19 September Wednesday

കാത്തിരിപ്പുകള്‍ക്ക് വിട; ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jul 6, 2018

ആലപ്പുഴ > നീണ്ട കാത്തിരുപ്പിനൊടുവില്‍ ആലപ്പുഴ ബൈപ്പാസ് പൂര്‍ത്തീകരണ ഘട്ടത്തിലേക്ക് കടക്കുന്നു. കടല്‍തീരത്തിലൂടെ ഇത്ര നീളം കൂടിയ ഫ്‌ലൈഓവര്‍ ഉള്‍പ്പെടെയുള്ള ബൈപ്പാസ് ഒരു പക്ഷേ ഇന്ത്യയില്‍ തന്നെ ആദ്യമായിരിക്കാമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. 

നിര്‍മ്മാണ ഘട്ടങ്ങളില്‍ ചില തടസങ്ങള്‍ വന്നതിനെ തുടര്‍ന്ന് കരാറുകാരന് ആഗസ്ത് 31 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. സമയ പരിധിക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ആഗസ്റ്റ് 31 നുള്ളില്‍ പണി പൂര്‍ത്തീകരിക്കുന്നില്ലെങ്കില്‍ കരാറില്‍ സൂചിപ്പിക്കുന്ന പ്രകാരം 1.35 ലക്ഷം രൂപ ഒരു ദിവസം പിഴയീടാക്കാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നതിലൂടെ ആലപ്പുഴയിലൂടെ ദീര്‍ഘദൂര യാത്ര നടത്തുന്നവര്‍ക്ക് ആലപ്പുഴയിലെ ഗതാഗതകുരുക്ക് അനുഭവിക്കുന്നതില്‍ നിന്ന് മോചനമുണ്ടാകും. ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി വരുന്ന രണ്ടു റെയില്‍വേ മേല്‍പ്പാലങ്ങളുടെ പ്രവൃത്തികളില്‍ ഡിപിആര്‍ പ്രകാരം ഉപയോഗിക്കേണ്ട സ്റ്റീല്‍ ഗിര്‍ഡറുകള്‍ ലഭിക്കുന്നതിന് വളരെയധികം കാലതാമസുണ്ടാകുമെന്നതിനാല്‍ ഗ്രേഡ് മാറ്റി ഉപയോഗിക്കാനുള്ള അനുമതി പൊതുമരാമത്ത് വകുപ്പിന് റെയില്‍വേയില്‍ നിന്നു ലഭിച്ചു.

ആലപ്പുഴ ബൈപ്പാസ് സംബന്ധിച്ച് കളക്ട്രേറ്റില്‍ അവലോകന യോഗത്തില്‍ ഇക്കാര്യം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇ350 ബിഒ ക്കു പകരം ഇ350 ബിആര്‍ ഉപയോഗിക്കാനുള്ള അനുമതിയാണ് ലഭിച്ചത്. ആദ്യം ഡിസൈനില്‍ ഉള്‍പ്പെടുത്തിയ ഗ്രേഡിലുള്ള ഗിര്‍ഡറുകള്‍ ലഭിക്കാന്‍ അസാധാരണ കാലതാമസം ഉണ്ടാകുമെന്നതിനാലാണ് ഈ മാറ്റം.

പൊതുമരാമത്ത് സെക്രട്ടറി കമലവര്‍ദ്ധന റാവുവിനെ ഡല്‍ഹിയില്‍ റെയില്‍വേ അധികാരികളുമായി ചര്‍ച്ച ചെയ്യുന്നതിന് നിയോഗിച്ചിരുന്നു. ചര്‍ച്ച ചെയ്‌തതിന്റെ അടിസ്ഥാനത്തില്‍ സതേണ്‍ റെയില്‍വേയുടെ ചീഫ് ബ്രിഡ്ജ് എഞ്ചിനീയര്‍ 05.07.2018 ന് അനുമതി നല്‍കി.

ആലപ്പുഴ ബൈപ്പാസിന്റെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിച്ച് ഉടന്‍ തന്നെ ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിനായി ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവിലെ എസ്റ്റിമേറ്റ് പ്രകാരം പണി പൂര്‍ത്തിയായപ്പോള്‍ പ്രദേശങ്ങളിലുണ്ടായ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവശ്യമായ മാറ്റങ്ങള്‍ക്ക് സ്‌കോപ്പ് ഓഫ് ചെഞ്ചില്‍ ഉള്‍പ്പെടുത്തി ബൈപ്പാസിന്റെ ഇരുവശങ്ങളിലും സര്‍വ്വീസ് റോഡ് നിര്‍മ്മിക്കുന്നതിനും ഓടകള്‍ ഉള്‍പ്പെടെയുള്ള ആവശ്യമായ മാറ്റങ്ങള്‍ക്ക് എസ്റ്റിമേറ്റ് സമര്‍പ്പിക്കുവാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top