയര്‍മാന്‍, ജനറല്‍ മാനേജര്‍ എന്നിവര്‍ സമിതി അംഗങ്ങളുമാണ്. പ്രാദേശിക മോണിറ്ററിങ്സമിതിയുമുണ്ട്.

ചൊവ്വാഴ്ച അഗളി കില ഓഡിറ്റോറിയത്തില്‍ പകല്‍ 11ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സാഖി പദ്ധതി പ്രകാരം എം ബി രാജേഷ് എംപി ദത്തെടുക്കുന്ന അട്ടപ്പാടി ബ്ലോക്കിലെ അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായിട്ടുള്ള വനിതകള്‍ക്ക് പാലക്കാട് ജില്ലാസഹകരണ ബാങ്കുകളുമായി ചേര്‍ന്ന് നടപ്പാക്കുന്ന പ്രത്യേക വായ്പാപദ്ധതി 'മഹിളാമിത്ര മൈക്രാഫിനാന്‍സ്' പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പംനടക്കും. എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്യും.

പി കെ ശശി എംഎല്‍എ ആരോഗ്യകാര്‍ഡ് വിതരണം നിര്‍വഹിക്കും. കലക്‌ടര്‍ ഡി ബാലമുരളി പോഷകാഹാര പദ്ധതി ഉദ്ഘാടനം ചെയ്യും.


 

പ്രധാന വാർത്തകൾ
Top