17 August Friday

അഭിമന്യു വധം : നേതൃത്വം ക്യാമ്പസ്‌ ഫ്രണ്ട്‌ സംസ്ഥാന സെക്രട്ടറിക്ക്‌

ഡി ദിലീപ‌്Updated: Friday Jul 20, 2018

കൊച്ചി
മഹാരാജാസിലെ എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിനെ കുത്തിക്കൊന്ന സംഘത്തിന‌് നേതൃത്വം നൽകിയത‌്  ക്യാമ്പസ‌് ഫ്രണ്ട‌് സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ‌് റിഫ. പൂത്തോട്ട എസ‌്എൻ ലോ കോളേജിലെ വിദ്യാർഥിയും ക്യാമ്പസ‌് ഫ്രണ്ട‌് സംസ്ഥാന സെക്രട്ടറിമാരിലൊരാളുമായ ഇയാളാണ‌് അഭിമന്യുവിന്റെ വധത്തിന‌് നേതൃത്വം നൽകിയതെന്ന‌് കഴിഞ്ഞ ദിവസം പിടിയിലായ പ്രധാന പ്രതി മുഹമ്മദ‌് പൊലീസിന‌് മൊഴി നൽകി.

കണ്ണൂർ സ്വദേശിയായ റിഫ സംഭവശേഷം തലശേരിയിൽ എത്തിയതിനും  തെളിവ‌് ലഭിച്ചു. തലശേരിയിൽനിന്ന‌് കഴിഞ്ഞ ദിവസം പിടികൂടിയ ഷാനവാസാണ‌് ഇയാളെ രക്ഷിച്ചത‌്. ഇക്കാര്യം ഷാനവാസിന്റെ മൊഴിയിലുണ്ട‌്. എൽഎൽഎബി  രണ്ടാംവർഷ വിദ്യാർഥിയായ റിഫ കോളേജിൽ ഒരിക്കലും ക്യാമ്പസ‌് ഫ്രണ്ടിന്റെ പ്രവർത്തകനായിരുന്നില്ല. ക്യാമ്പസ‌് ഫ്രണ്ട‌് ബന്ധം മറച്ചുവയ‌്ക്കാൻ കോളേജിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചതുപോലും സ്വതന്ത്രനായിട്ടാണ‌്. കൊലപാതകത്തിനു ശേഷം  കോളേജിൽ എത്തിയിട്ടില്ലെന്നും  റിഫയെ സസ‌്പെൻഡ‌്ചെയ‌്തതായും കോളേജ‌് അധികൃതർ അറിയിച്ചു. 

കൊലപാതക ഗൂഡാലോചനയിൽ മഹാരാജാസിലെ ക്യാമ്പസ് ഫ്രണ്ട് വനിതാപ്രവർത്തകർക്കും പങ്കുണ്ടെന്ന‌് പൊലീസിന‌് സൂചന ലഭിച്ചു. അഭിമന്യുവിനെ കൊലപ്പെടുത്തിയ ദിവസവും അതിന് ശേഷവും വനിതാ പ്രവർത്തകർ മുഖ്യപ്രതി മുഹമ്മദുമായി തുടർച്ചയായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഈ സംഘത്തിലെ ഒരു പെൺകുട്ടി ഒളിവിലാണ‌്.

സംഭവത്തിൽ നേരിട്ട‌് പങ്കെടുത്ത  മുഹമ്മദിനെയും ആദിലിനെയും പൊലീസ‌്  വെള്ളിയാഴ‌്ച കസ‌്റ്റഡിയിൽ വാങ്ങും.  സംഭവത്തിന‌് ശേഷം ആലപ്പുഴയിലാണ‌് മുഹമ്മദ‌് ആദ്യം ഒളിവിലിരുന്നത‌്. തുടർന്ന‌് തിരുവനന്തപുരത്ത‌് എത്തി. അവിടെനിന്നാണ‌് ഗോവയിലേക്ക‌് പോയത‌്. ഷാനവാസിനെ കൂടാതെ ഫോർട്ട‌്കൊച്ചിയിൽ നിന്ന‌് പ്രതികളെ ഓട്ടോയിൽ രക്ഷപ്പെടാൻ സഹായിച്ച മട്ടാഞ്ചേരി സ്വദേശി സജീറിനെയും  അറസ‌്റ്റ‌് ചെയ‌്തു. ഇതോടെ  അറസ‌്റ്റിലായവരുടെ എണ്ണം 12 ആയി. കൊലപാതകത്തിൽ നേരിട്ട‌് പങ്കെടുത്ത അഞ്ചുപേർ ഇതുവരെ പിടിയിലായിട്ടുണ്ട‌്. മൂന്നുപേരെ സംഭവസ്ഥലത്തുനിന്ന‌് പിടികൂടിയിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top