20 September Thursday

എ കെ ജിക്ക് സ്‌മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Friday Mar 23, 2018

എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ കാൾടെക് സിലെ എ കെ ജി പ്രതിമയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന


തിരുവനന്തപുരം > കമ്യൂണിസ്റ്റ്‐ കർഷകപ്രസ്ഥാനത്തിന്റെ സമുന്നത നേതാവും പാവങ്ങളുടെ പടത്തലവനുമായിരുന്ന എ കെ ജിക്ക് നാടിന്റെ സ്മരണാഞ്ജലി. പ്രഭാതഭേരി, പതാക ഉയർത്തൽ, അനുസ്മരണ യോഗങ്ങൾ, കമ്യൂണിസ്റ്റ് കുടുംബസംഗമങ്ങൾ, കലാ‐ കായിക പരിപാടികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളോടെയാണ് 41‐ാം ചരമവാർഷികത്തിൽ ജനങ്ങൾ എ കെ ജിയുടെ ദീപ്തസ്മരണ പുതുക്കിയത്. സിപിഐ എമ്മിന്റെയും വിവിധ വർഗ‐ ബഹുജന സംഘടനകളുടെയും ഓഫീസുകളും പ്രധാന കവലകളും തൊഴിലിടങ്ങളും കൊടി‐ തോരണങ്ങളാൽ അലങ്കരിച്ചു.

സിപിഐ എം സംസ്ഥാനകമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിൽ കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസൻ പതാക ഉയർത്തി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധർ സ്മാരകമന്ദിരത്തിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പതാക ഉയർത്തി. പട്ടം പൊട്ടക്കുഴി എ കെ ജി പാർക്കിലെ എ കെ ജി പ്രതിമയിൽ ആനാവൂർ നാഗപ്പൻ പുഷ്പാർച്ചന നടത്തി.

കണ്ണൂർ കാൽടെക്സിലെ എ കെ ജി പ്രതിമയിൽ രാവിലെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പുഷ്പചക്രം അർപിച്ചു. പഴയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് പ്രകടനമായാണ് നേതാക്കളും സ്ത്രീകളടക്കമുള്ള നൂറുകണക്കിന് പ്രവർത്തകരും പുഷ്പാർച്ചനയ്ക്കെത്തിയത്. കോടിയേരി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം വി ഗോവിന്ദൻ അധ്യക്ഷനായി.

എ കെ ജിയുടെ ജന്മനാടായ പെരളശേരിയിൽ വൈകിട്ട് ആയിരങ്ങൾ അണിനിരന്ന ബഹുജന റാലിയും അനുസ്മരണ സമ്മേളനവും നടന്നു. ഐവർകുളത്തെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയ്ക്കുശേഷമായിരുന്നു ചുവപ്പുവളണ്ടിയർമാർച്ചും ബഹുജന പ്രകടനവും. പെരളശേരി എ കെ ജി നഗറിൽ അനുസ്മരണ സമ്മേളനം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സംഘചേതനയുടെ 'കോലം' നാടകവും അരങ്ങേറി.

അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി മുഹമ്മയിൽ നടന്ന പൊതുയോഗവും കുംടുംബസംഗമവും എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു. ദിനാചരണ കമ്മിറ്റി പ്രസിഡന്റ് എസ് രാധാകൃഷ്ണൻ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ എംപി, ആലപ്പുഴ ജില്ലാ ആക്ടിങ് സെക്രട്ടറി ആർ നാസർ എന്നിവർ സംസാരിച്ചു. മുഹമ്മ ചീരപ്പൻചിറയിൽ എ കെജി യുടെ സ്മാരകമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ വൈക്കം വിശ്വൻ, പി കരുണാകരൻ, എ കെ ജിയുടെ മകൾ ലൈല, ചെറുമകൾ ദിയ, സുശീല ഗോപാലന്റെ സഹോദരി സി കെ സരോജനിയമ്മ എന്നിവർ പങ്കെടുത്തു.
 

പ്രധാന വാർത്തകൾ
Top