18 November Sunday

പുല്ലരിക്കുന്നിലെ ന്യൂസ്‌പേപ്പർ ഗേൾ

പി സി പ്രശോഭ‌്Updated: Saturday Jun 23, 2018


രാവിലെ കൃത്യം 5.50ന് അശ്വിനി പത്രക്കെട്ട് ചേർത്തുപിടിച്ച് പുല്ലരിക്കുന്നിലെ വീടിനുപുറത്തേക്കിറങ്ങും. രണ്ടുകിലോമീറ്റർ അകലെയുള്ള തിടമ്പൂർകുന്നുവരെ 70 വീടുകളിൽ പത്രമെത്തിക്കാൻ. രണ്ടുവർഷത്തിലേറെയായി  പ്രദേശത്തെ പ്രിയപ്പെട്ട “പത്രക്കാരി’യാണ് ഈ പ്ലസ്ടു വിദ്യാർഥിനി. ഒരുദിവസംപോലും മുടങ്ങാതെ വിതരണം നടത്തിയാണ് ചെങ്ങളം ഗവ. ഹയർസെക്കൻഡറി സ്കൂളിലേക്ക് പോകുന്നത്.

പത്താംക്ലാസിൽ പഠിക്കുമ്പോൾ മുതൽ പത്ര ഏജന്റായ അച്ഛൻ പടവത്ത് പി പി ബാബുവിന്റെ സഹായിയായി ഒപ്പംകൂടി. രണ്ടാഴ്ചയോളം കൂടെപ്പോയപ്പോൾ വഴിയും വീടുകളും പരിചയിച്ചു. പിന്നെ തനിയെ പോകാൻതുടങ്ങി. ആദ്യമൊക്കെ മഴക്കാലത്ത് രാവിലെ എഴുന്നേൽക്കാൻ മടി തോന്നിയിരുന്നു.  എന്നാലിപ്പോൾ ഒരു മടിയുമില്ല.

പെൺകുട്ടി പത്രവിതരണം നടത്തുന്നതുകണ്ട് നെറ്റിചുളിച്ചവരുമുണ്ട്. ചിലർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.  എന്നാൽ  രക്ഷിതാക്കൾ അശ്വിനിക്കൊപ്പം നിന്നു.  എതിർപ്പുകൾ അവഗണിച്ച് സ്കൂളില്ലാത്ത ദിവസങ്ങളിൽ കൂടുതൽ പത്രം വിതരണംചെയ്യാൻ തുടങ്ങി. കാൽനടയായി മാത്രമാണ് വിതരണം.

അവധിദിവസം 90 പത്രങ്ങൾവരെ വീടുകളിലെത്തിക്കും. അച്ഛൻ ബാബു ദേശാഭിമാനിയടക്കം അഞ്ചുപത്രങ്ങളുടെ ഏജന്റാണ്. പെയിന്റിങ്ങ‌് ജോലിയുംചെയ്യുന്നു.
പ്ലസ്ടു കൊമേഴ്സ് വിദ്യാർഥിനിയായ അശ്വിനി  ബാലസംഘം പ്രവർത്തകയാണ്. അമ്മ: രമ. സഹോദരൻ: ഹരിജിത്ത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top