20 September Thursday

വ്യാജവാർത്താ ഫാക്ടറിക്കെതിരെ ജാഗ്രത വേണം: ആനന്ദ‌് പട‌്‌വർധൻ

സ്വന്തം ലേഖികUpdated: Sunday Jul 22, 2018



തിരുവനന്തപുരം
വലതുപക്ഷ വ്യാജവാർത്താ ഫാക്ടറിക്കെതിരെ മതേതരവാദികൾ നിതാന്ത ജാഗ്രത പുലർത്തണമെന്ന‌് ഡോക്യുമെന്ററി സംവിധായകൻ ആനന്ദ‌് പട‌്‌വർധൻ. ചരിത്രത്തെയും സംസ്കാരത്തെയും വളച്ചൊടിച്ച‌് മിഥ്യാധാരണകൾ വിതയ്ക്കാനുള്ള പ്രചാരണവേലകളാണ‌് ആർഎസ‌്എസും അനുബന്ധ മാധ്യമങ്ങളും നടത്തുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഗുജറാത്ത‌് കലാപവും ഷൊറാബുദീർ കൊലപാതകവുമടക്കമുള്ള കുറ്റകൃത്യങ്ങൾ ജനമനസ്സിൽനിന്ന‌് മായ്ക്കാനുള്ള നിരന്തര ശ്രമത്തിലാണ‌് ബിജെപിയും ആർഎസ‌്എസും. ഇതിനായി അർധസത്യങ്ങളും ചരിത്രത്തിന്റെ പുതുവ്യാഖ്യാനങ്ങളും കുത്തിനിറച്ച‌് ജനശ്രദ്ധ തിരിക്കുന്നു.

സാമൂഹ്യമാധ്യമങ്ങളിലെ ചെറുവീഡിയോകൾമുതൽ തങ്ങളുടെ കാൽച്ചുവട്ടിലുള്ള മാധ്യമശൃംഖലകളെയും സിനിമാ നിർമാതാക്കളെയും യഥേഷ്ടം ഉപയോഗിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളെ ചെറുക്കണം. കാവിപ്പടയുടെ ദുഷ‌്ചെയ്തികൾ ജനമനസ്സിൽനിന്ന‌് മായാതെ നോക്കേണ്ടത‌് മതേതരവാദികളുടെ ഉത്തരവാദിത്തമാണ‌്. പ്രധാനമന്ത്രിയടക്കം വാസ്തവവിരുദ്ധമായ വിവരങ്ങളാണ‌്  പ്രചരിപ്പിക്കുന്നത‌്.

സിനിമകളും ഡോക്യുമെന്ററികളും സെൻസർ ചെയ്യുന്നതിൽപ്പോലും കേന്ദ്രസർക്കാരിന്റെ കൈകടത്തലുണ്ട‌്. സിനിമ അടക്കമുള്ള മേഖലകളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ ബിജെപിക്ക‌് മുമ്പും പിമ്പും എന്ന വേർതിരിവ‌് വ്യക്തമാണ‌്. ‘വാജ‌്പേയിയുടെ ബിജെപി’ കാലത്തുപോലും ആരോഗ്യകരമായ ജുഡീഷ്യൽ സംവിധാനം നിലനിന്നിരുന്നു. ഇന്ന‌് ജുഡീഷ്യറി  കേന്ദ്രസർക്കാരിന്റെ  ആജ്ഞാനുവർത്തിയായാണ‌് പ്രവർത്തിക്കുന്നത‌്. നട്ടെല്ലുള്ള ജഡ‌്ജിമാർ വിരളമായിമാത്രം കാണപ്പെടുന്ന സ്ഥിതിയാണെന്നും പട‌്‌വർധൻ പറഞ്ഞു.

മതം രാഷ്ട്രീയ ആയുധമാക്കുന്നവർക്ക‌് ദുരുപയോഗം ചെയ്യാവുന്ന നിരവധി സാധ്യതകളാണ‌് ഇന്ത്യൻ സംസ്കാരത്തിലുള്ളതെന്ന‌് സംവിധായകൻ രാകേഷ‌് ശർമ പറഞ്ഞു. ഇതിനെ ചെറുക്കാൻ മതേതരവാദികളായ ചെറുസംഘങ്ങളെപ്പോലും യോജിപ്പിച്ച‌് പ്രവർത്തിക്കേണ്ടതുണ്ട‌്. ഇത്തരം പ്രവർത്തനങ്ങൾ ക്യാമ്പസുകളിൽനിന്ന‌് തുടങ്ങണം. ലൗ ജിഹാദ‌ുപോലുള്ള ദുഷ‌്പ്രവണതകൾ ക്യാമ്പസുകളെ കടന്നാക്രമിക്കുന്ന കാലഘട്ടത്തിൽ പുരോഗമന ആശയസംവാദങ്ങൾ  സംഘടിപ്പിക്കണം.

സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവർ ദേശീയവാദികളും രാജ്യത്തിനുവേണ്ടി പോരാടിയവർ ദേശദ്രോഹികളുമാകുന്ന കാലത്ത‌് ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന വാർത്തകൾ
Top