26 September Wednesday
ദുരിതാശ്വാസ ക്യാമ്പില്‍ അല്‍ഫോണ്‍സ് കണ്ണന്താനം ഒരു രാത്രി ഉറങ്ങിയതിനെയും മുഖപ്രസംഗം പരിഹസിക്കുന്നുണ്ട്

യുഎഇ സഹായം: മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം വകതിരിവില്ലാത്തതെന്ന് ബിജെപി മുഖപത്രം

സ്വന്തം ലേഖകന്‍Updated: Monday Aug 27, 2018


ന്യൂഡല്‍ഹി > യുഎഇ വാഗ്ദാനം ചെയ്ത 700 കോടി സഹായം കേരളത്തിന് ആവശ്യമാണെന്ന കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം വകതിരിവില്ലാത്തതെന്ന് ബിജെപി മുഖപത്രം ജന്മഭൂമി. സഹായം ലഭിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തടസമുണ്ടെങ്കില്‍ അത് നീക്കണമെന്നും ഇതിനുവേണ്ടി കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുകയാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചിരുന്നു.

ഇത് അതിമിടുക്കാണെന്നും അലോസരമുണ്ടാക്കുന്ന നടപടിയാണെന്നുമാണ് ജന്മഭൂമിയുടെ നിലപാട്. തിങ്കളാഴ്ച മുഖപ്രസംഗത്തിലൂടെയാണ് കേന്ദ്രമന്ത്രിയെ ബിജെപി മുഖപത്രം രൂക്ഷമായി ആക്രമിച്ചത്. നരേന്ദ്രമോഡി മന്ത്രിസഭയിലേക്ക് അല്‍ഫോണ്‍സിനെ ഉള്‍പ്പെടുത്തിയത് ബിജെപിയില്‍ വലിയ എതിര്‍പ്പുണ്ടാക്കിയിരുന്നു.

കേരളത്തിലെ ബിജെപി നേതൃത്വത്തിന് അല്‍ഫോണ്‍സിനോടുള്ള അതൃപ്തി അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് 'ഇക്കുറി മാവേലി വന്നില്ല' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലെ പരാമര്‍ശങ്ങള്‍.
ദുരിതാശ്വാസ ക്യാമ്പില്‍ അല്‍ഫോണ്‍സ് കണ്ണന്താനം ഒരു രാത്രി ഉറങ്ങിയതിനെയും മുഖപ്രസംഗം പരിഹസിക്കുന്നുണ്ട്.

ഇതിന് ആരുടെയും കയ്യടി കിട്ടിയില്ലെന്നും സമൂഹമാധ്യമത്തില്‍ കുറച്ച് കല്ലേറ് കിട്ടിയതുമാത്രമാണ് മെച്ചമെന്നും ജന്മഭൂമി പറയുന്നു. ' കേരളത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അല്‍പം കൂടി മിതത്വം പ്രകടിപ്പിക്കണമായിരുന്നു. യുഎഇ വാഗ്ദാനം ചെയ്ത 700 കോടി കേരളത്തിനുവേണം.

അത് സ്വീകരിക്കുന്നതിന് തടസ്സങ്ങളുണ്ടെങ്കില്‍ അത് നീക്കണം ഇതിനായി കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുകയാണ് എന്നൊക്കെ മന്ത്രി ക്യാമറയ്ക്കുമുന്നില്‍ വിളിച്ചു പറഞ്ഞു. മിടുക്കു കാട്ടാനായിരിക്കാം. പക്ഷേ അതിമിടുക്ക് അലോസരമാകും.'മുഖപ്രസംഗം പറയുന്നു. കേന്ദ്രമന്ത്രി പ്രതികരിക്കുമ്പോള്‍ വകതിരിവ് വേണ്ടെ എന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

കേന്ദ്രസര്‍ക്കാരിനെ ആക്ഷേപിച്ച് അര്‍ഹിക്കുന്നതുപോലും കിട്ടാത്ത സാഹചര്യം ഉണ്ടാക്കരുതെന്നും മുഖപ്രസംഗം ഭീഷണിമുഴക്കുന്നുണ്ട്. കാളപെറ്റു എന്നു കേട്ടപാടെ പ്രതിഷേധ പ്രളയമാണ് ഉണ്ടായതത്രേ. കേന്ദ്രസര്‍ക്കാര്‍ പണം സ്വീകരിക്കാത്തത് യുഎഇ മുസ്ലിം രാജ്യമായതിനാലാണെന്ന് പ്രചരണം ഉണ്ടായതായും മുഖപ്രസംഗം കണ്ടെത്തുന്നുണ്ട്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top