12 December Wednesday

കൊരട്ടി, ഇരുമ്പനം എടിഎം കവര്‍ച്ച: അന്വേഷണം 3 സംഘങ്ങളായി ; സമാനകേസുകളും അന്വേഷിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 15, 2018


തൃശൂർ
ചാലക്കുടി കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തും എടിഎം കവർച്ച നടത്തിയ പ്രതികൾ ബിഹാറി സംഘമെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.  മൂന്ന് പൊലീസ‌്സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. കവർച്ചക്കാർ, മൊബൈൽ കേന്ദ്രീകരിച്ച‌്, സമാനകേസുകളിൽപെട്ടവർ എന്നിങ്ങനെ വേർതിരിച്ചാണ‌് അന്വേഷണം.  റൂറൽ പൊലീസ‌് മേധാവി എം കെ പുഷ‌്കരന്റെ നേതൃത്വത്തിൽ ചാലക്കുടി ഡിവൈഎസ‌്പി ടി ആർ സന്തോഷ‌്, സിഐമാർ, എസ‌്ഐമാർ എന്നിവർ അടങ്ങിയ 20 അംഗ പൊലീസാണ‌്  അന്വേഷണസംഘത്തിലുള്ളത‌്. കോട്ടയത്തും കൊച്ചിയിലും കവർച്ച നടന്ന സ്ഥലങ്ങളിലും അന്വേഷകസംഘം നേരിട്ടെത്തി പരിശോധന നടത്തി.

അന്വേഷണത്തിനായി തമിഴ്നാട് പൊലീസിന്റെയും  നാഷണൽ ക്രൈംറെക്കോർഡ്സ് ബ്യൂറോയുടെയും സഹായം പൊലീസ് തേടിയിട്ടുണ്ട്.
പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന ഫോൺനമ്പർ പൊലീസിന് ലഭിച്ചു. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് പൊലീസ്. കവർച്ചാസംഘം സംസ്ഥാനം വിട്ടിട്ടുണ്ട‌്, മോഷ്ടാക്കൾ എങ്ങനെ കോട്ടയത്ത് എത്തി, വാഹനം തട്ടിയെടുക്കാൻ ആരെങ്കിലും സഹായിച്ചോ എന്നിവ സംബന്ധിച്ചും പരിശോധന നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചാലക്കുടി സ്കൂളിന് സമീപത്തെ സിസിടിവിയിൽനിന്ന് ലഭിച്ച ദൃശ്യങ്ങൾക്ക് സമാനമായി സെക്കന്തരാബാദിലെ ഒരു വ്യാപാര സ്ഥാപനത്തിൽ എത്തിയ സംഘത്തെയും സംബന്ധിച്ച‌് അന്വേഷണം നടക്കുന്നുണ്ട്. സംഘത്തിലെ ഏഴിൽ മൂന്നുപേരാണ് പ്രധാനമായും കവർച്ച നടത്തിയത്. സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ പരിശോധനയും സമാനകേസുകളിൽപെട്ടവരെക്കുറിച്ചും അന്വേഷണം ഊർജിതമാക്കി. സംഘത്തിലെ ഒരാൾ ഒരു വർഷം മുമ്പ് അങ്കമാലിയിലെ എടിഎം കൗണ്ടറിൽനിന്ന് പണം തട്ടിയെടുത്ത പ്രതിയാണെന്നും സൂചനയുണ്ട്. ഒരുവർഷം മുമ്പ് നടന്ന അങ്കമാലി സിഡിഎം കൗണ്ടർ പണം തട്ടിപ്പുകേസിലെ പ്രതിയും രണ്ടുദിവസം മുമ്പ് നടന്ന എടിഎം കൊള്ളയിലെ പ്രതിയും സാദൃശ്യമുണ്ടെന്ന‌്  പൊലീസ് സംശയിക്കുന്നു.  എന്നാൽ, അന്വേഷണം സംബന്ധിച്ച കൂടുതൽ വിവരം  പുറത്തുവിട്ടിട്ടില്ല.

അങ്കമാലി കേസിൽ ബിഹാറുകാരായ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇവർ പിന്നീട് കോടതിയിൽ ഹാജരായിട്ടില്ല. ഇവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കവർച്ച നടത്തേണ്ട എടിഎം കൗണ്ടറുകൾ തെരഞ്ഞെടുക്കാൻ നാലുമാസം മുമ്പേ പ്രതികൾ മധ്യകേരളത്തിൽ സഞ്ചരിച്ചതായാണ്  സൂചന. ഇവർ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന മൊബൈൽഫോൺ നമ്പറുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സൈബർ സെല്ലിലെ വിദഗ്ധരുടെ സഹായത്തോടെയാണ് മൊബൈൽ ടവറുകളിലെ മൊത്തം കോളുകളിൽനിന്ന് ചിലത് തെരഞ്ഞെടുത്ത് പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം കുത്തിത്തുറന്ന് 10.60 ലക്ഷവും   ഇരുമ്പനത്ത് എസ്ബിഐ എടിഎമ്മിൽനിന്ന് 25 ലക്ഷം രൂപയും കവർന്നത്. മറ്റ് ചിലയിടങ്ങളിലും കവർച്ചാ ശ്രമവും നടന്നിരുന്നു.

എടിഎം കവർച്ചശ്രമം: വിരലടയാളം കേന്ദ്രീകരിച്ച‌് അന്വേഷണം
കോട്ടയം
ജില്ലയിൽ രണ്ടിടത്ത‌് നടന്ന എടിഎം കവർച്ചാശ്രമ കേസിൽ പ്രതിയുടെ വിരലടയാളം കേന്ദ്രീകരിച്ച‌് അന്വേഷണം പുരോഗമിക്കുന്നു. മോനിപ്പള്ളിയിലെ എസ‌്ബിഐ എടിഎമ്മിലും വെമ്പള്ളിയിലെ സൗത്ത‌് ഇന്ത്യൻ ബാങ്ക‌് എടിഎമ്മിലുമായിരുന്നു കവർച്ചാ ശ്രമം. മോനിപ്പള്ളിയിലെ എസ‌്ബിഐയുടെ എടിഎം കൗണ്ടറിലെ ട്യൂബ‌് ലൈറ്റിൽ നിന്നാണ‌് പ്രതിയുടെ വിരലടയാളം ലഭിച്ചത‌്. മുമ്പ‌് കേസുകളിൽ ഉൾപ്പെട്ട ഇതരസംസ്ഥാനത്തൊഴിലാളിയുടേതാണ‌് വിരലടയാളമെന്ന‌് പൊലീസ‌് സംശയിക്കുന്നു. വിശദമായ അന്വേഷണം ചങ്ങനാശേരി ഡിവൈഎസ‌്പി എസ‌് സുരേഷ‌്കുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.

പ്രധാനമായും സംശയിക്കുന്ന മൂന്നുപേരെ കേന്ദ്രീകരിച്ചാണ‌് അന്വേഷണം. എംസി റോഡിലൂടെ സഞ്ചരിച്ച കവർച്ചാ സംഘത്തിന്റെ സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ച‌് വരികയാണ‌്. പ്രതികൾ ലോഡ‌്ജുകളിൽ താമസിച്ച‌് കവർച്ച ആസൂത്രണം ചെയ‌്തുവെന്ന സംശയത്തെത്തുടർന്ന‌് ലോഡ‌്ജുകളിൽ പരിശോധന നടത്തിയിരുന്നു.


പ്രധാന വാർത്തകൾ
Top