21 June Thursday

നാദിര്‍ഷായെ ഇന്ന് ചോദ്യം ചെയ്യും : ജാമ്യം തേടി ദിലീപ് വീണ്ടും അങ്കമാലി കോടതിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 15, 2017

കൊച്ചി >  ഹൈക്കോടതി രണ്ടുവട്ടം തള്ളിയ ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും വിചാരണക്കോടതിയായ അങ്കമാലി മജിസ്ട്രേട്ട് കോടതിയെ സമീപിച്ചു. ഗൂഢാലോചനാക്കുറ്റം മാത്രമാണ് തനിക്കെതിരെ ഉള്ളതെന്നും അറസ്റ്റിലായി 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്നും അഭ്യര്‍ഥിച്ചാണ് അപേക്ഷ.

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ് വ്യാഴാഴ്ച അഡ്വ. രാമന്‍പിള്ളവഴിയാണ് മജിസ്ട്രേട്ട് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. അപേക്ഷ ശനിയാഴ്ച പരിഗണിക്കും. അതേസമയം, ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ വെള്ളിയാഴ്ച അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരാകും. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണിത്.

അറുപതു ദിവസമായി താന്‍ അന്വേഷണവുമായി സഹകരിക്കുകയാണെന്നും ആദ്യഘട്ടത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്കപ്പുറം ഒന്നും പൊലീസ് കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപിന്റെ വാദം. നടിയെ പീഡിപ്പിക്കുന്ന ചിത്രം പകര്‍ത്താനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നതുമാത്രമാണ് തനിക്കെതിരായ കുറ്റം. കേസിലെ മറ്റു പ്രതികളാണ് നടിയെ പീഡിപ്പിച്ചത്. തനിക്കെതിരെ അത്തരമൊരു ആരോപണവും പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചിട്ടില്ലെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.

നേരത്തെ രണ്ടുതവണ ഹൈക്കോടതിയും ഒരുതവണ അങ്കമാലി മജിസ്ട്രേട്ട് കോടതിയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ച അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കി. ദിലീപിന്റെ റിമാന്‍ഡ് കാലാവധി ശനിയാഴ്ചയാണ് അവസാനിക്കുന്നത്. ഈ ദിവസം ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.
വെള്ളിയാഴ്ച രാവിലെ 10ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ നാദിര്‍ഷാ ഹാജരാകണമെന്നും തിങ്കളാഴ്ചവരെ അറസ്റ്റ്ചെയ്യാന്‍ പാടില്ലെന്നുമാണ് കഴിഞ്ഞദിവസം ഹൈക്കോടതി നിര്‍ദേശിച്ചത്. നാദിര്‍ഷാ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.

സിബിഐ അന്വേഷണം: സര്‍ക്കാരിന്റെ വിശദീകരണം തേടി
കൊച്ചി > നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജിക്കാരന് കേസില്‍ എന്താണ് താല്‍പ്പര്യമെന്ന് വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇടപ്പള്ളി സ്വദേശി റോയി മാമ്മന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് സുനില്‍ തോമസ് പരിഗണിച്ചത്. കേസ് 28ന് പരിഗണിക്കാന്‍ മാറ്റി.

രാമലീലയ്ക്ക് പൊലീസ് സംരക്ഷണമില്ല
കൊച്ചി > ദിലീപ് നായകനായ രാമലീല പ്രദര്‍ശിപ്പിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ ആവശ്യമാണ് ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, ദമ ശേഷാദ്രി നായിഡു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിരസിച്ചത്. സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് തടസ്സം നേരിടാത്ത സാഹചര്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഏതെങ്കിലും തിയറ്ററുകള്‍ സിനിമ പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് നിലപാട് സ്വീകരിച്ചാല്‍ അക്കാര്യത്തില്‍ കോടതിക്ക് എങ്ങനെ ഇടപെടാന്‍ കഴിയുമെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

ജനരോഷം ഭയന്ന് ദിലീപിനെ പൊലീസ് കോടതിയില്‍ നേരിട്ട് ഹാജരാക്കുന്നത് ഒഴിവാക്കിയിരിക്കുകയാണെന്നും ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിച്ച നടന്‍ ശ്രീനിവാസന്റെ വീടിന് നേരെ ആക്രമണം നടന്നുവെന്നും ഹര്‍ജിഭാഗം വാദിച്ചെങ്കിലും അനുകൂല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി വിസമ്മതിച്ചു. പൊലീസ് സംരക്ഷണം തേടി തിയറ്ററുകളാണ് കോടതിയെ സമീപിക്കേണ്ടതെന്നും നിര്‍മാതാവല്ലെന്നും വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു.

സെപ്തംബര്‍ 21ന് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചെങ്കിലും അക്രമം ഭയന്ന് റിലീസ് മാറ്റിയതാണെന്നും ഹര്‍ജിഭാഗം കോടതിയില്‍ ബോധിപ്പിച്ചു. മറ്റ് ചില ചിത്രങ്ങള്‍ക്കെതിരെയും സമാന ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും ഹര്‍ജിഭാഗം അറിയിച്ചു.

ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച കോടതി, സിനിമയുടെ പ്രദര്‍ശനം തടഞ്ഞാല്‍ നിര്‍മാതാവിന് വീണ്ടും കോടതിയെ സമീപിക്കാവുന്നതാണെന്ന് വ്യക്തമാക്കി.

2012 മുതല്‍ ദിലീപ് നടിയുമായി അകല്‍ച്ചയിലെന്ന് ലിബര്‍ട്ടി ബഷീര്‍
കൊച്ചി > ആക്രമിക്കപ്പെട്ട നടിയുമായി 2012 മുതല്‍ ദിലീപ് അകല്‍ച്ചയിലായിരുന്നെന്ന് നിര്‍മാതാവും തിയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കി. വ്യാഴാഴ്ച രാവിലെയാണ് അന്വേഷണസംഘം ലിബര്‍ട്ടി ബഷീറിന്റെ മൊഴിയെടുത്തത്. മൊഴിയെടുക്കല്‍ രണ്ടുമണിക്കൂറോളം നീണ്ടു.

ദിലീപിന്റെ ദാമ്പത്യബന്ധം തകരാനിടയായതിനെക്കുറിച്ചും ദിലീപിന് കാവ്യയുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും ലിബര്‍ട്ടി ബഷീര്‍ മൊഴി നല്‍കി. കാവ്യയുമായി ബന്ധമുണ്ടായിരുന്ന വിവരം ആക്രമിക്കപ്പെട്ട നടി മഞ്ജു വാര്യരെ അറിയിച്ചതിനെത്തുടര്‍ന്നാണ് അവര്‍ തമ്മിലുള്ള ബന്ധം തെറ്റിയതെന്നും ബഷീര്‍ മൊഴി നല്‍കി.

ആക്രമിക്കപ്പെട്ട നടിയുമായി അകന്ന ദിലീപ് അവരെ സിനിമകളില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചുവെന്നും മൊഴിയില്‍ ആരോപിച്ചു. തിയറ്റര്‍ ഉടമകളുടെ സംഘടനയെച്ചൊല്ലി ദിലീപുമായി തര്‍ക്കം ഉണ്ടായിരുന്നെങ്കിലും വ്യക്തിപരമായി തനിക്ക് ശത്രുതയില്ലായിരുന്നു. അറസ്റ്റിലായതിന്റെ തലേദിവസവും ദിലീപുമായി താന്‍ ഫോണില്‍ ബന്ധപ്പെട്ടെന്ന് ബഷീര്‍ മൊഴി നല്‍കി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top