15 November Thursday
കുടുംബാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തും

ആർദ്രം മിഷനിൽ സ്വകാര്യ മെഡി. കോളേജുകളും

വി കെ അനുശ്രീUpdated: Tuesday Sep 11, 2018


സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം ഉടച്ചുവാർക്കാൻ ആവിഷ്കരിച്ച ആർദ്രം മിഷന്റെ ഭാഗമാകാൻ സ്വകാര്യ മെഡിക്കൽ കോളേജുകളും.
കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും അതുവഴി പ്രാദേശിക ആരോഗ്യപരിപാലന സംവിധാനം മെച്ചപ്പെടുത്താനും സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകൾ തദ്ദേശഭരണ സംവിധാനങ്ങളുമായി ധാരണപത്രം ഒപ്പിടും.

പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിവിധ പഠനങ്ങൾ നടത്താനും പ്രാദേശികതലത്തിൽ സമഗ്ര ആരോഗ്യഭൂപടം തയ്യാറാക്കാനും സ്വകാര്യ, സർക്കാർ മെഡിക്കൽ കോളേജുകൾ കുടുംബാരോഗ്യ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി സഹകരിക്കും. സർക്കാർ ആശുപത്രികളിലെ സേവന, സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം പൊതുജനങ്ങളുടെ സമഗ്ര ആരോഗ്യ വിവരങ്ങൾ ശേഖരിച്ച‌് ഉപയോഗിക്കുന്നതും ആർദ്രം മിഷന്റെ പ്രധാന ലക്ഷ്യമാണ‌്. മെഡിക്കൽ കോളേജുകളിൽ രോഗികളുടെ ആരോഗ്യ വിവരശേഖരണം നടക്കുന്നു. എന്നാൽ, സൂക്ഷ‌്മവിവരങ്ങൾ ശേഖരിച്ച‌് പ്രാദേശിക സാഹചര്യത്തിന‌് അനുസൃതമായി വിശകലനംചെയ്യുന്നതിൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക‌് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനാകും.
ഇത്തരം പഠനങ്ങളിൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക‌് ആവശ്യമായ സാങ്കേതികസഹായം മെഡിക്കൽ കോളേജുകൾ നൽകും.

കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക‌് വിദഗ‌്ധപരിശീലനം നൽകാനും പ്രാദേശികതലത്തിൽ പുതിയ ചികിത്സാരീതികൾ പരിചയപ്പെടുത്താനും സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളും കുടുംബാരോഗ്യ കേന്ദ്രങ്ങളുമായുള്ള സഹകരണം സഹായകരമാകുമെന്നാണ‌് കണക്കാക്കുന്നത‌്. കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴിയുള്ള വിവിധ പഠനങ്ങൾക്കായുള്ള ഫീൽഡ‌് വർക്കിൽ വിദ്യാർഥിപങ്കാളിത്തം ഉറപ്പാക്കാനും ആലോചനയുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top