16 November Friday

ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കേരളം മാതൃക; അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ മുന്‍പന്തിയില്‍: ആനന്ദ് പട്‌വര്‍ധന്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018

തിരുവനന്തപുരം > ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ മറ്റു പലവിഷയങ്ങളിലും എന്ന പോലെ കേരളം മാതൃകയാണെന്ന് പ്രമുഖ ഡോക്യൂമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍. രാജ്യത്ത് വന്‍തോതില്‍ അസഹിഷ്ണുത വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളം അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ മുന്‍പന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ നിലപാടുകളുടെ പ്രഖ്യാപനമാണ് എന്റെ സിനിമകള്‍. കലാകാരന്മാര്‍ അവരുടെ കലാസൃഷ്ടികള്‍ തന്നെയാണ് നിലപാടുകളായി അവതരിപ്പിക്കുന്നതെന്നും പട് വര്‍ദ്ധന്‍ പറഞ്ഞു.

നിലപാടുകള്‍ ചലച്ചിത്രമാക്കാന്‍  ഒട്ടേറെ പ്രയാസമുള്ള കാലമാണിത്. വെല്ലുവിളികളെ നേരിടാനുള്ള മനസ്സുണ്ടായാലേ ഇന്നത്തെകാലത്ത് ഒരു സിനിമ പൂര്‍ത്തീകരിക്കാന്‍ കഴിയൂ. ദേശീയ പുരസ്‌കാരം തിരിച്ചു നല്‍കാന്‍ ഇടയാക്കിയ സാഹചര്യം നിലനില്‍ക്കുകയാണെന്നും അത്തരം പ്രതിഷേധ മാര്‍ഗങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഐഡിഎസ്എഫ്എഫ്‌കെയില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാര ജേതാവാണ് ആനന്ദ് പട്വര്‍ധന്‍. രണ്ടു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. മേളയില്‍ അദ്ദേഹത്തിന്റെ അഞ്ച് ഡോക്യുമെന്ററിയും മൂന്ന് മ്യൂസിക് വീഡിയോയും പ്രദര്‍ശിപ്പിക്കും.

 

പ്രധാന വാർത്തകൾ
Top