19 September Wednesday

മുഹമ്മദ് റിഫ മുങ്ങിയത് പൊലീസ് കണ്ണൂരെത്തിയതോടെ

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018

കണ്ണൂര്‍> അഭിമന്യു വധക്കേസില്‍ വ്യാഴാഴ്ച അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് റിഫ കൊലയ്ക്കുശേഷം ആദ്യം എത്തിയത് കണ്ണൂരില്‍. ഇയാളെ പിന്‍തുടര്‍ന്ന് അന്വേഷണസംഘവും കണ്ണൂരിലെത്തിയിരുന്നു. പൊലീസ് പിന്‍തുടരുന്നത് തിരിച്ചറിഞ്ഞ് കര്‍ണാടകയിലെ രഹസ്യകേന്ദ്രത്തില്‍ ഒളിവില്‍ പോകുകയായിരുന്നു.

എറണാകുളം പൂത്തോട്ടയില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയാണ്. അഭിമന്യുവിനെ വധിച്ച കൊലയാളിസംഘത്തില്‍ ഇയാളും ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം കണ്ണൂരിലെത്തിയ

കൂത്തുപറമ്പ് നീര്‍വേലിയിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. ഇവിടെ വാടകവീട്ടിലായിരുന്നു. പിന്നീട് ശിവപുരത്ത് വീട് വാങ്ങി താമസം മാറി. ഫേസ്ബുക്കില്‍ സജീവമായിരുന്ന ഇയാള്‍ ജൂലൈ നാലിന് അഭിമന്യുവധത്തില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ നിലപാട് വ്യക്തമാക്കി പോസ്റ്റിട്ടിരുന്നു. പിന്നീട് ഫേസ്ബുക്ക് തുറന്നിട്ടില്ല. പോപ്പുലര്‍ഫ്രണ്ടിന്റെ മുതിര്‍ന്ന നേതാക്കളുമായി അടുപ്പം പുലര്‍ത്തിയിരുന്ന റിഫ സംസ്ഥാനത്തെങ്ങും വിദ്യാര്‍ഥിരാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

പോപ്പുലര്‍ഫ്രണ്ട് മാതൃകയില്‍ പരിസ്ഥിതി-വികസനവിഷയങ്ങളിലെ സമരമുഖങ്ങളിലും എത്തിയിരുന്നു. കണ്ണൂരില്‍ കീഴാറ്റൂര്‍ ബൈപ്പാസ് സമരത്തിന് പിന്നാലെ ഉയര്‍ന്നുവന്ന പാപ്പിനിശേരി തുരുത്തിയിലെ സമരകേന്ദ്രത്തിലും പ്രവര്‍ത്തകര്‍ക്കൊപ്പം പങ്കെടുത്തിരുന്നു.

റിഫയെ ഒളിവില്‍ പോകാന്‍ സഹായിച്ചത് തലശേരിയിലെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷാനവാസാണ്. ഇയാളെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. നാട്ടുകാരുമായി കൂടുതല്‍ അടുപ്പമുണ്ടായിരുന്നില്ല. പൊലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് കൊലയാളിസംഘാംഗമാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. ക്രിക്കറ്റ് ടൂര്‍ണമെന്റ് അടക്കമുള്ള കായികപരിപാടികള്‍ സംഘടിപ്പിച്ച് യുവാക്കളെ പോപ്പുലര്‍ഫ്രണ്ടിനോട് അടുപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top