17 December Monday

അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഭക്തര്‍; ആര്‍എസ്എസ് നേതാവ് രാജേഷിനെ അക്കൂട്ടത്തില്‍ കണ്ടില്ല: സന്നിധാനത്തെ സംഘപരിവാര്‍ നീക്കത്തെ വെള്ളപൂശി ആന്റോ ആന്റണി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 20, 2018

ശബരിമല > സന്നിധാനത്ത് നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി അറസ്‌റ്റുചെയ്‌ത എഴുപതോളം പേരുമായി താന്‍ സംസാരിച്ചെന്നും  അതില്‍ രാജേഷ് എന്ന ആര്‍എസ്എസ് നേതാവിനെ കണ്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് ആന്റോ ആന്റണി. ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കുമെന്ന് പ്രഖ്യാപിച്ചെത്തിയ യുഡിഎഫ് സംഘത്തിനൊപ്പമുണ്ടായിരുന്ന ആന്റോ ആന്റണി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

 ഒറ്റപ്പെട്ട ആരെങ്കിലും ഉണ്ടോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം പ്രതിയായ എറണാകുളത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷിനെ താങ്കള്‍ കണ്ടില്ലെ എന്ന ചോദ്യത്തോടാണ് ആന്റോ ആന്റണി ഇത്തരത്തില്‍ പ്രതികരിച്ചത്. രാജേഷാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്, പറഞ്ഞ കാര്യത്തില്‍ തിരുത്ത് വരുത്തുന്നുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം അറിയില്ല എന്ന് മാത്രം പറഞ്ഞൊഴിഞ്ഞു.

താന്‍ അവിടെ രാജേഷിനെ കണ്ടില്ല. അറസ്‌റ്റ് ചെയ്‌ത ഭക്തരെ കാണാനാണ് പോയത്. അവരുടെ കയ്യില്‍ നെയ്യഭിഷേകത്തിന്റെ കൂപ്പണ്‍ ഉണ്ടായിരുന്നു. ആദ്യം രാജേഷിനെ അറസ്‌റ്റ് ചെയ്യാനാണ് ശ്രമിച്ചത്, ഇതിനെതിരെ ആളുകള്‍ എത്തിയപ്പോഴാണ് കൂടുതല്‍ അറസ്‌റ്റുണ്ടയത് എന്ന് മാധ്യമങ്ങള്‍ വീണ്ടും ഓര്‍മിപ്പിച്ചപ്പോള്‍, താന്‍ മാത്രമല്ല തന്റെ കൂടെ വന്നവരും  കണ്ടത് 80 ശതമാനം ഭക്തരെ മാത്രമായിരുന്നുവെന്നും ആന്റോ ആന്റണി പറഞ്ഞു.

നെയ്യഭിഷേകത്തിന്റെ കൂപ്പണ്‍ ഉള്ളത് കൊണ്ട് മാത്രം യഥാര്‍ത്ഥ ഭക്തരാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ശരണം വിളിക്കുന്നതിനെതിരെ പൊലീസ് നടപടി ഉണ്ടായി എന്നുപറഞ്ഞ് ആന്റോ ആന്റണി പിന്‍മാറുകയായിരുന്നു

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top